വാഗമണ്‍ നിശാപാര്‍ട്ടി; പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

വാഗമണ്‍ നിശാപാര്‍ട്ടി; പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

വാഗമണ്‍ നിശാപാര്‍ട്ടി കേസിലെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍. ജനുവരി ഒന്ന് വരെയാണ് 9 പ്രതികളുടെയും കസ്റ്റഡി കലാവധി. നിശാപാര്‍ട്ടിക്ക് പിന്നിലെ ലഹരിമരുന്നു ലോബികളെ കുറിച്ച്‌ വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം.

അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് 9 പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ ഉന്നത ബന്ധമുള്ളവരാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേ സമയം സിനിമാ- സീരിയല്‍ ബന്ധം സ്ഥാപിക്കാന്‍ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ബെംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് സംഘടിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പ്രതികളുടെ മൊബൈല്‍ ഫോണടക്കം പൊലീസ് പരിശോധിക്കുകയാണ്.

നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 49 പേരുടെ ലഹരി ഉപയോഗ പരിശോധാ ഫലം ലഭ്യമാകുന്ന മുറയ്ക്ക് കേസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനാണ് നീക്കം. പ്രതികള്‍ അംഗങ്ങളായിരുന്ന സാമൂഹമാധ്യമ കൂട്ടായ്മകളെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഈ മാസം ഇരുപതിനായിരുന്നു വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ അന്‍പത്തിയെട്ട് പേരടങ്ങുന്ന സംഘം നിശാപാര്‍ട്ടിക്കായി ഒത്തുകൂടിയത്. എന്നാല്‍ നര്‍ക്കോട്ടിക്ക് സെല്ലിന്റെ മിന്നല്‍ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും എല്‍എസ്ഡി, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ മാരക ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയ മോഡല്‍ ബ്രിസ്റ്റി ബിശ്വാസ് ഉള്‍പ്പെടെ ഒന്‍പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലഹരിമരുന്ന് ലോബികള്‍ ഇടുക്കിയില്‍ വീണ്ടും സജീവമാകുകയാണ്. ഇവരെ വേരോടെ പിഴുതെറിയാനുള്ള നടപടികള്‍ ആസൂത്രണം ചെയ്യുകയാണ് എക്‌സൈസും പൊലീസും.