പണം നൽകി രജിസ്റ്റർ ചെയ്ത് വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: കൊവിഡ് വാക്സിന്റെ പേരിൽ തട്ടിപ്പിന് സാധ്യതയുണ്ടെന്നും വഞ്ചിതരാകരുതെന്നുമുള്ള മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബർ കുറ്റവാളികൾ ഈ അവസരം ഉപയോഗിച്ചേക്കമെന്നും ജാഗ്രത പുലർത്തണമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബർ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. വാക്സിൻ ലഭിക്കാൻ പണം അടച്ച് രജിസ്റ്റർ ചെയ്യണമെന്ന സന്ദേശം മുഖേനയാണ് തട്ടിപ്പിന് ശ്രമം നടക്കുന്നതെന്ന് മുന്നറിയിപ്പുണ്ട്. കോവിഡ് വാക്സിൻ ആയി പണമടച്ച് രജിസ്റ്റർ ചെയ്യേണ്ടത് ഇല്ലെന്നും അത്തരം സന്ദേശങ്ങളെ അവഗണിക്കണം എന്നും സൈബർ സുരക്ഷ വിഭാഗം അറിയിച്ചു. വാക്സിൻ ആദ്യം ലഭിക്കാൻ പണം അടച്ച് രജിസ്റ്റർ ചെയ്യണം എന്ന് തെറ്റായ സന്ദേശങ്ങൾ ലഭിച്ചേക്കാം. വെബ്സൈറ്റ് ലിങ്ക് ഇമെയിൽ,ഫോൺവിളി, സന്ദേശം എന്നിവ വഴി ലഭിക്കുന്ന ഇത്തരം സന്ദേശങ്ങൾ അവഗണിക്കണം. ഔദ്യോഗിക കേന്ദ്രങ്ങൾ വഴി ലഭിക്കുന്ന നിർദ്ദേശങ്ങൾ മാത്രം പാലിക്കണം. കോവിഡ് വാക്സിൻ വിതരണം മറയാക്കി സൈബർ കുറ്റവാളികൾ തട്ടിപ്പു നടത്താൻ സാധ്യതയുണ്ടെന്നും വ്യാജ സന്ദേശങ്ങളിൽ വിശ്വസിച്ച് പണം നഷ്ടപ്പെടുത്തരുതെന്നും ആഭ്യന്തരമന്ത്രാലയത്തിൽ മുന്നറിയിപ്പിൽ പറയുന്നു.

 ആരോഗ്യപ്രവർത്തകർ, കൊവിഡ് പോരാളികൾ, 50 നു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ, മറ്റു ഗുരുതര രോഗമുള്ളവർ, എന്നിവർക്കാണ് ആദ്യം വാക്സിൻ ലഭിക്കുന്നത്. സംസ്ഥാന പ്രാദേശിക അധികൃതരുടെ സഹായത്തോടെ ഇത്തരം ആളുകളുടെ പേരുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. മുതിർന്ന പൗരന്മാരെ തിരിച്ചറിയാനായി ഏറ്റവും പുതിയ ലോകസഭാ നിയമസഭ വോട്ടർപട്ടികയാണ് അടിസ്ഥാനമാക്കിയത്. അതിനാൽ വാക്സിൻ ആദ്യം ലഭിക്കാൻ മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല എന്നും തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.