പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചയാളെ മറികടന്ന് അഭിമുഖത്തിലൂടെ ഒന്നാം റാങ്ക് നല്‍കി തിരുകി കയറ്റുവാന്‍ ശ്രമിച്ചത്

പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചയാളെ മറികടന്ന് അഭിമുഖത്തിലൂടെ ഒന്നാം റാങ്ക് നല്‍കി തിരുകി കയറ്റുവാന്‍ ശ്രമിച്ചത്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എം.പിയുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ഒന്നാം റാങ്ക് നല്‍കിയത് യോഗ്യതാ മാനദണ്ഡങ്ങള്‍ അവഗണിച്ച് അഭിമുഖത്തിന് മാര്‍ക്ക് കൂട്ടിനല്‍കിയാണെന്ന് ഔദ്യോഗിക രേഖ. പ്രധാന മാനദണ്ഡമായ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ക്കുള്ള സ്‌കോര്‍ ഏറ്റവും കുറവ് പ്രിയ വര്‍ഗീസിനായിരുന്നു. അദ്ധ്യാപന പരിചയവും പ്രിയയ്ക്കാണ് തീരെ കുറവ്. എന്നിട്ടും അഭിമുഖത്തിന് 32 മാര്‍ക്ക് നല്‍കിയാണ് പ്രിയയെ ഒന്നാം റാങ്കിലെത്തിച്ചത്. ഗവേഷണത്തിനുള്ള 156 സ്‌കോര്‍ പോയിന്റാണ് പ്രിയയ്ക്കുള്ളത്. ഏറ്റവും കൂടുതല്‍ പോയിന്റുള്ള (651) ചങ്ങനാശേരി എസ്.ബി കോളേജിലെ അദ്ധ്യാപകന്‍ ജോസഫ് സ്‌കറിയയ്ക്ക് രണ്ടാം റാങ്കും 645 പോയിന്റുള്ള മലയാളം സര്‍വകലാശാലയിലെ സി.ഗണേഷിന് മൂന്നാം റാങ്കുമാണ് സെലക്ഷന്‍ കമ്മിറ്റി നല്‍കിയത്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ എത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തുന്നതാണ് സ്‌കോര്‍ പോയിന്റ്. പ്രധാനപെട്ട ഈ മാനദണ്ഡത്തിന് ഒരു വിലയും കല്പിക്കാതെയാണ് പ്രിയ വര്‍ഗീസിന് ഇന്റര്‍വ്യൂ ബോര്‍ഡ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നല്‍കിയത്. 15 വര്‍ഷം അദ്ധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയയ്ക്ക് 30 മാര്‍ക്കും ഗണേഷിന് 28മാര്‍ക്കുമാണ് അഭിമുഖത്തില്‍ ലഭിച്ചത്. ഇന്റര്‍വ്യൂ നടപടികളുടെ വിവരാവകാശ രേഖ സഹിതം, ക്രമക്കേടു കാട്ടിയ കണ്ണൂര്‍ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രനെതിരേ നടപടിയാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പുതിയ പരാതി നല്‍കി. യു.ജി.സി ചട്ടപ്രകാരം എട്ടുവര്‍ഷത്തെ അദ്ധ്യാപന പരിചയമാണ് വേണ്ടത്. സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടറായിരുന്ന രണ്ടുവര്‍ഷം കൂടി അദ്ധ്യാപന പരിചയമായി കണക്കിലെടുക്കുകയായിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയില്‍ വി.സിയുടെ വിശദീകരണം തേടിയിരുന്നു. പ്രിയാ വര്‍ഗീസിനെ നിയമിച്ചിട്ടില്ലെന്നും റാങ്ക് ലിസ്റ്റ് നിയമപരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും കഴിഞ്ഞദിവസം ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷമേ നിയമനത്തില്‍ തീരുമാനമെടുക്കൂ എന്നും സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് നടപടികളെന്നുമാണ് വി.സിയുടെ നിലപാട്.