ബുറെവി : ‘ഭീതിയൊഴിഞ്ഞ് കേരളം

ബുറെവി : ‘ഭീതിയൊഴിഞ്ഞ് കേരളം

 ബുറെവി ചുഴലിക്കാറ്റ് തെക്കൻ തമിഴ്‌നാട്ടിൽ കരയിൽ കടക്കുന്നതിനുമുമ്പുതന്നെ ദുർബലമായതോടെ കേരളത്തിന്റെ ആശങ്കയൊഴിഞ്ഞു. വെള്ളിയാഴ്ച പകൽ തമിഴ്‌നാട്ടിൽനിന്ന് തെക്കൻ കേരളത്തിലൂടെ കാറ്റ് കടന്നുപോകുമെന്നായിരുന്നു പ്രവചനം. ദുരന്തം നേരിടാൻ വൻ ഒരുക്കമാണ് കേരളം നടത്തിയത്. എന്നാൽ, തമിഴ്‌നാട്ടിൽപ്പോലും ബുറെവി കരതൊട്ടില്ല.

വ്യാഴാഴ്ച രാത്രിതന്നെ ബുറെവി ദുർബലമായി. കരയിൽ കടക്കാതെ കടലിൽവെച്ചുതന്നെ അതിതീവ്ര ന്യൂനമർദമായി രാമനാഥപുരം തീരത്തിനടുത്ത് മാന്നാർ കടലിടുക്കിൽ നിലയുറപ്പിച്ചു. 18 മണിക്കൂർ അവിടെത്തന്നെനിന്ന് വെള്ളിയാഴ്ച െവെകുന്നേരത്തോടെ ശക്തികുറഞ്ഞ ന്യൂനമർദമായിമാറി. ശനിയാഴ്ച അത് വീണ്ടും ദുർബലമാകും.

തമിഴ്‌നാട്ടിൽ അതിശക്തമായ മഴ പെയ്തെങ്കിലും കേരളത്തിൽ പ്രതീക്ഷിച്ചപോലെ കാറ്റുണ്ടായില്ല. രാത്രി തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴപെയ്തു.

തുടക്കംമുതൽ കാലാവസ്ഥാ പ്രവചന ഏജൻസികളിൽ ആശയക്കുഴപ്പമുണ്ടാക്കിയാണ് ബുറെവിയുടെ വരവ്. ശ്രീലങ്കൻ തീരത്ത് കടക്കുന്നതുവരെ തമിഴ്‌നാടുവരെയുള്ള സഞ്ചാരപഥമേ വ്യക്തമായിരുന്നുള്ളൂ. പിന്നീടാണ് അത് തെക്കൻ തമിഴ്‌നാട് വഴി കേരളത്തിൽ കടക്കുമെന്ന് അറിയിച്ചത്. ശക്തികുറഞ്ഞ ന്യൂനമർദമായി കേരളത്തിലൂടെ കടന്നുപോകുമെന്നാണ് ഏറ്റവുമൊടുവിൽ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. എന്നാൽ, അതുമുണ്ടായില്ല.

തമിഴ്‌നാട്ടിൽ കരയിൽ കടക്കുംമുമ്പുതന്നെ കാറ്റ് ഇത്രയധികം ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പിനു മാത്രമല്ല, ലോകത്തെ പല പ്രമുഖ കാലാവസ്ഥാ ഏജൻസികൾക്കും കണക്കുകൂട്ടാനായില്ല. അടുത്തിടെയായി ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമുണ്ടാകുന്ന ന്യൂനമർദങ്ങൾ പലതും പ്രവചനങ്ങൾ അസാധ്യമാക്കി അസാധാരണ ഗതി സ്വീകരിക്കുന്നത് കാലാവസ്ഥാ പ്രവചനത്തിന് വെല്ലുവിളിയാവുന്നു.

ശനിയാഴ്ച വൈകുന്നേരംവരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു. ശനിയാഴ്ച ഇടുക്കിയിലും മലപ്പുറത്തും ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ ജാഗ്രതയും.