കാന, സംരക്ഷണ ഭിത്തി നിര്‍മ്മാണത്തില്‍ ക്രമക്കേട്

കാന, സംരക്ഷണ ഭിത്തി നിര്‍മ്മാണത്തില്‍ ക്രമക്കേട്

ആലപ്പുഴ: കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ എഎസ് കനാല്‍ക്കരയിലൂടെ നിര്‍മ്മിക്കുന്ന റോഡിന്റെ സംരക്ഷണഭിത്തി, കാന എന്നിവ വേണ്ടത്ര സുരക്ഷിതമല്ലെന്ന് ആരോപണം. കലവൂര്‍പാലം മുതല്‍ വലിയ കലവൂര്‍പാലം വരെ മൂന്നര കിലോ മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ചു വരുന്ന കാനയുടെയും, സംരക്ഷണഭിത്തിയും യാതൊരുവിധ ശാസ്ത്രീയ മാര്‍ഗ്ഗഗങ്ങളും സ്വീകരിക്കാതെയാണ് നിര്‍മ്മിക്കുന്നത്.

കനാല്‍ നവീകരണത്തിനായി ആഴത്തില്‍ മണലെടുത്ത സ്ഥലത്ത് അടിത്തറ ബലപ്പെടുത്താതെ വെറും കരിങ്കല്ലുകള്‍ അടുക്കിയതിനു ശേഷം മുകള്‍ഭാഗം സിമിന്റിട്ട് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിനകം പതിനെട്ടോളം ഇടങ്ങളില്‍ സംരക്ഷണഭിത്തികള്‍ തകരുകയും പു:നര്‍നിര്‍മ്മിക്കുകയും ചെയ്യുന്നത് നിത്യസംഭവമാകുകയാണ്.

നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിരീക്ഷിക്കാനോ ബന്ധപ്പെട്ട പ്രവര്‍ത്തിയുടെ മേല്‍നോട്ടം വഹിക്കുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരോ എത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ സ്ഥിതി തന്നെയാണ് കാനയുടെ നിര്‍മ്മാണം. മുറിച്ച്‌ മുറിച്ച്‌ പല ഭാഗങ്ങളിലായി ആണ് കാന നിര്‍മ്മിച്ചിട്ടുള്ളത് കുടുതല്‍ വെള്ളം കെട്ടികിടക്കുന്നയിടങ്ങളും മറ്റും ഒഴിവാക്കിയാണ് കാനയുടെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്.

ചിലയിടങ്ങളില്‍ കാന നിര്‍മ്മിക്കാനെത്തിയപ്പോള്‍ സമീപത്തെ താമസക്കാരന്‍ തടഞ്ഞതിനെ തുടര്‍ന്ന് ആ ഭാഗം ഒഴിവാക്കിയാണ് നിര്‍മ്മാണം നടത്തിയത്. മൂന്നര കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡില്‍ അഞ്ചോളം കല്‍വര്‍ട്ടറുകളും നിര്‍മ്മിച്ചിട്ടുണ്ട്. റോഡിനു കുറുകെ നിര്‍മ്മിക്കുന്ന കല്‍വട്ടറുകള്‍ വേണ്ട യിടങ്ങള്‍ പോലും ഒഴിവാക്കി. ഇത് നിര്‍മ്മാണം പൂര്‍ത്തികരിച്ചതിനു ശേഷം പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാകാനോ ഉപകരിക്കൂ എന്നാണ് ആക്ഷേപം.

നിര്‍മ്മാണത്തിലെ അപാകതകള്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കും മുന്‍പ് പരിശോധിച്ച്‌ പോരാഴ്മ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണു് നാട്ടുകാരുടെ ആവശ്യം.