തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനം 15-ന്‌ ഇറങ്ങിയേക്കും

തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനം 15-ന്‌ ഇറങ്ങിയേക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം അടുത്തമാസം 15 ന്‌ ഇറങ്ങിയേക്കും. ഏപ്രില്‍ 30നകം തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകുന്ന തരത്തിലാകും വിജ്‌ഞാപനം ഇറങ്ങുക. തെരഞ്ഞെടുപ്പു തീയതി തീരുമാനിക്കാനും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താനുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നീരീക്ഷക സംഘം അടുത്തയാഴ്‌ച കേരളത്തിലെത്തും.
മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ കാലാവധി തികയ്‌ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള അഞ്ച്‌ സംസ്‌ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനമാണ്‌ അടുത്ത മാസം നടക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നിരീക്ഷകസംഘം കേരളം സന്ദര്‍ശിച്ചതിന്‌ ശേഷം തെരഞ്ഞെടുപ്പു തീയതിയില്‍ അന്തിമ തീരുമാനം ഉണ്ടാകും. നിലവില്‍ പശ്‌ചിമ ബംഗാളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം അടുത്തയാഴ്‌ച അവസാനത്തോടെ കേരളം സന്ദര്‍ശിക്കും. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഒറ്റഘട്ടമായി നടപ്പിലാക്കാനാണ്‌ സാധ്യത. ഏപ്രില്‍ 30-നകം തെരഞ്ഞെടുപ്പുഫലം പുറത്തുവിട്ട്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയ പൂര്‍ത്തിയാകുന്ന തരത്തിലാകും വിജ്‌ഞാപനം പുറപ്പെടുവിപ്പിക്കുക. തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനം വരുന്ന അന്ന്‌ സംസ്‌ഥാനത്ത്‌ പെരുമാറ്റ ചട്ടം നിലവില്‍ വരും.
സംസ്‌ഥാനത്ത്‌ എത്തുന്ന കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പ്രതിനിധികളുമായി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌് കൂടിക്കാഴ്‌ച നടത്താന്‍ അവസരമുണ്ടാകും. വിവിധ പാര്‍ട്ടികളില്‍നിന്നു കേന്ദ്ര സംഘം ആശങ്കകളും ആക്ഷേപങ്ങളും പരാതികളും കൈപ്പറ്റും.
നേരത്തെ ജനുവരി 20, 21 തീയതികളിലായി കേന്ദ്രസംഘം എത്തുമെന്നായിരുന്നു അറിയിച്ചത്‌. പശ്‌ചിമ ബംഗാള്‍, അസം എന്നീ സംസ്‌ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള വരവ്‌ നീട്ടിവയ്‌ക്കുകയായിരുന്നു.