തിരുവല്ല സീറ്റിനായി കച്ചമുറുക്കി കോണ്‍ഗ്രസ്
തിരുവല്ല : തിരുവല്ല സീറ്റ് കോണ്‍ഗ്രസിന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് 15 മണ്ഡലം പ്രസിഡന്റുമാരും രണ്ട് ബ്‌ളോക്ക് പ്രസിഡന്റുമാരും ഡി.സി.സി. പ്രസിഡന്റിനും കെ.പി.സി.സി. തെരഞ്ഞെടുപ്പു കമ്മിറ്റിക്കും കത്ത് നല്‍കി.
കഴിഞ്ഞ മൂന്നുതവണയായി മത്സരിച്ച് തോറ്റ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്നാണ് ഇവരുടെ ആവശ്യം. മാമ്മന്‍ മത്തായിക്ക് ശേഷം ഇവിടെ കേരളാ കോണ്‍ഗ്രസില്‍നിന്ന് ആരും വിജയിച്ചിട്ടില്ലെന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോഴൊക്കെ കോണ്‍ഗ്രസിലെ ആന്റോ ആന്റണിക്ക് തിരുവല്ലയില്‍നിന്ന് 8000 വോട്ടിനുമേല്‍ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തവണ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയെ തിരുവല്ലയില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുമെന്നും അംഗങ്ങള്‍ ഒപ്പുവച്ച കത്തില്‍ ഇവര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
നിലവില്‍ കേരളാ കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിനാണ് തിരുവല്ല സീറ്റ്. പാര്‍ട്ടി സ്‌റ്റീയറിങ് കമ്മിറ്റിയംഗം കുഞ്ഞുകോശി പോള്‍, വിക്‌ടര്‍ ടി. തോമസ്, ജോസഫ് എം. പുതുശേരി, വര്‍ഗീസ് മാമ്മന്‍ എന്നിവര്‍ സീറ്റിനായി രംഗത്തുണ്ട്. പി.ജെ. ജോസഫിന്റെ വിശ്വസ്‌തനായ കുഞ്ഞുകോശി പോളിനാണ് മുന്‍തൂക്കമെന്നാണു സൂചന.
Comments (0)