മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കായി വാങ്ങിയ മയക്കുമരുന്ന് ആശുപത്രി ജീവനക്കാരി ഭര്‍ത്താവിനെ കൊണ്ട് മറിച്ചുവിറ്റു

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കായി വാങ്ങിയ മയക്കുമരുന്ന് ആശുപത്രി ജീവനക്കാരി ഭര്‍ത്താവിനെ കൊണ്ട് മറിച്ചുവിറ്റു

കോട്ടയം: ശസ്ത്രക്രിയക്കായി രോഗിയുടെ ബന്ധുവിനെക്കൊണ്ട് വാങ്ങിയ മരുന്ന് ആശുപത്രി ജീവനക്കാരി മറിച്ചുവിറ്റുവെന്ന് ആരോപണം. ഓപ്പറേഷന് മുമ്ബ് മയക്കുന്നതിനായി രോഗിക്ക് കുത്തിവയ്ക്കാനുള്ള 3,000 രൂപയുടെ മരുന്നാണ് മറിച്ചുവിറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ആശുപത്രി സൂപ്രണ്ടിന് രോഗിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ തിയേറ്ററിലെമുഴുവന്‍ ജീവനക്കാരെയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കി. ആരോപണ വിധേയയായ ജീവനക്കാരിയെ രോഗിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇതോടെ വനിതാ ജീവനക്കാരിക്കെതിരെ നടപടിയുണ്ടാവുമെന്ന് വ്യക്തമായി.

ആശുപത്രി അധികൃതര്‍ വിശദമായ പരിശോധന ആരംഭിച്ചു. മരുന്ന് നല്കിയ കടയിലെത്തി ആശുപത്രി അധികൃതര്‍ അന്വേഷിക്കുകയും സി.സി ടി.വി പരിശോധിക്കുകയും ചെയ്തു. തിയേറ്ററിലേക്ക് വാങ്ങിയ മരുന്ന് തിരികെ കൊണ്ടു വന്നത് ജീവനക്കാരിയുടെ ഭര്‍ത്താവാണെന്ന് വ്യക്തമായതായി അറിയുന്നു.

ആരോപണം ശരിയെന്ന് ബോദ്ധ്യപ്പെട്ടാല്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുന്നതടക്കമുള്ള നടപടിയുണ്ടാകുമെന്ന് മെഡിക്കല്‍ കോളേജ് ആധികൃതര്‍ വ്യക്തമാക്കി. ഡോക്ടര്‍ കുറിച്ചുകൊടുത്ത മരുന്ന് രോഗിയുടെ ഭര്‍ത്താവാണ് കടയില്‍ നിന്ന് വാങ്ങിനല്കിയത്. ഓപ്പറേഷന് ഉപയോഗിക്കാതിരുന്ന ഈ മരുന്ന് ശസ്ത്രക്രിയക്കുശേഷം തിയേറ്ററില്‍ ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ജീവനക്കാരി, അവരുടെ ഭര്‍ത്താവ് മുഖേന വാങ്ങിയ കടയില്‍ തന്നെ കൊണ്ടുപോയി വില്‍പ്പന നടത്തുകയായിരുന്നു.

മരുന്ന് നല്‍കിയപ്പോള്‍ കടയിലെ ബില്‍ കൂടി തരാന്‍ ജീവനക്കാരി ആവശ്യപ്പെടുകയും രോഗിയുടെ ബന്ധുക്കള്‍ നല്‍കുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം ബന്ധുക്കള്‍ ജീവനക്കാരിയോട് ബില്‍ കൈപ്പറ്റിയതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ തട്ടിക്കയറിയതായി രോഗിയുടെ ഭര്‍ത്താവ് പറഞ്ഞു