കൊവിഡ് മാര്‍ഗ്ഗരേഖ പുതുക്കി കേന്ദ്രം: സ്വിമ്മിംഗ് പൂളുകള്‍ തുറക്കാം, പൊതുപരിപാടികളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം

കൊവിഡ് മാര്‍ഗ്ഗരേഖ പുതുക്കി കേന്ദ്രം: സ്വിമ്മിംഗ് പൂളുകള്‍ തുറക്കാം, പൊതുപരിപാടികളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം

ദില്ലി: കൂടുതല്‍ വിപുലമായ ഇളവുകളോടെ കേന്ദ്രസര്‍ക്കാര്‍ പുതിയ കൊവിഡ് മാര്‍ഗ്ഗരേഖ പുറത്തിറക്കി. പുതിയ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ കണ്ടെയ്ന്‍മെന്‍്റ് സോണിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ടാവും.

സിനിമാതിയേറ്ററുകളിലും ഇനി കൂടുതല്‍ പേരെ പ്രവേശിപ്പിക്കാം. മത,കായിക,വിദ്യാഭാസ,സാമൂഹിക പരിപാടികളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാനും അനുമതി നല്‍കി. നിലവില്‍ അന്‍പത് ശതമാനം പേര്‍ക്കാണ് ഒരേസമയം പ്രവേശനം അനുവദിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ അടച്ചിട്ടിരുന്ന സ്വിമ്മിംഗ് പൂളുകള്‍ തുറക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

വിദേശ വിമാന യാത്രകളിലെ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതില്‍ വ്യോമയാന മന്ത്രാലയത്തിന് ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാം.

പുതിയ ഇളവുകള്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനങ്ങള്‍ക്ക് അകത്തും പുറത്തുമുള്ള യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവും ഇനി ഉണ്ടാകില്ലെന്നും അന്തര്‍ സംസ്ഥാന യാത്രകള്‍ക്കായി ഇനി പ്രത്യേക അനുമതി തേടേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാരിന്‍്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.