താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടര്‍ അറസ്റ്റില്‍

താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടര്‍ അറസ്റ്റില്‍

കോട്ടയം: താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുന്നതിന് കൈക്കൂലി വാങ്ങിയ ഡോക്ടര്‍ പിടിയിലായി. വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആണ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. വൈക്കം സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. എസ്. ആര്‍ ശ്രീരാഗിനെയാണ് വിജിലന്‍സ് കിഴക്കന്‍ മേഖല സൂപ്രണ്ട് വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.

തലയാഴം സ്വദേശിനിയുടെ പരാതിയിലാണ് വിജിന്‍സ് നടപടി സ്വീകരിച്ചത്. ഇവരുടെ ഭര്‍ത്താവിന് കലശലായ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ ഡോ ശ്രീരാഗിനെയാണ് ചികിത്സയ്ക്കായി സമീപിച്ചത്. ശ്രീരാഗില്‍ നിന്ന് ചികിത്സ തേടുകയും തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ അപ്പെന്‍ഡിക്സ് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തു.

ശസ്ത്ര ക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തിയില്ല. ഇതിനെ തുടര്‍ന്ന് ഡോക്ടറെ അദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തി കണ്ടു. ആ സമയത്ത് ശസ്ത്രക്രിയ നടത്തുന്നതിന് 5000 രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് 2500 രൂപ വാങ്ങി ശസ്ത്രക്രിയ നടത്തി.

എന്നാല്‍, വയറുവേദനയ്ക്ക് ശമനം ഉണ്ടായില്ല. ഇതോടെ വീണ്ടും ഡോക്ടറിനെ സമീപിച്ചു. ആ സമയത്ത് വീണ്ടും ഒരു ഓപ്പറേഷന്‍ കൂടി നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതിനായി വീണ്ടും 2500 രൂപ കൂടി നല്‍കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതോടെ വിജിലന്‍സില്‍ പരാതി നല്‍കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവത്തെക്കുറിച്ച്‌ വിജിലന്‍സില്‍ പരാതി നല്‍കി.

വിജിലന്‍സില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ രൂപ നല്‍കി. ഈ തുക ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയില്‍ എത്തി കൈമാറുകയായിരുന്നു. പരിശോധനയില്‍ മേശയ്ക്കുള്ളില്‍ നിന്ന് തുക കണ്ടെടുത്ത വിജിലന്‍സ് സംഘം ഡോക്ടറെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഡി വൈ എസ് പി വി ജി രവീന്ദ്ര നാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ റിജോ പി ജോസഫ്, രാജേഷ് കെ എന്‍, സജു എസ് ദാസ്, സബ് ഇന്‍സ്പെക്ടര്‍മാരായ വിന്‍സെന്റ്, സന്തോഷ് കുമാര്‍ കെ, പ്രസന്ന കുമാര്‍, അനില്‍ കുമാര്‍ റ്റി കെ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടി കൂടിയത്. വിജിലന്‍സ് കോടതിയില്‍ ചൊവ്വാഴ്ച പ്രതിയെ ഹാജരാക്കും.