കൊച്ചി നഗരസഭയിൽ വീണ്ടും മാലിന്യ സംഭരണത്തിൻ്റെ പേരിൽ അഴിമതി ആരോപണം

കൊച്ചി നഗരസഭയിൽ വീണ്ടും മാലിന്യ സംഭരണത്തിൻ്റെ പേരിൽ അഴിമതി ആരോപണം
കൊച്ചി: കൊച്ചി നഗരസഭയിലെ 56-ാം ഡിവിഷനിലെ മാലിന്യ സംഭരണത്തിനായ് നിയോഗിക്കപ്പെട്ട തൊഴിലാളികളായ വളണ്ടിയർമാരിൽ നിന്നും ആളൊന്നുക്ക് 25 രൂപ മുതൽ 50 രൂപ വരെ 56-ാം ഡിവിഷനിലെ വാർഡ് കൗൺസിലർക്ക് നൽകണം എന്നുള്ള നിർബന്ധിതാവശ്യം വിവാദത്തിലേക്ക്. മാലിന്യ ദാദാക്കൾ ആളൊന്നുക്ക് 150 രൂപ മുതൽ വളണ്ടിയർ മാർക്ക് നൽകുന്നതിൽ നിന്നാണ് 25 രൂപ കൗൺസിലറുടെ പക്കലേക്ക് നൽകണമെന്ന് പറയുന്നത്. ഇതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്വകാര്യ വ്യക്തികളുടെ സ്ഥാപനമാണ് സംഭരിച്ച് കൊണ്ട് പോകുന്നത്. എന്നാൽ ഇവരുടെ ആവശ്യങ്ങൾ എല്ലാം കോർപ്പറേഷനാണ് ഒരുക്കി കൊടുക്കേണ്ടത്. ഈ മാലിന്യം സംഭരിച്ച്, സംസ്കരിച്ച് വൻതോതിൽ ലാഭം ഉണ്ടാക്കുന്ന സംഭരണക്കാരെ സഹായിക്കാനോ സ്വന്തം ലാഭത്തിന് വേണ്ടിയോ, അല്ലെങ്കിൽ സംഭരണം നടത്തുന്ന സ്വകാര്യ സ്ഥാപനം നഷ്ടം സഹിച്ചു കൊണ്ടാണ് ഇത് ചെയ്യുന്നതെന്ന് വരുത്തി തീർക്കാനോ ആണ് കൗൺസിലർ ഈ മാലിന്യം വാരിക്കൂട്ടുന്ന നിർദ്ധനരായ തൊഴിലാളികളുടെ കയ്യിൽ നിന്ന് 25 രൂപ വീതം പിടിച്ചുപറിക്കുന്നതെന്ന് പലരും സംശയിക്കുന്നു. കോർപ്പറേഷൻ ഡിവിഷനിലെ മറ്റു വാർഡ് കൗൺസിലുകളിൽ ഹരിത കർമ്മ സേനയുടെ വളണ്ടിയർമാരാണ് മേൽ പ്രവർത്തികൾ ചെയ്തു വരുന്നത്. എന്നാൽ ഈ ഡിവിഷനിൽ മാത്രം ഹരിത കർമ്മ സേന ആയി ബന്ധപ്പെട്ട തൊഴിലാളികളെ നിയമിച്ചിട്ടില്ലാത്തതും വിവാദമായിരിക്കുകയാണ്. ഇക്കാര്യം കവർസ്റ്റോറി ന്യൂസ് റിപ്പോർട്ടർ ഫോണിലൂടെ തിരക്കിയതിന് ശേഷം, ചില കർശന നിലപാടുകളുമായി വൈരാഗ്യബുദ്ധിയോടെ കൗൺസിലർ തൊഴിലാളികളോട് പ്രവർത്തിക്കുന്നതായും ആരോപണമുണ്ട്. കൂടാതെ രണ്ടുമാസമായി ഈ ഇനത്തിൽ സ്വകാര്യ കമ്പനിക്ക് കൊടുക്കാനുള്ള തുക നിർബന്ധമായും കൊടുക്കണമെന്നും കഴിഞ്ഞദിവസം വിളിച്ചുചേർത്ത തൊഴിലാളികളുടെ മീറ്റിങ്ങിൽ കൗൺസിലർ നിർബന്ധമായും ആവശ്യപ്പെട്ടതായും അറിയാൻ കഴിയുന്നു. 56-ാം ഡിവിഷനിൽ 3000 ത്തിലധികം വീടുകളും 200ലധികം ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. 25 പേരടങ്ങുന്ന തൊഴിലാളികൾ നിന്ന് 25 രൂപ മുതൽ 50 രൂപ വരെ കളക്ട് ചെയ്ത് ഒരു ലക്ഷം രൂപയിൽ അധികം ഒരു മാസം കൗൺസിലറെ ഏൽപ്പിക്കാനാണ് തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. കൊച്ചി കോർപ്പറേഷനുകീഴിൽ മാലിന്യ സംഭരണവുമായി ബന്ധപ്പെട്ട് ഏകീകൃതമായ സംവിധാനം നിലനിൽക്കെ 56-ാം ഡിവിഷനിൽ മാത്രം ഈവിധത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് അഴിമതി നടത്താൻ വേണ്ടി മാത്രമാണ് എന്നുള്ള ആരോപണവും ശക്തമാണ്.