"വിജിലന്‍സ് കോടതി നിയമനത്തില്‍ ഹൈക്കോടതിക്ക് അധികാരമില്ല" സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
കൊച്ചി : വിജിലന്‍സ് സ്‌പെഷല്‍ കോടതികള്‍, എന്‍ക്വയറി കമ്മിഷന്‍ ഓഫീസുകള്‍, വിജിലന്‍സ് ട്രിബ്യൂണലുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെ നിയമനങ്ങളില്‍ ഹൈക്കോടതിക്ക് ഇടപെടാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി രജിസ്‌ട്രാറാണ് എതിര്‍കക്ഷി.
ഹൈക്കോടതി ഉത്തരവ് ഭരണഘടനയുടെ 227-ാം വകുപ്പിന്റെ ലംഘനവും സംസ്‌ഥാന സര്‍ക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റവുമാണെന്നു വാദിച്ചാണ് അപ്പീല്‍ നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉപദേശം അവഗണിച്ചാണു നടപടി. വിജിലന്‍സ് കോടതികളിലെ ഉദ്യോഗസ്‌ഥ നിയമനം ഹൈക്കോടതിക്കു കീഴിലായാല്‍ രാഷ്‌ട്രീയ ഇടപെടല്‍ നടക്കില്ലെന്ന കണക്കുകൂട്ടലിലാണു സര്‍ക്കാര്‍ നീക്കമെന്ന് ആക്ഷേപമുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വിജിലന്‍സിനെ രാഷ്‌ട്രീയ ചട്ടുകമാക്കുകയാണെന്നു ഹൈക്കോടതി നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.
വിജിലന്‍സ് സ്‌പെഷല്‍ കോടതികള്‍, എന്‍ക്വയറി കമ്മിഷന്‍ ഓഫീസുകള്‍, വിജിലന്‍സ് ട്രിബ്യൂണലുകള്‍ എന്നിവയിലെ ജീവനക്കാരെ ഭരണവിഭാഗം, കോടതിവിഭാഗം എന്നിങ്ങനെ വേര്‍തിരിക്കണമെന്നും വിജിലന്‍സ് സ്‌ഥാപനങ്ങള്‍ക്കു ജൂഡീഷ്യല്‍ അധികാരമുള്ളതിനാല്‍ കോടതിവിഭാഗം നിയമനങ്ങളില്‍ ഹൈക്കോടതിക്ക് ഇടപെടാമെന്നായിരുന്നു ജസ്‌റ്റിസ് പി. ഉബൈദിന്റെ ഉത്തരവ്.
എന്നാല്‍ വിജിലന്‍സ് കോടതികളിലെ ഉദ്യോഗസ്‌ഥ നിയമനം നടത്താനുള്ള അധികാരം തങ്ങള്‍ക്കു മാത്രമാണെന്നാണു സര്‍ക്കാരിന്റെ വാദം. അഡ്വക്കേറ്റ് ജനറല്‍, ലോക്കല്‍ ഫണ്ട് ഓഡിറ്റിങ്, സെക്രട്ടേറിയറ്റ് ഓഫീസുകളില്‍ നിന്നുള്ള പി.എസ്.സി. റാങ്ക് ലിസ്‌റ്റില്‍ നിന്നാണു വിജിലന്‍സ് കോടതികളിലേക്കും സ്‌റ്റാഫിനെ നിയമിക്കുന്നത്. 1958-ലെ അഴിമതി നിരോധന നിയമത്തിന്റെ അടിസ്‌ഥാനത്തിലുള്ള 2012-ലെ സ്‌പെഷല്‍ റൂള്‍ പ്രകാരമാണു നിയമനം. അതില്‍ അഡ്‌മിനിസ്‌ട്രേറ്റീവ്, ജുഡീഷ്യല്‍ വിഭാഗം എന്നിങ്ങനെ തരംതിരിവില്ല. അഡ്‌മിസ്‌ട്രേറ്റീവ്, ജുഡീഷ്യല്‍ വിഭാഗം നിയമനങ്ങളെ രണ്ടായി കാണണമെന്ന ഹൈക്കോടതി വിധി 2012-ലെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ഇത്തരം നിയമനത്തിനു മാത്രമായി പ്രത്യേക റിക്രൂട്ട്‌മെന്റ് വേണ്ടിവരുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
തൃശൂര്‍ വിജിലന്‍സ് എന്‍ക്വയറി കമ്മിഷന്‍ ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയ ഹൈക്കോടതി ഉദ്യോഗസ്‌ഥര്‍ക്കു ഫയല്‍ കൈമാറാതിരുന്നതു വിവാദമായിരുന്നു. തങ്ങളുടെ നിയമനം സര്‍ക്കാരിനു കീഴിലായതിനാല്‍,അഡ്‌മിനിസ്‌ട്രേറ്റിവ് ഫയലുകള്‍ ഹൈക്കോടതിക്കു നല്‍കേണ്ടതില്ലെന്നായിരുന്നു മറുപടി. ഉദ്യോഗസ്‌ഥര്‍ വിവരം ഹൈക്കോടതി രജിസ്‌ട്രാര്‍ക്കു റിപ്പോര്‍ട്ട് ചെയ്‌തു. വിഷയം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവുണ്ടായത്. ആറ് എന്‍ക്വയറി കമ്മിഷനും രണ്ട് വിജിലന്‍സ് ട്രിബ്യൂണലുമാണു സംസ്‌ഥാനത്തുള്ളത്.
Comments (0)