100 കോടി രൂപയുടെ അഴിമതി ; സര്‍ക്കാരിനോടും കെഎസ്ആര്‍ടിസിയോടും കോടതി വിശദീകരണം തേടി
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാരിനോടും കെഎസ്ആര്‍ടിസിയോടും ഹര്‍ജിയില്‍ കോടതി വിശദീകരണം തേടി.
ഇക്കാര്യങ്ങള്‍ പൊതുതാത്പര്യഹര്ജികളായി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഓഡിറ്റിലെ കണ്ടെത്തലുകള്‍ ഗൗരവമുളളതാണ്. ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പെട്ട എല്ലാ അഴിമതിയും പുറത്തു കൊണ്ട് വരണം. അന്വേഷണമാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കേസ് എടുക്കാന്‍ ഡി ജി പിയ്ക്ക് നിര്‍ദ്ദേശം നല്‍കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് എംഡി ബിജു പ്രഭാകര്‍ കോര്‍പ്പറേഷനിലെ 100 കോടിയുടെ അഴിമതിക്കഥ പുറത്തുപറഞ്ഞത്. മുന്‍ അക്കൗണ്ട്സ് മാനേജര്‍ ശ്രീകുമാറിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ആരോപണം.
എംഡിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്തെ കെഎസ്ആര്‍ടിസി സൂപ്പര്‍ വൈസര്‍ ജൂഡ് ജോസഫ് എന്നയാളാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇത്തരം ഹര്‍ജികള്‍ പൊതുതാത്പര്യ ഹര്‍ജികളായിട്ടാണ് സമര്‍പ്പിക്കേണ്ടതെന്ന് കോടതി ഹര്‍ജിക്കാരനെ ഓര്‍മിപ്പിച്ചു.
Comments (0)