ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പുറമെ സംസ്ഥാനത്ത് നിക്ഷേപത്തട്ടിപ്പും; പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് തട്ടിയെടുത്തത് 1500 കോടിയോളം രൂപ

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പുറമെ സംസ്ഥാനത്ത് നിക്ഷേപത്തട്ടിപ്പും; പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് തട്ടിയെടുത്തത് 1500 കോടിയോളം രൂപ

ലോണ്‍ ആപ്പിനും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും പുറമെ സംസ്ഥാനത്ത് പിടിമുറുക്കി നിക്ഷേപത്തട്ടിപ്പുകാരും. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് 1500 കോടിയോളം രൂപയുടെ ഇവര്‍ തട്ടിയെടുത്തെന്നാണ് ഏകദേശകണക്ക്. മണിച്ചെയിന്‍ മാതൃകയില്‍ ഇത്തരത്തില്‍ ഏഴ് കമ്ബനികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി തട്ടിപ്പിനിരയായവര്‍ വെളിപ്പെടുത്തുന്നു.

നിക്ഷേപസാധ്യതകളെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കി പണം തട്ടിയെടുക്കുന്ന സംഘം സാമ്ബത്തിക തട്ടിപ്പിന്റെ മറ്റൊരു രൂപമായിമാറുകയാണ്. സമൂഹമാധ്യമങ്ങളില്‍ ബന്ധം സ്ഥാപിച്ച്‌ നിക്ഷേപ സാധ്യത ആളുകളെ ബോധ്യപ്പെടുത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലകളില്‍ പണം വിനിയോഗിക്കുമെന്നും ലാഭവിഹിതം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുമെന്ന ഉറപ്പ്.

100 മുതല്‍ 200 ദിവസത്തിനുള്ളില്‍ നല്‍കുന്ന പണത്തിന് ഇരട്ടിയോളം തുക തിരിച്ചുനല്‍കുമെന്ന മോഹനവാഗ്ദാനം. വിവാഹാവശ്യത്തിന് കരുതിവെച്ചതും വീട് പണയപ്പെടുത്തിയും ലക്ഷങ്ങള്‍ നിക്ഷേപിച്ചവരുണ്ട്. തുടക്കത്തില്‍ ചെറിയ തുക ലഭിച്ചതൊഴിച്ചാല്‍ പിന്നീട് പണത്തെക്കുറിച്ചോ സ്ഥാപനത്തെ കുറിച്ചോ ഒരു വിവരവും ഇല്ല. ഇടയ്ക്കെപ്പോഴോ ബന്ധപ്പെട്ടപ്പോള്‍ പിന്നെ ഭീഷണിയും.തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അക്കൗണ്ടുകളിലേക്ക് ആണ് പണം നിക്ഷേപിച്ചത്.

ലോഗിന്‍ ഐഡി, പാസ്സ്‌വേര്‍ഡ് എന്നിവയും തട്ടിപ്പ് സംഘം നല്‍കും. നിക്ഷേപം തുടങ്ങുന്നതോടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിച്ചു മുങ്ങുകയാണ് തട്ടിപ്പു സംഘത്തിന്‍റെ പതിവ്. പണം നഷ്ടപ്പെടുക മാത്രമല്ല, മണിച്ചെയിന്‍ മാതൃകയില്‍ മറ്റുള്ളവരെ ഇതിന്റെ ഭാഗമാക്കിയവരും മറുപടി പറയേണ്ട ഗതികേടിലാണ്. ഏഴ് കമ്ബനികള്‍ ഇത്തരത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായാണ് വിവരം.