ഓൺലൈൻ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് കരുതേണ്ട; പാലാ രൂപതക്കെതിരെ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്
തിരുവനന്തപുരം : ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് ആരും കരുതേണ്ടതില്ലെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. പാലായിലെ മാര്‍ സ്ലീബാ മെഡിസിറ്റിക്കുവേണ്ടി പാലാ രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
പത്തനംതിട്ട വലംചുഴി സ്വദേശിയും പന്തളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ സുബീക് റഹിം ആണ് തനിക്കും ഭാര്യക്കും പാലാ മാര്‍ സ്ലീബാ മെഡിസിറ്റിയില്‍ നിന്നും ഉണ്ടായ ദുരനുഭവം തെളിവുസഹിതം ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പ്രസവത്തിന് ഇവിടെ എത്തിച്ച തന്റെ ഭാര്യക്ക് കോവിഡ് പോസിറ്റീവ് ആണെന്നുകാട്ടി പ്രത്യേക പരിരക്ഷയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. സംസാരത്തില്‍ സംശയം തോന്നിയ ദമ്പതികള്‍ മറ്റു വിവിധ ലാബുകളില്‍ വ്യത്യസ്തമായ പരിശോധനകള്‍ നടത്തി. എല്ലാ പരിശോധനയുടെയും റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു. പാലായിലെ മാര്‍ സ്ലീബാ മെഡിസിറ്റിയിലെ പരിശോധനയില്‍ മാത്രമാണ് കോവിഡ് പോസിറ്റീവ് റിസള്‍ട്ട് വന്നത്. ഇതിനെത്തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ യുവാവ് ഭാര്യയെ പ്രവേശിപ്പിച്ചു.
ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡില്‍ അംഗങ്ങളായ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. വാര്‍ത്ത വന്നതുമുതല്‍ മാധ്യമങ്ങളെ സ്വാധീനിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. എം.എല്‍.എയും എം.പിയും മത മേലദ്ധ്യക്ഷന്‍മാരും വാര്‍ത്ത പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാധ്യമ മാനേജ്മെന്റ് കള്‍ അതിനു തയ്യാറായില്ല. ഇതിനെത്തുടര്‍ന്നാണ് പാലാ രൂപതയുടെ ഭീഷണി പ്രസ്താവനയിലൂടെ പുറത്തുവിട്ടത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ വിലക്കെടുത്തുകൊണ്ട്, സത്യസന്ധമായ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെ തേജോവധം ചെയ്യുവാനും ഈ വാര്‍ത്തയിലൂടെ ശ്രമിച്ചിരുന്നു. വാര്‍ത്തയുടെ പ്രസക്തഭാഗം ചുവടെ ചേര്‍ക്കുന്നു -
സമൂഹ മാധ്യമങ്ങളിലൂടെ താറടിക്കുന്ന ഒന്നോ- രണ്ടോ പേരുടെ "ഉദ്ദേശം " നന്നായി മനസ്സിലാക്കുന്നുണ്ട്. എന്നാലും ഒരിക്കലും ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഒരു നടപടിയും മാര്‍ സ്ലീവയുടെ ഭാഗത്തു നിന്നുണ്ടാവുകയില്ല. സമൂഹത്തില്‍ തേജോവധം ചെയ്ത് മാര്‍ സ്ലീവയില്‍ നിന്ന് പൈസ വാങ്ങാമെന്ന വ്യാമോഹവും ആര്‍ക്കും വേണ്ട. ഇനിയും ഇത്തരം നീക്കങ്ങളുണ്ടായാല്‍ തീര്‍ച്ചയായും നിയമത്തിന്റെ വഴി തേടുമെന്നു കൂടി ഈ ഒന്നോ- രണ്ടോ ദോഷൈകദൃക്കുകളെ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയാണ്.
തങ്ങളുടെ വീഴ്ചയോ അറിഞ്ഞുകൊണ്ടുള്ള തെറ്റായ നടപടികളോ ഭീഷണിയിലൂടെ മൂടിവെക്കുവാന്‍ പാലാ രൂപതയും മാര്‍ സ്ലീബാ മെഡിസിറ്റി മാനേജ്മെന്റ് അധികൃതരും മെനക്കെടെണ്ടതില്ലെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയത്. അത് ഇനിയും തുടരുകതന്നെ ചെയ്യും. ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കില്ലെന്നും അപ്പക്കഷണത്തിന് പിന്നാലെ പായുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ മാത്രമേ പത്രക്കുറിപ്പ് ഇറക്കിയവര്‍ക്ക് അറിയൂവെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. ഏതു നിയമ നടപടിയും സ്വാഗതം ചെയ്യുന്നു. കേസ് കൊടുക്കും എന്ന് വാര്‍ത്ത നല്‍കി ഭീഷണിപ്പെടുത്തേണ്ടതില്ല. നല്‍കുന്ന വാര്‍ത്ത തെറ്റാണെങ്കില്‍ നിയമനടപടിയുമായി നീങ്ങുകയാണ് വേണ്ടത്.
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ മൂന്ന് ടെലിവിഷന്‍ ചാനലുകളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അവരെയൊന്നും തൊടാതെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുവാനാണ് പാലാ രൂപത തുനിഞ്ഞത്. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡില്‍ അംഗങ്ങളായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആരും രൂപ ..താ എന്ന് പാലാ രൂപതയോടോ ആശുപത്രി അധികൃതരോടോ ചോദിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും സമീപിച്ചിട്ടുണ്ടെങ്കില്‍ വ്യക്തമായ തെളിവുസഹിതം നല്‍കിയാല്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറാര്‍ തങ്കച്ചന്‍ കോട്ടയം മീഡിയ , വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്, സിബി സെബാസ്റ്റ്യന്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്, സെക്രട്ടറി ചാള്‍സ് ചാമത്തില്‍ സി മീഡിയ, ജോസ് എം.ജോര്‍ജ്ജ് കേരളാ ന്യൂസ് എന്നിവര്‍ പറഞ്ഞു.
മിക്ക ആശുപത്രികളിലും നടക്കുന്നത് കച്ചവടമാണ്. ഇത് മനസ്സിലാക്കിയ ചില അനുഭവസ്ഥര്‍ പ്രതികരിക്കുമ്പോള്‍ അത് ജനങ്ങളിലേക്ക് എത്തിക്കുക എന്ന മാധ്യമ ധര്‍മ്മമാണ് തങ്ങള്‍ ചെയ്യുന്നത്. ലോകമെങ്ങുമുള്ള മലയാളികളുടെ കയ്കളില്‍ നിമിഷനേരംകൊണ്ട് വാര്‍ത്തകള്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ മീഡിയകളെ ചൊല്‍പ്പടിയില്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ടതില്ല. സമാനമായ പരാതികള്‍ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ തെളിവുകള്‍ സഹിതം സംഘടനക്ക് നല്‍കിയാല്‍ യോഗ്യമായവ പ്രസിദ്ധീകരിക്കുമെന്നും ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.
വിലാസം - chiefeditorsguild@gmail.com
Comments (0)