KSRTC യെ ഗട്ടറിൽ നിന്നും ആര് കര കയറ്റും :അഡ്വ.ഗണേഷ് പറമ്പത്ത് നാഷണൽ ചെയർമാൻ സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം
പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും ഗട്ടറിൽ വീണ് ഗുരുതരാവസ്ഥയിലുള്ള ഒരു സ്ഥാപനമാണ് KSRTC. ഒരു പൊതുമേഖലാ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വിവാദങ്ങളും പ്രതിസന്ധികളും സ്വഭാവികമാണുതാനും.എന്നാൽ KSRTC യുടെ പക്ഷത്തുനിന്ന് പ്രശ്ന പരിഹാരങ്ങൾക്കുള്ള ആത്മാർത്ഥമായ ശ്രമങ്ങളൊന്നും സർക്കാർ തലത്തിലും മാനേജ്മെന്റ് തലത്തിലും നടക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. "KSRTC അടച്ചുപൂട്ടേണ്ടി വരികയില്ല,അത് തനിയെ നിന്നുപോകു"മെന്ന് ട്രാൻസ്‌പോർട്ട് മന്ത്രിയും അടിവരയിട്ട് പറയുമ്പോൾത്തന്നെ സ്ഥാപനത്തോടുള്ള താല്പര്യക്കുറവ് വ്യക്തമാണ്.
പ്രതിമാസം 130 കോടിയോളം നഷ്ടത്തിലാണ് KSRTC ഓടുന്നതെന്നാണ് മാനേജ്മെന്റിന്റെ ഭാഷ്യം.അതിനിടയിലാണ് കേന്ദ്രം നിലവിലുണ്ടായിരുന്ന ഡീസൽ സബ്‌സിഡി എടുത്തുകളയുന്നതും അതുവഴി 96 ലക്ഷം രൂപയുടെ അധിക ബാധ്യത കോർപറേഷൻ തോളിലേറ്റേണ്ടിവന്നതും.KSRTC യുടെ പ്രതിദിന നഷ്ടം 5 കോടിയാണെന്ന് കണക്കാക്കപ്പെടുന്നു.അതുകൊണ്ടുതന്നെ ഇങ്ങനെയൊരു സ്ഥാപനത്തിന് നിലനിൽക്കാൻ അർഹതയില്ലെന്ന വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ ? വകുപ്പിന്റെയും തൊഴിലാളികളുടെയും പക്ഷത്തു നിന്നുകൊണ്ട് ആത്മാർത്ഥമായ പ്രശ്നപരിഹാരത്തിനു ശ്രമിച്ചാൽ റിസൾട്ട് ഉണ്ടാവില്ലേ. !!
1938 ൽ ശ്രീ.ചിത്തിരത്തിരുന്നാൾ ആണ് തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റ് ഉത്ഘാടനം ചെയ്തത്.1965 ലാണ് അത് സ്വയംഭരണാധികാരമുള്ള ട്രാൻസ്‌പോർട്ട് കോർപറേഷൻ ആയിമാറിയത്.ആദ്യമൊക്കെ പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് KSRTC പ്രവർത്തിച്ചിരുന്നത്.എന്നാൽ കാലം മാറിയതോടെ ലാഭത്തോടുകൂടി മുതൽ തിരിച്ചുപിടിക്കുക എന്ന മാനേജ്മെന്റ് രീതിയിലേക്ക് KSRTC മാറി, അഥവാ അങ്ങനെ മാറ്റി.അതോടെ തുടങ്ങി നിലയ്ക്കാത്ത പ്രശ്നങ്ങളും .മാറിവരുന്ന സർക്കാരിന്റെയും മാനേജ്മെന്റിന്റെയും കക്ഷിരാഷ്ട്രീയവും സാമ്പത്തിക താല്പര്യങ്ങളുമാണ് ഇന്ന് സ്ഥാപനത്തെ നിയന്ത്രിക്കുന്നത്.അതുതന്നെയാണ് KSRTC യുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണവും.ഇടയിൽ ഒട്ടും തൊഴിലാളി സൗഹൃദമല്ലാത്ത ട്രേഡ് യൂണിയൻ എന്ന താപ്പാനകളുമുണ്ട്.
1950 ലെ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ആക്ട് പ്രകാരം KSRTC ക്ക് ഒരു പബ്ലിക് യൂട്ടിലിറ്റി സർവീസ് ആയിട്ട് മാത്രമെ പ്രവർത്തിക്കാൻ കഴിയൂ.സമൂഹത്തിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്.അവർക്ക് ചെലവ് കുറഞ്ഞ സുരക്ഷിതയാത്ര ഉറപ്പ് വരുത്തുകയാണ് KSRTC യുടെ ചുമതല.ലാഭ നഷ്ടങ്ങളുടെ കണക്കുകൾ നോക്കിയല്ല ഏതൊരു യൂട്ടിലിറ്റി സർവീസുകളും പ്രവർത്തിക്കേണ്ടതും പ്രവർത്തിപ്പിക്കേണ്ടതും.പ്രഥമ പരിഗണന പൊതുജന സേവനത്തിനു തന്നെയായിരിക്കണം. പൊതു ധനമാണ് പൊതു ഗതാഗത സൗകര്യങ്ങൾക്ക് വേണ്ടിയും ചെലവഴിക്കുന്നത് എന്നത് തന്നെയാണ് അതിന് കാരണം.പൊതുജനാരോഗ്യവും പൊതു വിദ്യാഭ്യാസവും പോലെത്തന്നെ പ്രധാനമാണ് പൊതുഗതാഗതവും എന്ന തിരിച്ചറിവ് സർക്കാരിനും മാനേജ്മെന്റിനും ഉണ്ടാവണം.
സംസ്ഥാനത്ത് മറ്റ് പൊതുമേഖലാ ജീവനക്കാരെ അപേക്ഷിച്ചു ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നവരാണ് KSRTC തൊഴിലാളികൾ. സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം പോലും ഇവർക്ക് ലഭിക്കുന്നില്ല, എന്നിട്ടും എല്ലാ പരിമിതികൾക്കിടയിലും ചത്ത് പണിയെടുക്കേണ്ടി വരുന്ന ഒരു വിഭാഗമാണ് KSRTC തൊഴിലാളികൾ. 45000 ത്തോളം വരുന്ന തൊഴിലാളികൾ പ്രതിദിനം ശരാശരി 4.36 കോടി രൂപ വരുമാനമുണ്ടാക്കിക്കൊടുക്കുന്നു. എന്നിട്ടും ഇത്രയേറെ അവഗണിക്കപ്പെടുന്ന മറ്റൊരു വിഭാഗം ഉണ്ടെന്നു തോന്നുന്നില്ല.ട്രേഡ് യൂണിയനുകളുടെ പോലും പരിഗണനയിൽ ഇല്ലാത്ത ഈ വിഭാഗം തീർച്ചയായും മാനുഷിക പരിഗണന അർഹിക്കുന്നു. വരുമാന നഷ്ടത്തിന്റെയും പ്രതിസന്ധികളുടെയും പേര് പറഞ്ഞു ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുമ്പോഴും ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തുമ്പോഴും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് വാചാലരാകുന്നവരൊന്നും മിണ്ടുന്നുമില്ല പറയുന്നുമില്ല.
അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന തൊഴിലാളികളെ അധിക്ഷേപിക്കുകയല്ല വേണ്ടത്. ഡയസ്നോൻ പ്രഖ്യാപിച്ചു അവരുടെ അഭിമാന ബോധത്തെ മുറിവേൽപ്പിക്കുകയുമല്ല വേണ്ടത്. തൊഴിലാളികളെ കേൾക്കുകയും തുറന്ന മനസ്സോടെ സമവായ ചർച്ചകൾക്കുള്ള വാതിലുകൾ തുറന്നിടുകയും വേണം.തൊഴിലാളികൾ മാനേജ്മെന്റിനെയല്ലാതെ പ്രശ്നപരിഹാരത്തിനു പിന്നെ ആരെയാണ് സമീപിക്കേണ്ടത് !!
പ്രതിസന്ധിയുടെ പേര് പറയുന്നവർ സർക്കാർ KSRTC ക്ക് ആവശ്യമായ മൂലധന നിക്ഷേപം നടത്താത്തതിനെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്താണ് !! KSRTC യുടെ ബാധ്യതകൾ മാത്രം ഏറ്റെടുക്കുന്നതിനു പകരം KSRTC യെ മൊത്തമായിത്തന്നെ സർക്കാർ ഏറ്റെടുക്കുന്നതിനെക്കുറിച്ച് എന്തെ ചർച്ചകളൊന്നും ഉണ്ടാവുന്നില്ല!! തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുവാനും, പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര ഉറപ്പാക്കുവാനും, പെൻഷൻ മുടക്കം കൂടാതെ നൽകുവാനും KSRTC യെ സർക്കാർ വകുപ്പാക്കിയാൽ സാധിക്കില്ലേ!! 2000 ൽ വാട്ടർ ട്രാൻസ്‌പോർട്ട് സർക്കാർ വകുപ്പാക്കിയതിനെ തുടർന്ന് അത് വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നത് തന്നെ ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാനിക്കാവുന്നതാണ്.
ആദ്യം KSRTC യിലെ തട്ടിപ്പുകളും വെട്ടിപ്പുകളും ദുർവ്യയങ്ങളും അവസാനിപ്പിക്കണം.പിന്നെ സ്വകാര്യ ബസ് മേഖലയെ വളർത്താനുള്ള ഏജൻസിപ്പണി ചെയ്യുന്നതും അവസാനിപ്പിക്കണം.ദേശസാൽകൃത റൂട്ടുകൾ സംരക്ഷിക്കപ്പെടുകയും സുഖയാത്രയ്ക്ക് നല്ല ബസുകൾ ലഭ്യമാക്കുകയും അപ്രകാരം ജനങ്ങളെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കുകയും ചെയ്യണം. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുഗതാഗത സംവിധാനം നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം സാധാരണക്കാരും.അവർക്ക് സർക്കാർ സേവനങ്ങൾ ലഭിക്കാൻ അർഹതയും അവകാശവുമുണ്ട്. സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ഈഗോ പ്രശ്നങ്ങൾക്കിടയിൽ പൊതുജനങ്ങളോടും തൊഴിലാളികളോടുമുള്ള കടമകൾ മറന്നുപോകുന്നത് കഷ്ടമാണ്.
അഡ്വ.ഗണേഷ് പറമ്പത്ത്
നാഷണൽ ചെയർമാൻ
സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം
Comments (0)