വാഹന നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കാം; പദ്ധതി മാര്‍ച്ച്‌ 31 വരെ നീട്ടി മോ‌ട്ടോര്‍ വാഹന വകുപ്പ്

വാഹന നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കാം; പദ്ധതി മാര്‍ച്ച്‌ 31 വരെ നീട്ടി മോ‌ട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: മോ‌ട്ടോര്‍ വാഹന വകുപ്പ് നികുതി കുടിശ്ശികയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി. നികുതി കുടിശിക കുറഞ്ഞ നിരക്കില്‍ അടയ്ക്കാന്‍ ഏര്‍പ്പെടുത്തിയ പദ്ധതി മാര്‍ച്ച്‌ 31 വരെയാക്കിയാണ് സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചത്. 2016 മാര്‍ച്ച്‌ 31 വരെയോ അതിന് പുറകിലോട്ടുള്ള കാലയളവിലേക്കോ മാത്രം നികുതി അടച്ചവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

നാല് വര്‍ഷത്തിലേറെയായി കുടിശ്ശിക ഉണ്ടെങ്കിലും അവസാന നാല് വര്‍ഷത്തെ മാത്രം കുടിശ്ശികയുടെ 30 ശതമാനം അടച്ച്‌ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കെതിരെയുള്ള നിയമ നടപടികളില്‍ നിന്ന് രക്ഷപെടാം. മോട്ടോര്‍ സൈക്കില്‍, കാര്‍, തുടങ്ങിയ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെയും 2020 മാര്‍ച്ച്‌ 31 വരെയുള്ള കുടിശ്ശിക തീര്‍പ്പാക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്.

വാഹനം നശിച്ച്‌ പോയവര്‍ക്കോ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്തിട്ടും ഉടമയായി തങ്ങളുടെ പേരില്‍ തന്നെ വാഹന രജിസ്ട്രേഷന്‍ കിടക്കുന്ന സാഹചര്യം ഉള്ളവര്‍ക്കും വാഹനം മോഷണം പോയവര്‍ക്കും കുടിശ്ശിക കുറഞ്ഞ നിരക്കില്‍ ഒടുക്കാം. 2020 മാര്‍ച്ച്‌ 31 ന് ഏറ്റവും കുറഞ്ഞത് നാല് വര്‍ഷം വരെയെങ്കിലും കുടിശ്ശികയുള്ളവര്‍ക്ക് 2016 മാര്‍ച്ച്‌ 31 ന് ശേഷം റവന്യു റിക്കവറി വഴി മാത്രം നികുതി അടച്ചവര്‍ക്കും നികുതി അടയ്ക്കാതെ ജി - ഫോം വഴി ഇളവ് നേടിയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.