സ്വകാര്യ ഭൂമിയിലെ കണ്ടൽക്കാടുകൾ സർക്കാർ ഏറ്റെടുക്കുന്നു
കൊല്ലം:സംസ്ഥാനത്തെ സ്വകാര്യഭൂമിയിലെ കണ്ടൽക്കാടുകൾ സർക്കാർ ഏറ്റെടുക്കുന്നു. പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച ഉപദേശകസമിതിയുടെ ശുപാർശപ്രകാരമാണിത്. ആദ്യഘട്ടത്തിൽ കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് ഏറ്റെടുപ്പ്. റീബിൽഡ് കേരള ഇനിഷ്യറ്റീവിൽ നിന്ന് ഇതിനുള്ള ഫണ്ട് ചെലവഴിക്കും .കൊല്ലം ജില്ലയിലെ മൺറോത്തുരുത്ത്, വിൻസ്ൻറ് ഐലൻറ്, ആയിരംതെങ്ങ് എന്നിവിടങ്ങളിലെയും തൃശ്ശൂരിൽ പുല്ലൂട്ട് വില്ലേജിലെ തച്ചമ്പള്ളി പാലം ഭാഗം, ചേറ്റുവ പ്രദേശങ്ങളിലെയും കണ്ടൽക്കാടുകളാണ് ഏറ്റെടുക്കുന്നത്. പരിസ്ഥിതിലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ട കണ്ടൽപ്രദേശങ്ങളുടെ വിശദമായപട്ടികയും സമിതി സമർപ്പിച്ചിട്ടുണ്ട്.അടുത്തതായി കണ്ണൂർ, മലപ്പുറം ജില്ലകളിലായിരിക്കും ഏറ്റെടുക്കൽ. ഇതിനായി പ്രത്യേകസമിതി രൂപവത്കരിച്ചു. ഉടമകളുമായി ചർച്ചനടത്തിയാകും ഭൂമി വിലകൊടുത്ത് ഏറ്റെടുക്കുക. അതത് പ്രദേശത്തെ ഡി.എഫ്.ഒ.യുടെ നേതൃത്വത്തിലാകുംനടപടി. ആയിരം ഹെക്ടറോളം സ്വകാര്യഭൂമിയുണ്ട്.ഇതിൽ എത്രമാത്രം ഏറ്റെടുക്കാനാകുമെന്ന് പരിശോധിക്കുന്നുണ്ട്.ഇപ്പോഴുള്ള കണ്ടൽക്കാടുകളിൽ പകുതിയോളം സ്വകാര്യ ഉടമസ്ഥതയിലാണ്.
അവശേഷിക്കുന്ന കണ്ടലുകൾ ഏറ്റെടുത്തു സംരക്ഷിക്കാനാണ് നീക്കം.തദ്ദേശസ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സഹകരണത്തോടെയാകും പരിപാലിക്കുന്നത്.
Comments (0)