കളക്ടറുടെ നേതൃത്വത്തിൽ 40 ദിവസത്തിനിടെ പൂർത്തിയാക്കിയത് പദ്ധതികൾ
കൊച്ചി: 40 ദിവസം കൊച്ചി കോർപ്പറേഷന്റെ സാരഥിയായി ചുമതല നിർവഹിച്ച കലക്ടർ എസ്. സുഹാസ് പൂർത്തിയാക്കിയത് 31 പദ്ധതികൾ. അടിസ്ഥാനസൗകര്യ പദ്ധതികളാണ് കലക്ടറുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. പൂർത്തിയാക്കിയ പദ്ധതികളിൽ ഏറ്റവും പ്രധാനമായത് അറുപത്തിയൊന്നാം ഡിവിഷനിലെ ഹോസ്പിറ്റൽ റോഡ് ടാർ ചെയ്തതാണ്. കൂടാതെ ഡിവിഷൻ 32 ലെ എസ് എസ് കെ എസ് റോഡ്, പോപ്പുലർ റോഡ് എന്നിവിടങ്ങളിലെ അഴുക്കുചാൽ നിർമ്മാണവും ടാറിങ് ജോലികളും പൂർത്തിയാക്കി.ഡിവിഷൻ ഒന്നിലെ സെന്റ് ജോർജ് റോഡ് ടൈൽ വിരിച്ച് ഗതാഗതയോഗ്യമാക്കുകയും ചെയ്തു.
പള്ളുരുത്തി, ഇടപ്പള്ളി, വൈറ്റില സോണുകളിലെ റോഡുകളുടെ പുനർനിർമ്മാണവും കളക്ടറുടെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തി. വരുമാന മേഖലയിൽ നികുതി ഇനത്തിൽ 4.25 കോടി രൂപയുടെ വരുമാനവും നഗരസഭക്ക് ലഭിച്ചു. സ്വത്ത് നികുതിയായി 3.47 കോടി രൂപയും, തൊഴിൽ നികുതിയായി 48 ലക്ഷം രൂപയും വാടക ഇനത്തില്‍ 29 ലക്ഷം രൂപയുമാണ് നേടിയത്. ഭരണനിർവ്വഹണത്തിൽ പുതിയ കൗൺസിലിനു വേണ്ടി മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി നൽകി.
ശുചിമുറി മാലിന്യ സംസ്കരണം കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളും പൂർത്തിയാക്കി. കൗൺസിൽ കാലാവധി പൂർത്തിയായ നവംബര്‍ 12 നാണ് കലക്ടറുടെ നേതൃത്വത്തിലുള്ള ഭരണ നിർവഹണ സമിതി കോർപ്പറേഷൻ ഭരണം ഏറ്റെടുത്തത്.
Comments (0)