മകനെ വിദേശത്തേക്ക് അയക്കാന്‍ പണം പലിശയ്ക്ക് എടുത്തു; പലിശ മുടങ്ങിയതോടെ പണം തിരികെ നല്‍കാന്‍ സമ്മര്‍ദ്ദം ശക്തമായി; കുളത്തില്‍ ചാടി ആത്മഹത്യ ചെയ്ത് വീട്ടമ്മ: ഒപ്പം ചാടിയ ഭര്‍തൃ സഹോദരനായുള്ള തിരച്ചില്‍ തുടരുന്നു
പാറശാല: പലിശക്കെണിയില്‍ വീണ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പം കുളത്തില്‍ ചാടിയെന്നു കരുതുന്ന ജന്മനാ അന്ധനും ബധിരനും മാനസിക വെല്ലുവിളി നേരിടുന്ന ആളുമായ ഭര്‍തൃസഹോദരനായി തിരച്ചില്‍ തുടരുന്നു. ചെങ്കല്‍ പോരന്നൂര്‍ തോട്ടിന്‍കര ചിന്നംകോട്ടുവിള വീട്ടില്‍ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി (55)യാണ് മരിച്ചത്. നാഗരാജന്റെ സഹോദരന്‍ നാഗേന്ദ്രനായി (55) രാത്രി വൈകിയും വീടിനു സമീപമുള്ള പെരുമ്ബല്ലി കുളത്തില്‍ തിരച്ചില്‍ തുടരുകയാണ്. കടത്തിന്റെ പലിശക്കെണി മൂലം ജീവനൊടുക്കിയെന്നാണ് സംശയം.
നാഗരാജന്‍ ആറു വര്‍ഷം മുമ്ബു മരിച്ചു. അന്നു മുതല്‍ സഹോദരനായ നാഗേന്ദ്രനെ പരിചരിച്ചിരുന്നത് സരസ്വതിയാണ്. പൂര്‍ണമായും പരസഹായം വേണ്ട നാഗേന്ദ്രനെ ജീവിതകാലമത്രയും പരിചരിച്ചിരുന്ന സരസ്വതി മരണത്തിലും ഒപ്പം കൂട്ടുകയായിരുന്നുവെന്നു കരുതുന്നു. ' തന്റെ മരണ ശേഷം മറ്റുള്ളവര്‍ക്ക് ബാധ്യതയാകും എന്ന ഭയം മൂലം നാഗേന്ദ്രനെ മരണത്തില്‍ ഒപ്പം കൂട്ടുന്നു ' എന്ന സരസ്വതിയുടെ ആത്മഹത്യക്കുറിപ്പ് വീട്ടില്‍ നിന്നു കണ്ടെത്തി.
മകനെ വിദേശത്തേയ്ക്ക് അയക്കാന്‍ എടുത്ത പലിശ പണം പെരുകിയതാണ് ആത്മഹത്യയിലെത്തിച്ചത്. ഒരു വര്‍ഷം മുന്‍പ് മകനെ വിദേശത്ത് അയക്കുന്നതിന് വേണ്ടി സരസ്വതി പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു. പലിശ മുടങ്ങിയതിനെ തുടര്‍ന്ന് പണം തിരിച്ച് നല്‍കാന്‍ സമ്മര്‍ദം ശക്തമായതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പണം നല്‍കേണ്ട അവസാന തീയതി ആയിരുന്നതായും സൂചനകള്‍ ഉണ്ട്. സരസ്വതിയുടെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Comments (0)