വിജയരാഘവന്റെ മുതലക്കണ്ണീരില്‍ ഭൂരിപക്ഷ സമുദായം വീഴില്ല; അരാജകവാദികളെ ശബരിമലയില്‍ കയറ്റിയത് തെറ്റന്ന് സമ്മതിക്കണമെന്ന് കെ. സുരേന്ദ്രന്‍‍

വിജയരാഘവന്റെ മുതലക്കണ്ണീരില്‍ ഭൂരിപക്ഷ സമുദായം വീഴില്ല; അരാജകവാദികളെ ശബരിമലയില്‍ കയറ്റിയത് തെറ്റന്ന് സമ്മതിക്കണമെന്ന് കെ. സുരേന്ദ്രന്‍‍

തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയത അപകടമാണെന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ പാവപ്പെട്ട ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോഴിയുടെ സുരക്ഷ കുറുക്കന്റെ കൈയിലുള്ളത് പോലെയാണ് എസ്.ഡി.പി.ഐയുമായി സഖ്യം ചെയ്തുകൊണ്ട് ന്യൂനപക്ഷ വര്‍ഗീയത അപകടകരമാണെന്ന് പറയുന്നത്. കാപട്യം നിറഞ്ഞതാണ് വിജയരാഘവന്റെ ഹിന്ദു പ്രേമമെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

വിജയരാഘവന് രണ്ട് മാസമായി ഹിന്ദുക്കളോട് വലിയ പ്രേമമാണ്. ശബരിമലയില്‍ ഹിന്ദുക്കളെ വേട്ടയാടിയ പിണറായി സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് പരസ്യമായി പറയാന്‍ വിജയരാഘവന്‍ തയ്യാറാകുമോ? ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ പിണറായി പൊലീസ് എടുത്ത 25,000ല്‍ അധികം വരുന്ന കേസ് പിന്‍വലിക്കാന്‍ തയ്യാറാകുമോ? മനീതി സംഘത്തെയും അവിശ്വാസികളേയും അരാജകവാദികളേയും ശബരിമലയില്‍ പൊലീസിനെ ഉപയോഗിച്ച്‌ കയറ്റിയത് തെറ്റായിപ്പോയെന്ന് പറയാന്‍ തയ്യാറാകുമോ? തദ്ദേശ തിരഞ്ഞെടുപ്പിലെ എസ്.ഡി.പി.ഐ സഖ്യം തെറ്റാണെന്ന് സമ്മതിക്കാന്‍ സി.പി.എം തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഭൂരിപക്ഷ സമുദായം എന്നൊരു വിഭാഗം ഈ നാട്ടിലുണ്ടെന്ന് ഇതുവരെ സിപിഎമ്മിന് തോന്നിയിട്ടില്ല. ക്ഷേത്രങ്ങളുടെ മാത്രം പതിനായിരക്കണക്കിന് ഭൂമി എറ്റെടുത്ത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത് തെറ്റാണെന്ന് സമ്മതിക്കാന്‍ അവര്‍ ഇപ്പോഴും തയ്യാറായിട്ടില്ല. വര്‍ഗീയ ശക്തികളുമായുള്ള ബന്ധം വിച്ഛേദിക്കാനും അവര്‍ ഒരുക്കമല്ല. പാലോളി കമ്മിറ്റി രൂപീകരിച്ച്‌ മുസ്ലിങ്ങള്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി തെറ്റായിപ്പോയത് പറയാന്‍ തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

പലയിടത്തും മുസ്ലീം ലീഗുമായി വരെ സി.പി.എം അവിശുദ്ധ സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ തീവ്രവാദ വിരുദ്ധ പ്രചാരണത്തിന് പ്രസക്തിയില്ല. എന്നാല്‍ വര്‍ഗീയ ശക്തികളുടെ സമ്മര്‍ദ്ധത്തിന്റെ ഫലമായി പറഞ്ഞ കാര്യം വിഴുങ്ങുകയാണ് വിജയരാഘവന്‍ ചെയ്തത്. വിജയരാഘവന്റെ മുതലക്കണ്ണീര് കൊണ്ടൊന്നും ഈ നാട്ടിലെ ഭൂരിപക്ഷ സമുദായം വീഴുമെന്ന് കരുതുന്നുവെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം മനസിലാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.