മലയറ്റൂർ- നീലീശ്വരം പഞ്ചായത്തിലെ വിവാദ ക്വാറിക്ക് തടസ്സങ്ങൾ നീങ്ങുന്നു
മലയാറ്റൂർ- നീലീശ്വരം പഞ്ചായത്തിൽ വനനിയമങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിച്ചുവന്നിരുന്ന കരിങ്കൽ ക്വാറിയിൽ അനധികൃതമായി സൂക്ഷിച്ച വൻ കരിമരുന്ന് ശേഖരം പൊട്ടിത്തെറിച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ട കേസ് അന്വേഷണം എങ്ങുമെത്താതെ ഇരിക്കുമ്പോൾ തന്നെ ക്വാറിയുടെ പ്രവർത്തനം തുടങ്ങാൻ കലക്ടറേറ്റിലെയും പരിസ്ഥിതി വകുപ്പിലെയും ചില ഉദ്യോഗസ്ഥരുടെ പ്രത്യേക താൽപര്യപ്രകാരം അനുമതി നടപടി ക്രമങ്ങൾ പൂർത്തിയായതായി അറിയുന്നു. പഞ്ചായത്ത് ഭരണസമിതി കൂടി പഞ്ചായത്തിന് അനുമതി കൊടുത്താല്‍ ഉടനെ ക്വാറിയുടെ പ്രവർത്തനമാരംഭിക്കും. രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടും ഇത്രയും വലിയ അളവിൽ വെടിമരുന്ന് ഇവിടെ എങ്ങനെ എത്തിപ്പെട്ടന്നോ, സ്ഫോടനം ഉണ്ടാവാനുള്ള കാരണമോ ഇതുവരെ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കണ്ടെത്തിയിട്ടില്ല. പഞ്ചായത്ത് ഭരണതലത്തിൽ സ്വാധീനം ചെലുത്തി, അനുമതികൾ എത്രയും പെട്ടെന്ന് സമ്പാദിക്കുന്നതിനെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കുന്നത് നാട്ടുകാരുടെ ഇടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പരിസ്ഥിതിലോല പ്രദേശമായിട്ടും കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ബാഹുല്യമുള്ള ഈ പ്രദേശത്ത് വൻ സ്ഫോടനങ്ങൾ നടക്കുന്ന ക്വാറികൾക്ക് പ്രവർത്തനാനുമതി കൊടുക്കുന്നതിൽ വനംവകുപ്പിന്‍റെ നിലപാടിലും പൊതുസമൂഹത്തിന് ആശങ്കയുണ്ട്.
Comments (0)