ആലപ്പുഴ ബൈപാസ് ഉദ്ഘാടനം പുതുവര്‍ഷം ആദ്യം; കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി തുറക്കും: ജി. സുധാകരന്‍

ആലപ്പുഴ ബൈപാസ് ഉദ്ഘാടനം പുതുവര്‍ഷം ആദ്യം; കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി തുറക്കും: ജി. സുധാകരന്‍

ആലപ്പുഴ : ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. വ്യാഴാഴ്ച ബൈപാസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.പ്രധാനമന്ത്രി ഉദ്ഘാടനത്തിന് ആഗ്രഹം പ്രകടിപ്പിച്ച സ്ഥിതിക്ക് അദ്ദേഹത്തിന്റെ തീയതി ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണ്.മുഖ്യമന്ത്രി ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് ബൈപാസ് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ഡിസംബര്‍ അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തികളെല്ലാം അവസാനിക്കും. 90 വഴിവിളക്കുകളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡി.പി.ആറില്‍ ഉണ്ടായിരുന്നത്.അത് അപര്യാപ്തമായിരുന്നു. കൊമ്മാടി ജങ്ഷന്‍ മുതല്‍ കളര്‍കോട് ജങ്ഷന്‍ വരെ 6.5 കിലോമീറ്ററില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.പൊതുമരാമത്ത് ഫണ്ടില്‍നിന്നും 330 വഴിവിളക്കുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ആകെ 420 വഴിവിളക്കുകളാണ്. ജങ്ഷന്‍ വികസനം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. ഇവിടെ കൃത്യമായ ഗതാഗത സൗകര്യം നിലവില്‍വരും. സേഫ്റ്റി ഓഡിറ്റിങ് നടത്താന്‍ ചീഫ് എന്‍ജിനീയര്‍ റോഡ് സേഫ്റ്റി ഓഫ് അതോറിറ്റിക്ക് കത്ത് നല്‍കി. പുതുവര്‍ഷം ആദ്യംതന്നെ നാടിന് സമര്‍പ്പിക്കാന്‍ കഴിയും. മന്ത്രി പറഞ്ഞു.

കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി തുറക്കും

ജനുവരി ആദ്യം തന്നെ കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. പാലാരിവട്ടം പാലം പൊളിച്ച്‌ 100 വര്‍ഷം നിലനില്‍ക്കുന്ന പുതിയ പാലം 2021 മെയില്‍ തുറക്കാന്‍ സാധിക്കും.

എറണാകുളം മുതല്‍ കൊല്ലം വരെ ദേശീയപാതയില്‍ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍, ആലപ്പുഴ, കൊല്ലം ബൈപാസുകള്‍ എന്നിങ്ങനെയുള്ള വന്‍കിട നിര്‍മാണ പദ്ധതികളാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത്. മന്ത്രി പറഞ്ഞു. എല്‍ഡിഎഫില്‍ വിശ്വാസമുണ്ടെങ്കില്‍ ഏത് അം​ഗത്തിനും പിന്തുണയ്ക്കാമെന്ന് മാവേലിക്കര ന​ഗരസഭ സംബന്ധിച്ച്‌ മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.