ഏതു നിമിഷവും ജയിലടക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം - കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

ഏതു നിമിഷവും ജയിലടക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം - കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്
ആലുവ : സ്വതന്ത്രവും നീതിപൂര്‍വ്വവുമായ മാധ്യമ പ്രവര്‍ത്തനം ഇപ്പോള്‍ കേരളത്തില്‍ അസാധ്യമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് കേന്ദ്ര മന്ത്രി ഡോ.രാജ് കുമാര്‍ രഞ്ജന്‍ സിംഗിന് നിവേദനം നല്‍കി. ഹൃസ്വ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ മന്ത്രിയെ സംസ്ഥാന സെക്രട്ടറി രവീന്ദ്രന്‍ ബി.വി, എക്സിക്യുട്ടീവ്‌ അംഗം അജിതാ ജെയ്ഷോര്‍  എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആലുവാ പാലസിലെത്തി നേരില്‍ക്കണ്ടാണ് നിവേദനം നല്‍കിയത്. സൈബര്‍ പോരാളികളുടെ ഹീനമായ ആക്രമണങ്ങള്‍ക്ക് തങ്ങള്‍ ഇരയായ്ക്കൊണ്ടിരിക്കുകയാണ്. കായികമായിപ്പോലും ആക്രമിക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മൌനാനുവാദത്തോടെയാണ് ഇതൊക്കെ നടക്കുന്നത്. ഏതു നിമിഷവും തങ്ങള്‍ ജയിലടക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണം. കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. മാധ്യമ പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിവേദനത്തിലൂടെ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് കള്ളക്കേസുകള്‍ കെട്ടിച്ചമക്കുകയും മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിക്കുവാന്‍ ശ്രമിക്കുകയുമാണ്. കേരളം ഭരിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്നും കടുത്ത ഭീഷണിയാണ് തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഭരണകക്ഷിയില്‍പ്പെട്ട എം.എല്‍.എമാരാണ് ഇതിനു നേത്രുത്വം നല്‍കുന്നതെന്നും നിവേദനത്തില്‍ പറയുന്നു. മാധ്യമ അടിയന്തിരാവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ ചാനലിനെതിരെയും അതിന്റെ മാനേജിംഗ് എഡിറ്റർ ഷാജൻ സ്കറിയാക്കെതിരേയുമുള്ള  ഭീഷണികളും കള്ളക്കേസുകളും. കൂടാതെ ഏഷ്യാനെറ്റ് വനിതാ റിപ്പോർട്ടർ ദിവ്യ, മാതൃഭൂമിയിലെ രണ്ട് റിപ്പോർട്ടർമാര്‍, മനോരമ കൊല്ലം റിപ്പോർട്ടർ എന്നിവർക്കെതിരെയും കേരളാ പോലിസ് കള്ളക്കേസുകൾ എടുത്തിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത ചെയ്തതിനാണ്  ഇവരുടെയെല്ലാം പേരില്‍ കള്ളക്കേസുകള്‍ എടുത്തിട്ടുള്ളതെന്നും നിവേദനത്തിലൂടെ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ പത്ര - ടെലിവിഷന്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. കാലഹരണപ്പെട്ട കടലാസുകഷണവും സ്വീകരണമുറിയിലെ വിഡ്ഢിപ്പെട്ടിയും ജനങ്ങള്‍ പിന്തള്ളിക്കൊണ്ടിരിക്കുകയാണ്. വാര്‍ത്തകള്‍ വളച്ചൊടിക്കാതെ ചൂടോടെ നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ ജനങ്ങള്‍ നെഞ്ചോട് ചേര്‍ക്കുന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. വയറുനിറച്ച് ഭക്ഷണം കിട്ടിയാല്‍ ഏതുവാര്‍ത്തയും മുക്കുന്ന മാധ്യമ ധര്‍മ്മമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ അവലംബിക്കുന്നത്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഉടനടി വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നവരാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. മാധ്യമ മേഖലയില്‍ ചേരിതിരിവ്‌ സൃഷ്ടിക്കുവാനുള്ള നീക്കം മനോരമ ഉള്‍പ്പെടെയുള്ളവര്‍ അവസാനിപ്പിക്കണമെന്ന്  ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്‌.ശ്രീജിത്ത്‌ (റൌണ്ടപ്പ് കേരള), എക്സിക്യുട്ടീവ്‌ അംഗങ്ങളായ സജിത്ത് ഹിലാരി (സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24), അജിത ജെയ്ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവര്‍ പറഞ്ഞു.