എടയാർ വ്യവസായ മേഖല കേന്ദ്രീകരിച്ച് വെളിച്ചെണ്ണയിൽ മായം ചേർക്കാൻ മാരക വാന്റോയിൽ ഉത്പാദനം: കുറ്റക്കാരായ കമ്പനികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുക; എസ്ഡിപിഐ

എടയാർ വ്യവസായ മേഖല കേന്ദ്രീകരിച്ച് വെളിച്ചെണ്ണയിൽ മായം ചേർക്കാൻ മാരക വാന്റോയിൽ ഉത്പാദനം: കുറ്റക്കാരായ കമ്പനികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുക; എസ്ഡിപിഐ
കൊച്ചി:എടയാർ വ്യവസായ മേഖല കേന്ദ്രീകരിച്ച് വെളിച്ചെണ്ണയിൽ ചേർക്കുന്ന മാരക വിഷദ്രാവകമായ വാന്റോയിൽ നിർമ്മാണം വൻതോതിൽ നടക്കുന്നതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കമ്പനികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു. ഉപയോഗശൂന്യമായ കരി ഓയിലിൽ നിന്ന് നിർമ്മിക്കുന്ന വാന്റോയിൽ എന്ന കൊടും വിഷമാണ് വെളിച്ചെണ്ണ നിർമ്മാണത്തിലും മറ്റും ഉപയോഗിച്ച് വരുന്നത്.മലിനീകരണ നിയന്ത്രണ ബോർഡ്,ഭക്ഷ്യ, ആരോഗ്യ വകുപ്പ് എന്നിവയുടെ ഒത്താശയോടെയാണ് എടയാർ കേന്ദ്രീകരിച്ച് ഉപയോഗശൂന്യമായ കരി ഓയിൽ ആസിഡ് ഉപയോഗിച്ച് ശുദ്ധീകരിച്ചു വെളിച്ചെണ്ണ നിർമ്മാണത്തിനും മറ്റും ഉപയോഗിച്ച് വരുന്നത്. ആസിഡ് ഉപയോഗിച്ചുള്ള കരി ഓയിൽ സംസ്കരണം സർക്കാർ നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും നിയമത്തെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് എടയാർ മേഖലയിൽ ഉത്പാദനം നടന്നുകൊണ്ടിരിക്കുന്നത്. എടയാർ വ്യവസായ മേഖലയിൽ നിന്ന് തമിഴ്നാട്ടിലേക്ക് കയറ്റി അയക്കുന്ന വാന്റോയിൽ എന്ന ഈ കൊടും വിഷം യഥാർത്ഥ വെളിച്ചെണ്ണയുമായി മിക്സ്‌ ചെയ്ത് വിവിധ പേരിലുള്ള ബ്രാൻഡുകളായി കേരളത്തിൽ തന്നെ വിൽക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥ വെളിച്ചെണ്ണയുടെ വിലയേക്കാൾ കുറവായതുകൊണ്ട് സാധാരണക്കാരായ ആൾക്കാർ ഇത്തരത്തിലുള്ള വെളിച്ചെണ്ണ വ്യാപകമായി വാങ്ങി ഭക്ഷ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. ഇത്തരം ഓയിൽ കലർന്ന വെളിച്ചെണ്ണ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യവസ്തുക്കൾ ശരീരത്തിൽ കടന്നാൽ ക്യാൻസർ, ഉദര സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ മേഖലയിലെ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യമേഖലയിലുള്ള വിദഗ്ധർ ഇതിനെതിരെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഇതൊന്നും ചെവിക്കൊള്ളാതെയാണ് ഉദ്യോഗസ്ഥ മൗനാനുവാദത്തോടെ കമ്പനികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ പ്രസ്തുത കമ്പനിയിൽനിന്ന് 10 അടി താഴ്ചയിൽ 4 ഇഞ്ച് പൈപ്പ് സ്ഥാപിച്ച് പെരിയാറിലേക്ക് കരി ഓയിലിന്റെ വേസ്റ്റ് ഒഴുക്കുന്നതായും റിപ്പോർട്ടുണ്ട്. ആയതിനാൽ കുറ്റക്കാരായ കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഫൈസൽ പോട്ട,സെക്രട്ടറി സിയാദ് എരമം, റഷീദ് മുപ്പത്തടം, സാദിഖ് ഉമർ ,നിസാർ, ഷാജി എരമം,ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.