നൂതന സാങ്കേതിക സംവിധാനങ്ങളോടെ ഷേണായിസ് തിയേറ്റര്‍ വീണ്ടും തുറക്കുന്നു ; ഉദ്ഘാടന ദിവസം മൂന്ന് ചിത്രങ്ങള്‍

നൂതന സാങ്കേതിക സംവിധാനങ്ങളോടെ ഷേണായിസ് തിയേറ്റര്‍ വീണ്ടും തുറക്കുന്നു ; ഉദ്ഘാടന ദിവസം മൂന്ന് ചിത്രങ്ങള്‍

കൊച്ചി: ഷേണായീസ് തിയേറ്റര്‍ നൂതന സാങ്കേതിക സംവിധാനങ്ങളോടെ 12 ആം തീയതി മുതല്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തീയേറ്റര്‍ ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ സുരേഷ് ഷേണായ് അറിയിച്ചു. ഷേണായിസ് തിയേറ്റര്‍ എറണാകുളത്തെ ജനങ്ങളുടെ തീയേറ്ററാണ്. അതുകൊണ്ടു വലിയ രീതിയിലുള്ള ഉദ്ഘാടന പരിപാടികളൊന്നും നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങള്‍ തന്നെ ഉദ്ഘാടനം ചെയ്തു കയറിക്കോളുമെന്ന് സുരേഷ്‌ ഷേണായ് പറഞ്ഞു.

ഉദ്ഘാടന ദിവസമായ പന്ത്രണ്ടാം തീയതി അഞ്ചു തീയേറ്ററുകളുള്ള ഷേണായിസില്‍ യൂത്തിന്റെ മൂന്ന് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലക്കല്‍ നായകനായി അഭിനയിക്കുന്ന 'യുവം', അജു വര്‍ഗീസ്, ലെന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സാജന്‍ ബേക്കറി', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍', 'കുമ്ബളങ്ങി നൈറ്റ്‌സ്', 'അഞ്ചാംപാതിര' എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനുശേഷം മാത്യു തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തരുണ്‍ മൂര്‍ത്തിയുടെ 'ഓപ്പറേഷന്‍ ജാവ' എന്നീ ചിത്രങ്ങള്‍ക്കൊപ്പം ജയസൂര്യയുടെ 'വെള്ളവും പ്രദര്‍ശിപ്പിക്കും.

ഉദ്ഘാടന ദിവസം ഒരു തിയേറ്ററില്‍ 3 ഷോ മാത്രമേ ഉണ്ടാവുകയുള്ളൂ. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം രാത്രി 9:00 വരെ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. വലിയൊരു പ്രതിസന്ധി സമയത്ത് ധൈര്യമായി മുന്നോട്ടു വരികയും റിലീസ് ചെയ്യാന്‍ തയ്യാറാവുകയും ചെയ്ത മൂന്ന് പടങ്ങളുടെയും പ്രൊഡ്യൂസേഴ്‌സിനെ അഭിനന്ദിക്കുകയാണെന്ന് സുരേഷ് ഷേണായ് പറഞ്ഞു. തിയേറ്റര്‍ ഉടമ സംഘടനയായ ഫിയോക്കിന്റെ ട്രഷറര്‍ കൂടിയാണ് സുരേഷ് ഷേണായി.

ഒരുപാട് വെല്ലുവിളികള്‍ക്ക് ശേഷമാണ് സര്‍ക്കിള്‍ സ്‌ട്രെക്ച്ചറില്‍ ഷേണായിസിന്റെ പണി പൂര്‍ത്തിയാക്കിയത്. സര്‍ക്കിള്‍ മാതൃകയിലുള്ള ഷേണായിസ് തിയേറ്ററിനെക്കുറിച്ച്‌ കൊച്ചിയിലെ ജനങ്ങള്‍ക്ക് അറിയാം. ഷേണായിസിന്റെ മുഖച്ഛായ എന്ന് പറയുന്നത് സര്‍ക്കിള്‍ സ്‌ട്രെക്ചറാണ്. തീയറ്ററിന്റെ ഐഡന്റിറ്റിയാണത്. അതില്‍ തൊട്ടു ഒരു പൊളിച്ചെഴുത്തും പാടില്ലെന്ന് പലരും പറഞ്ഞു. അതൊരു വലിയ ടാസ്‌ക് ആയിരുന്നു. സര്‍ക്കിള്‍ സ്‌ട്രെക്ചര്‍ നിലനിര്‍ത്തിക്കൊണ്ട് പ്ലാന്‍ വരച്ചു അതില്‍ തിരുത്തല്‍ വരുത്തി പിന്നെയും പിന്നെയും വരച്ചു തിരുത്തി അങ്ങനെ സെലക്‌ട് ചെയ്തു പണി പൂര്‍ത്തിയാക്കി വന്നപ്പോഴേക്കും ഒരുപാട് താമസിച്ചു.