തടികേടാക്കും തടിലോറികള്‍... നിരത്തുകള്‍ കൊലക്കളങ്ങളാകുന്നു...
ആലപ്പുഴ: അമിതഭാരം കയറ്റിയെത്തുന്ന തടിലോറികള്‍ ജില്ലയിലെ നിരത്തുകളില്‍ ദിവസേന വരുത്തി വയ്ക്കുന്നത് നിരവധി അപകടങ്ങള്‍. അനുവദനീയമായതിന്റെ അഞ്ചിരിട്ടയോളം ഭാരംകയറ്റി ദേശീയപാതയിലും ഇടറോഡുകളിലൂടെയും സഞ്ചരിക്കുന്ന ലോറികള്‍ മറ്റുവാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയപാതയില്‍ ഹരിപ്പാട് ഡാണാപ്പടിയിലും കാര്‍ത്തികപ്പള്ളിയിലും ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടങ്ങള്‍ നടന്നു. ഗുരുതരമായി പരിക്കേറ്റ് മൂന്ന് പേര്‍ ചികിത്സയിലാണ്. സ്കൂള്‍ പരിസരത്ത് നിരോധിത സമയത്ത് ലോറികളുടെ പരക്കംപാച്ചില്‍ അപകടം വിളിച്ചുവരുത്തും.
രാത്രികാലങ്ങളിലാണ് അമിത ഭാരവുമായെത്തുന്ന ലോറികള്‍ കൂടുതല്‍ ഭീഷണി. സമീപത്ത് എത്തുന്ന വാഹനങ്ങള്‍ക്കു പോലും ലോറിയുടെ ബോഡി ഭാഗത്തു നിന്നും പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന തടികള്‍ കാണാന്‍ കഴിയാറില്ല. തെക്കന്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് തടി ലോറികള്‍ എത്തുന്നത്. പെരുമ്ബാവൂരിലെ പ്ളൈവുഡ് കമ്ബനികളിലേക്കാണ് ഇവയില്‍ കൂടുതലും കൊണ്ടു പോകുന്നത്. താങ്ങാവുന്നതിനപ്പുറം തടി കയറ്റുന്നതിനാല്‍ നിയന്ത്രണം തെറ്റി ലോറി മറിയുന്നതും പതിവാണ്. തടികയറ്റുന്ന ലോറികളില്‍ ഭൂരിഭാഗവും കാലപ്പഴക്കം ചെന്നതാണ്. രാത്രി 12നും പുലര്‍ച്ചെ നാലിനും ഇടയിലാണ് തടി ലോറികളുടെ സഞ്ചാരം.
തോന്നും പടി പാര്‍ക്കിംഗ്
രാത്രികാലങ്ങളില്‍ തോന്നുംപടിയാണ് ലോറികളുടെ പാര്‍ക്കിംഗ്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. റോഡിന്റെ വശങ്ങള്‍ താഴ്ന്നു നില്‍ക്കുന്നതും വഴിവിളക്കുകള്‍ തെളിയാത്തതും അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. രാത്രികാലങ്ങളില്‍ അമിത വേഗത കണ്ടുപിടിക്കാന്‍ ദേശീയ പാതയില്‍ സ്ഥാപിച്ച കാമറകളില്‍ ഭൂരിഭാഗവും മിഴിഅടച്ച സ്ഥിതിയാണ്.
പിഴ കൊടുത്ത് മുങ്ങാം
അമിത വേഗത്തിന് മോട്ടോര്‍ വാഹന നിയമം 184-ാം വകുപ്പ് പ്രകാരമാണ് കേസ്. 1000 രൂപയാണ് പിഴ. അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഓരോ വാഹനത്തിലും കയറ്റാവുന്ന ലോഡ് എത്രയാണെന്ന് നിശ്ചയിച്ചിട്ടുണ്ട്. പെര്‍മിറ്റിലും ആര്‍.സി ബുക്കിലും ഇത് കാണിച്ചിട്ടുണ്ടാകും. അമിതഭാരം ഒരു ടണ്ണില്‍ കൂടുതലാണെങ്കില്‍ 2000 രൂപയും അതിന് മുകളില്‍ ഓരോ ടണ്ണിനും 1000 രൂപ വരെയുമാണ് പിഴ.
വാഹനങ്ങളും കയറ്റാവുന്ന ലോഡും
ലോറി..........................10 ടണ്‍
മിനി ലോറി ............... 4.5 ടണ്‍
ടോറസ്....................17 ടണ്‍
ടിപ്പര്‍............................... 10 ടണ്‍
ഹെവി ടിപ്പര്‍ ......... 17 ടണ്‍
ഒരിടവേളയ്ക്ക് ശേഷം രാത്രികാലങ്ങളില്‍ ലോറികളുടെ പരക്കം പാച്ചില്‍ വ്യാപകമായിട്ടുണ്ട്. ഇത് പല അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. തുടര്‍ ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും.
(ട്രാഫിക് പൊലീസ് അധികൃതര്‍ )
Comments (0)