മഴ വില്ലനാകുമോ; ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ അവസാന ദിവസത്തെ കാലാവസ്ഥാ പ്രവചനം
ബ്രിസ്ബേന്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. അവസാന ദിനം 10 വിക്കറ്റ് ശേഷിക്കെ 324 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത്. 1988നുശേഷം ബ്രിസ്ബേനില്‍ തോറ്റിട്ടില്ലാത്ത ഓസീസ് ഇന്ത്യയെ വീഴ്ത്തി പരമ്ബര സ്വന്തമാക്കാമെന്നാണ് പ്രതീക്ഷയിലാണ്.
എന്നാല്‍ മത്സരം സമനിലയാക്കിയാല്‍ പോലും ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യക്ക് നിലനിര്‍ത്താനാവും. ഇരു ടീമിനും വിജയ സാധ്യത ഉണ്ടെന്നിരിക്കെ അവസാന ദിവസം മഴയാവും ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ ഫലം നിര്‍ണയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഉയര്‍ന്നും താഴ്ന്നും പന്ത് വരുന്ന ബ്രിസ്ബേന്‍ പിച്ചില്‍ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പാറ്റ് കമിന്‍സിനെയും ജോഷ് ഹേസല്‍വുഡിനെയും അതിജീവിക്കുക എന്ന വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
മഴ കാരണം നാലാം ദിനം അവസാന സെഷനില്‍ കളി നടന്നില്ല. നാളെയും ബ്രിസ്ബേനില്‍ മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഴ പെയ്യാന്‍ 80 ശതമാനം വരെ സാധ്യതയാണ് പ്രവചിക്കുന്നത്. ഉച്ചക്ക് ശേഷം കാറ്റും മഴയും ഉണ്ടാവുമെന്നും പ്രവചനമുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ആദ്യ സെഷനില്‍ ഓസീസ് പേസ് ബൗളിംഗിനെ പ്രതിരോധിക്കുകയാവും ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.പരമാവധി 98 ഓവര്‍ വരെ നാളെ പന്തെറിയാം ഓസീസിന്. ഇന്ത്യ ഈ 328 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചാല്‍ അത് ചരിത്രമാകും.
ഇതുവരെ ബ്രിസ്ബേനില്‍ ഒരു സന്ദര്‍ശക ടീം പിന്തുടര്‍ന്ന് ജയിച്ച ഉയര്‍ന്ന സ്കോര്‍ 170 ആണ്. 1978ല്‍ ഇംഗ്ലണ്ടിന്‍റെ ജയം ഏഴ് വിക്കറ്റിനായിരുന്നു. ഗാബയില്‍ ഇന്ത്യയുടെ ഉയര്‍ന്ന നാലാം ഇന്നിംഗ്സ് സ്കോര്‍ 355 ആണ്. 1968ലായിരുന്നു അത്. അന്ന് 39 റണ്‍സിന് ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ജയത്തിലേക്ക് ബാറ്റുവീശുക ദുഷ്കരമാണ്. മഴയും ബാറ്റ്സ്മാന്‍മാരും തുണക്കെത്തിയാല്‍ സമനില പിടിക്കാം. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യക്ക് നിലനിര്‍ത്തുകയും ചെയ്യാം.
Comments (0)