കേരളത്തിന്റെ ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ തമിഴ്‌നാട്; കമ്ബംമേട്ടിലെ തര്‍ക്കഭൂമിയില്‍ വെല്‍കം ടു തമിഴ്‌നാട് ബോര്‍ഡ്: തമിഴ്‌നാട്ടിലേക്ക് പറന്നു പോയ പൂവന്‍ കോഴിയെ പിടിക്കാന്‍ സമ്മതിക്കാതെ പൊലീസ്: കമ്ബംമെട്ടിലെ അതിര്‍ത്തി പ്രശ്‌നം രൂക്ഷമാകുമ്ബോള്‍
നെടുങ്കണ്ടം: കേരളത്തിന്റെ ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ തക്കം പാര്‍ത്ത് തമിഴ്‌നാട്. കമ്ബംമേട്ടിലെ തര്‍ക്കഭൂമിയില്‍ തമിഴ്‌നാട് പൊലീസ് വെല്‍കം ടു തമിഴ്‌നാട് ബോര്‍ഡ് സ്ഥാപിച്ചു. കേരളത്തില്‍ നിന്നു പ്രതിഷേധം വന്നതോടെ ബോര്‍ഡ് മാറ്റിയെങ്കിലും തമിഴ്‌നാട് പ്രദേശത്തു വീണ്ടും സ്ഥാപിച്ചു. സംഭവത്തില്‍ റവന്യു വകുപ്പ് അന്വേഷണം തുടങ്ങി. സംഭവത്തെപ്പറ്റി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കരുണാപുരം വില്ലേജ് ഓഫിസറോട് ഉടുമ്ബന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍ നിര്‍ദേശിച്ചു.
തമിഴ്‌നാടും കേരളവുമായി 4 വര്‍ഷത്തിലേറെയായി അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണു കമ്ബംമെട്ട്. 2017ല്‍ കമ്ബംമെട്ടില്‍ കേരളത്തിലെ എക്‌സൈസ് വിഭാഗം ചെക്‌പോസ്റ്റ് സ്ഥാപിച്ചതോടെയാണ് അതിര്‍ത്തിയില്‍ തര്‍ക്കം തുടങ്ങിയത്. തമിഴ്‌നാടിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നു ചെക്‌പോസ്റ്റ് എക്‌സൈസ് വിഭാഗം കൊല്ലം ജില്ലയിലേക്കു മാറ്റി. ഇരുസംസ്ഥാനങ്ങളിലെയും റവന്യു വിഭാഗം സംയുക്ത സര്‍വേ നടത്തി.
സര്‍വേയില്‍ കേരളത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്കു തമിഴ്‌നാട് അവകാശം ഉന്നയിച്ചു. കമ്ബംമെട്ടിലെ കേരളത്തിന്റെ പൊലീസ് സ്റ്റേഷനടക്കം തമിഴ്‌നാട്ടിലെന്നാണു തമിഴ്‌നാട് റവന്യു വിഭാഗം വാദിച്ചത്. ഒടുവില്‍ ഇരുസംസ്ഥാനങ്ങളും തര്‍ക്കഭൂമിയില്‍ പ്രവേശിക്കേണ്ടെന്ന ധാരണയിലെത്തി. തര്‍ക്കഭൂമിക്കു സമീപം തമിഴ്‌നാട് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. തമിഴ്‌നാട് പൊലീസ് കഴിഞ്ഞ ദിവസം തര്‍ക്കഭൂമിയില്‍ വെല്‍കം ടു തമിഴ്‌നാട് എന്ന ബോര്‍ഡ് സ്ഥാപിച്ചു. ഇതിനെക്കുറിച്ചാണ് അന്വേഷണം.
അതേസമയം കേരളാ തമിഴ്‌നാട് അതിര്‍ത്തി തര്‍ക്കം രൂക്ഷമാക്കുകയാണ് തമിഴ്‌നാട്. അത്രമേല്‍ കര്‍ശന നിയന്ത്രണങ്ങളാണ് കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് തമിഴ്‌നാട് ചുമത്തുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്കു പറന്നുപോയ പൂവന്‍കോഴിയെ പിടികൂടാന്‍ തമിഴ്‌നാട് വനംവകുപ്പും പൊലീസും സമ്മതിച്ചില്ല. തമിഴ്‌നാട്ടില്‍ നിന്നു കോഴികളെ വാങ്ങി വരികയായിരുന്നു ഹൈറേഞ്ച് സ്വദേശിയായ കര്‍ഷകന്‍. കമ്ബംമെട്ട് ചെക്‌പോസ്റ്റില്‍ എത്തിയപ്പോള്‍ കോഴിയുടെ കാലിലെ കെട്ടഴിഞ്ഞു.
പുറത്തു ചാടിയ കോഴി തമിഴ്‌നാട് വനംവകുപ്പിന്റെ ഭൂമിയില്‍ കയറി. കോഴിയെ പിടിക്കാന്‍ എത്തിയ ഉടമസ്ഥനെ തമിഴ്‌നാട് പൊലീസും വനംവകുപ്പും ചേര്‍ന്നു തടഞ്ഞു. വനഭൂമിയില്‍ അതിക്രമിച്ചു കയറിയതിനും കാട്ടുകോഴിയെ വേട്ടയാടിയതിനും കേസെടുക്കുമെന്നു പറഞ്ഞു വിരട്ടിയതോടെ ഉടമസ്ഥന്‍ സ്ഥലം വിട്ടു. നാട്ടുകോഴി തമിഴ്‌നാട്ടില്‍ കയറിയതോടെ കാട്ടുകോഴിയായതിന്റെ രഹസ്യം ഉടമസ്ഥന് ഇതുവരെ പിടികിടിയിട്ടില്ല.
Comments (0)