അജൈവ പാഴ് വസ്തുക്കളുടെ ഏറ്റെടുക്കല്‍ ആരംഭിച്ചു

അജൈവ പാഴ് വസ്തുക്കളുടെ ഏറ്റെടുക്കല്‍ ആരംഭിച്ചു

പാലക്കാട്: ജില്ലയിലെ ശുചിത്വ പദവി നേടിയ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും എം.സി.എഫുകളില്‍ ശേഖരിച്ച്‌ സൂക്ഷിച്ച്‌ വച്ചിട്ടുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ പാഴ്‌വസ്തുക്കള്‍ സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്ബനി ലിമിറ്റഡ് (സി.കെ.സി.എല്‍) വില നല്‍കി ഏറ്റെടുക്കുന്ന പ്രവര്‍ത്തനം ജില്ലയില്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. പാഴ് വസ്തുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വില നിശ്ചയിച്ചതോടെയാണ് ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ഏകോപനത്തില്‍ ഹരിത കര്‍മ്മ സേനകള്‍ തരംതിരിച്ച്‌ ശേഖരിച്ച പാഴ് വസ്തുക്കളുടെ ഏറ്റെടുക്കല്‍ പ്രാവര്‍ത്തികമായത്. ജില്ലയിലെ 51 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും 30000 കിലോ പാഴ് വസ്തുക്കള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. ഇതിനായി ക്ലീന്‍ കേരള കമ്ബനിയുടെ ഗോഡൗണിനു പുറമെ പാലക്കാട്, മണ്ണാര്‍ക്കാട് ബ്ലോ്ക്കുകളുടെയും, പട്ടാമ്ബി നഗരസഭയുടെയും ആര്‍.ആര്‍.എഫുകളില്‍ എത്തിച്ച്‌ റീസൈക്ലിംഗ് ഏജന്‍സികള്‍ക്ക് കൈമാറുന്നതിനുള്ള പ്രവര്‍ത്തനം ജനുവരി 22 ന് പൂര്‍ത്തിയാകും.

പാഴ്‌വസ്തു വില്‍പ്പന വഴി ലഭിക്കുന്ന തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീകളുടെ സംഘടനാ സംവിധാനംകൂടിയായ ഹരിതകര്‍മ്മ സേനകളുടെ കണ്‍സോര്‍ഷ്യത്തിലാണ് ലഭ്യമാക്കുക. ഈ തുക കണ്‍സോര്‍ഷ്യത്തിലെ ഓരോ അംഗങ്ങള്‍ക്കും ലഭിക്കുന്ന വിധമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണനും, കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ടി.സെയ്തലവിയും അറിയിച്ചു. ജനുവരി 26 ന് ക്ലീന്‍ കേരള കമ്ബനി ഹരിതകര്‍മ സേനക്ക് പാഴ്‌വസ്തു വില്‍പ്പന വഴി ലഭിക്കുന്ന തുക ചെക്കായി കൈമാറും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.