ചൈനയുടെ സീറോ-കൊവിഡ് നയം പരാജയം; നിയന്ത്രണ വിധേയമാക്കുവാന്‍ കഴിയാതെ ടൂറിസം കേന്ദ്രങ്ങളില്‍ രോഗം പടരുന്നു

ചൈനയുടെ സീറോ-കൊവിഡ് നയം പരാജയം; നിയന്ത്രണ വിധേയമാക്കുവാന്‍ കഴിയാതെ ടൂറിസം കേന്ദ്രങ്ങളില്‍ രോഗം പടരുന്നു

ചൈനീസ് : പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ സീറോ-കൊവിഡ് നയം പരാജയമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ പ്രദേശങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചു. ടിബറ്റിന്റെയും ഹൈനാന്റെയും ടൂറിസം കേന്ദ്രങ്ങളിലാണ് രോഗം പടരുന്നത്. നിയന്ത്രണങ്ങളും പെട്ടെന്നുള്ള ലോക്ക്ഡൗണും മൂലം പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് ചൈനയില്‍ കുടുങ്ങിക്കിടക്കുന്നത്. രോഗബാധിത പ്രദേശങ്ങള്‍ ഹോട്ട്സ്പോട്ടുകളായി തുടരുമ്പോഴും, ചൈനയില്‍ കൊറോണ വൈറസ് പുതിയ പ്രദേശങ്ങളിലേക്ക് പടരുകയാണ്. നിയന്ത്രണങ്ങളുണ്ടായിട്ടും സീറോ-കൊവിഡ് നയം പ്രയോജനം ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. നയം ജനങ്ങളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുത്തിയെന്നും, മാനസിക പീഡനത്തിന് ഇടയാക്കിയതായും ഏഷ്യന്‍ ലൈറ്റ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ടിബറ്റില്‍ 28 പുതിയ കൊവിഡ് കേസുകള്‍ കണ്ടെത്തി. കൂടാതെ മറ്റ് പ്രദേശങ്ങളിലും രോഗം പടര്‍ന്നതോടെ ആളുകള്‍ ഷാങ്ഹായ് ശൈലിയിലുള്ള ദീര്‍ഘകാല ലോക്ക്ഡൗണുകളെ കുറിച്ച് ആശങ്കാകുലരാണ്. കൊവിഡ് കേന്ദ്രത്തില്‍ ക്വാറന്റൈനിലുള്ളവര്‍ക്ക് കിടക്കകളും പുതപ്പുകളും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടില്‍ കുടുങ്ങിയ ആളുകള്‍ ഭക്ഷണവും മരുന്നും ലഭിക്കാന്‍ പാടുപെടുകയാണ്. കുട്ടികളെ പോലും മാതാപിതാക്കളില്‍ നിന്ന് നിര്‍ബന്ധിച്ച് വേര്‍പെടുത്തി. ചൈനക്കാര്‍ തങ്ങളുടെ ദുരിതങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് പ്രതിഷേധത്തിന് കാരണമായി. നിലവില്‍ ഏജന്‍സികള്‍ 3,000 കിടക്കകള്‍ ശേഷിയുള്ള താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണെന്നും ഏഷ്യന്‍ ലൈറ്റ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 2021 ന്റെ തുടക്കത്തില്‍ കൊവിഡില്‍ നിന്ന് മുക്തമാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത് ചൈനയായിരുന്നു.