ജീവനു ഭീഷണി എന്ന് സ്വപ്ന: ജയിലിൽ പലവട്ടം സന്ദർശകരായി എത്തി ഭീഷണിപ്പെടുത്തി.
കൊച്ചി: ജയിലിൽ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ മൂന്നാംപ്രതി സ്വപ്നസുരേഷ് കോടതിയിൽ.തുടർന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ സുരക്ഷ ഉറപ്പാക്കുവാൻ ജയിൽ വകുപ്പിന് കോടതി നിർദ്ദേശം നൽകി.വിചാരണ തടവുകാരിയായി കഴിയവേ, പോലീസെന്നോ ജയിൽ ഉദ്യോഗസ്ഥരെന്നോ സംശയിക്കാവുന്ന ചിലർ സന്ദർശിച്ചു എന്നാണ് കോടതിക്ക് രേഖാമൂലം നൽകിയ അപേക്ഷയിൽ പറയുന്നത്. അന്വേഷണ ഏജൻസികളോട് സഹകരിക്കരുതെന്നും ഉന്നതരെ കുറിച്ച് ഒന്നും പറയരുതെന്നും മുന്നറിയിപ്പ് നൽകിയതായും സാമ്പത്തിക കുറ്റകൃത്യങ്ങൾ വിചാരണചെയ്യുന്ന പ്രത്യേക കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.വിവരങ്ങൾ വെളിപ്പെടുത്തിയാൽ പുറത്ത് കുടുംബത്തെയും ജയിലിൽ എന്നെയും ഇല്ലാതാക്കാൻ കഴിവുള്ളവർ ആണെന്ന് വന്നവർ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന കോടതിയെ ധരിപ്പിച്ചു.അട്ടക്കുളങ്ങര ജയിലിലായ നവംബർ 25ന് മുമ്പ് പല വട്ടവും, നവംബർ 25നും ഭീഷണിപ്പെടുത്തിയതായാണ് പരാതിയിൽ പറയുന്നത്.എന്റെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ പലതവണയായി രേഖപ്പെടുത്തി.ചിലത് മാധ്യമങ്ങളിലും വന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞു. അതെ ജയിലിലേക്ക് അയച്ചേക്കും. ഏറെ സ്വാധീനമുള്ള നിക്ഷിപ്ത താല്പര്യമുള്ളവരിൽ നിന്ന് എന്റെ ജീവന് ഭീഷണിയുണ്ട്.ജുഡീഷ്യൽ കസ്റ്റഡിയിൽ മാനസിക ശാരീരിക പീഡനം ഏൽക്കേണ്ടി വന്നേക്കാം ഈ സാഹചര്യത്തിൽ ജയിൽ ഡി.ജി.പി.ക്കും വനിതാ ജയിൽ സൂപ്രണ്ടിനും അട്ടക്കുളങ്ങര ജയിലിൽ എനിക്ക് പര്യാപ്തമായ സംരക്ഷണം ഉറപ്പാക്കാൻ കോടതി നിർദേശം നൽകണമെന്നും അപേക്ഷയിലുണ്ട്. കോഫെ പോസ തടവുകാരിയായ സ്വപ്നയെ സന്ദർശിക്കുവാൻ ഒട്ടേറെപ്പേർ എത്തുന്നു എന്നും ഇക്കാര്യത്തിൽ ദുരൂഹതയും സംശയമുണ്ടെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു.സ്വപ്നയ്ക്ക് കോടതിയിലും അന്വേഷണ ഏജൻസിയിലും മൊഴിയും, വിശദീകരണവും നൽകുവാൻ ബാഹ്യശക്തികൾ, പ്രത്യേകിച്ച് സിപിഎം നേതൃത്വം ഉപദേശം നൽകിയിരുന്നു. സ്വപ്നയുടെതായി ജയിലിൽനിന്ന് പ്രചരിപ്പിച്ച ചർച്ച സന്ദേശം 'ആസൂത്രകർ ' തയ്യാറാക്കിയതാണെന്നും വ്യക്തമാക്കുന്നതാണ് പുതിയ സംഭവങ്ങൾ.
Comments (0)