സ്വപ്നക്ക് വിദേശത്തെ കോളേജിൽ ജോലി തരപ്പെടുത്താൻ ശിവശങ്കർ ശ്രമിച്ചെന്ന് കസ്റ്റംസ്
കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വിദേശത്തെ കോളേജിൽ ജോലി തരപ്പെടുത്താൻ ശിവശങ്കർ ശ്രമിച്ചെന്ന് കസ്റ്റംസ്. 2018ൽ ഇന്റർവ്യൂവിന് സ്വപ്ത എത്തിയപ്പോൾ ശിവശങ്കറും ഒപ്പം ഉണ്ടായിരുന്നെന്ന് കസ്റ്റംസിന് മൊഴി ലഭിച്ചു.ഡോളർ കടത്ത് കേസിൽ വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ടവരെ ചോദ്യംചെയ്തപ്പോഴാണ് കസ്റ്റംസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. സ്പീക്കർ അടക്കമുള്ള സംസ്ഥാനത്തെ പ്രമുഖർ ഈ
സ്ഥാപനത്തിൽ നിക്ഷേപം നടത്തി എന്ന സംശയത്തിലാണ് കസ്റ്റംസിന്റെ അന്വേഷണം മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായാണ് മസ്കത്തിലെ പ്രമുഖ
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡീൻ ആയ ഡോ. കിരണിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യംചെയ്തത്. ഇദ്ദേഹത്തിന് ശിവശങ്കറുമായി അടുത്ത ബന്ധമാണുള്ളതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.
നേരത്തെ ഡോ. കിരൺ 2006ൽ ഐടി മിഷനിൽ ജോലിചെയ്തിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ആളാണ് ഇദ്ദേഹം.
ഇദ്ദേഹം ഡീൻ ആയി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ ലസീർ അഹമ്മദ് എന്നയാളാണ്. ഇവരുടെ പുതിയ സ്ഥാപനം അബുദാബിയിൽ തുടങ്ങാനായി
തീരുമാനിച്ചതിനെ തുടർന്നാണ് സ്വപ്ന ഇവിടെ ഇന്റർവ്യൂവിന് എത്തിയത്. ഇന്റർവ്യൂ ബോർഡിൽ ഡോ. കിരണും ലസീറുമായിരുന്നു ഉണ്ടായിരുന്നത്.
സ്വപ്നയ്ക്കൊപ്പം ശിവശങ്കറും ഇവിടെ എത്തിയിരുന്നു എന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന മൊഴി. സംസ്ഥാനത്തെ പ്രമുഖരുടെ പണം ഡോളർ ആയി ഈ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുതൽമുടക്കിയിട്ടുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. അതിന്റെ ഭാഗമായാണ് കസ്റ്റംസ് കഴിഞ്ഞ ദിവസം കിരണിനെ
ചോദ്യംചെയ്തത്. ലസീർ മുഹമ്മദും ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് കേരളത്തിൽ എത്തിയിട്ടുണ്ട്.



Author Coverstory


Comments (0)