തിരക്കില്‍ വീര്‍പ്പുമുട്ടി ചെറായി ബീച്ച്: തുടര്‍ വികസനം അകലെ
വൈപ്പിന്‍ :പുതിയ ടൂറിസം സീസണ്‍ ആരംഭിച്ചത് കൊണ്ടും കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അയവ് വന്നതോടെയും സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചു കൊണ്ടിരിക്കുന്ന ചെറായി ബീച്ചില്‍ തുടര്‍ വികസനം അകലെ.ദിനം പ്രതി ആയിരങ്ങള്‍ എത്തുന്ന ചെറായി തീരത്ത് പദ്ധതികള്‍ ഇല്ലാതെ വന്നതോടെ സ്‌ഥലപരിമിതികൊണ്ടും ഗതാഗതക്കുരുക്കുകൊണ്ടും സന്ദര്‍ശകര്‍ക്ക് വീര്‍പ്പുമുട്ടുന്നു.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ആരംഭ ദിശയില്‍ രൂപകല്‍പ്പന ചെയ്‌ത ഇന്നും 500 മീറ്റര്‍ നടപ്പാത മാത്രമെ ഈ ബീച്ചില്‍ ഇപ്പോഴും ഉള്ളു. താഴെ തീരത്തെ മണ്ണുകള്‍ ഭൂരിഭാഗ ഇടങ്ങളിലും ഒലിച്ച് പോയതിനാല്‍ ഇവിടെ മുഴുവന്‍ കരിങ്കല്ലുകളാണ് . ഇതുമൂലം എല്ലാവര്‍ക്കും തീരത്ത് ഇറങ്ങി കടല്‍ ആസ്വദിക്കാന്‍ ആകുന്നില്ല.
ഇതിനു പരിഹാരമായി ബീച്ചിലെ നടപ്പാതെ വടക്കോട്ടും തെക്കോട്ടുമായി പരമാവധി നീട്ടണമെന്നാണ് ഇവിടെയെത്തുന്ന ടൂറിസ്‌റ്റുകളുടെ ഏറ്റവും വലിയ ആവശ്യം.
മാത്രമല്ല തീരം നഷ്‌ടപ്പെടാതിരിക്കാന്‍ രണ്ട് പുലിമുട്ടുകളും ഇവിടെ ആവശ്യമാണത്രേ. ഇത് ബീച്ചിനു മോടികൂട്ടുക മാത്രമല്ല തീരത്തിനു സംരക്ഷണവുമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റൊരു പ്രധാന വിഷയം പാര്‍ക്കിംഗ് സൗകര്യത്തിന്റെ അപര്യാപ്‌തതയാണ്. നിലവിലുള്ള പാര്‍ക്കിംഗ് ഏരിയായില്‍ 60 കാറുകള്‍ക്ക് മാത്രമേ സൗകര്യമുള്ളു.
എന്നാല്‍ ഇവിടെ എത്തുന്ന കാറുകളാകട്ടെ ഇതിന്റെ പതിന്മടങ്ങാണ്. കൂടാതെ അവധി ദിവസങ്ങളില്‍ ഏതാണ്ട് 4000ല്‍ പരം സന്ദര്‍ശകര്‍ ഇവിടെയെത്തുന്നതായാണ് കണക്ക്. വിശേഷ ദിനങ്ങളില്‍ ഇത് കൂടും. ഇതുമൂലം തിരക്കുള്ള ദിനങ്ങളില്‍ പലപ്പോഴും മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ആകുന്നത് ഇവിടെ പതിവായിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കണമെന്ന ആവശ്യവും ശക്‌തമാണ്. ഇതിനായി തെക്ക് മാറി കടല്‍ഭിത്തിയോട് ചേര്‍ന്നുള്ള ഭാഗത്ത് ടൂവീലര്‍ പാര്‍ക്കിംഗിനും വടക്ക് മാറി രണ്ട് ഏക്കറോളം ഭൂമിയില്‍ വലിയ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗിനും സൗകര്യമൊരുക്കണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ ഈ പറയുന്ന വടക്ക് ഭാഗത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടിനോട് ചേര്‍ന്ന് ശൗച്യാലയവും, ഫ്രഷ് വാട്ടര്‍ ബാത്ത് റൂമുകളും, കുട്ടികളുടെ പാര്‍ക്കും, കിയോസ്‌കുകളും സ്‌ഥാപിച്ചാല്‍ അതും പഞ്ചായത്തിനു വരുമാനമാകും.
ഒപ്പം കുടുംബശ്രീ വനിതകള്‍ ഉള്‍പ്പെടെ തദ്ദേശിയരായ നിരവധി പേര്‍ക്ക് ജോലിയും ലഭ്യമാകുമെന്ന് നിര്‍ദ്ദേശം വെക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
150ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്‌റ്റകള്‍ ചെറായി ബീച്ചില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ബീച്ചിനോടു് ചേര്‍ന്ന് റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളുമായി ഏകദേശം 70 ഓളം സ്‌ഥാപനങ്ങള്‍ ഉള്ളതിനാല്‍ രാത്രിയായാലും ബീച്ചില്‍ ഒറ്റയ്‌ക്കും, കൂട്ടായുമുള്ള ടൂറിസ്‌റ്റുകളുടെ സാന്നിദ്ധ്യമുണ്ട്. ഇവര്‍ക്കെല്ലാം കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഗ്രാമപഞ്ചായത്തും ടൂറിസം വകുപ്പും തയ്യാറായില്ലെങ്കില്‍ ചെറായി ബീച്ചില്‍ നിന്നും ടൂറിസ്‌റ്റുകള്‍ അകന്ന് പോകുമെന്ന മുന്നറിയിപ്പും വികസന നിര്‍ദ്ദേശം വെക്കുന്നവര്‍ നല്‍കുന്നുണ്ട്.
Comments (0)