പിടിവിട്ട രാക്ഷസന്‍ കേരളത്തെ തകര്‍ക്കുന്നു

പിടിവിട്ട രാക്ഷസന്‍ കേരളത്തെ തകര്‍ക്കുന്നു

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്‌നം എന്താണ് എന്ന് പറയാമോ...? കെ. റെയില്‍..? അല്ല... ഇന്ധന വില വര്‍ധന...? അല്ല. മയക്കു മരുന്ന് ആണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം.. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ ഒരു മത തീവ്രവാദ സംഘടന അവരുടെ ഫണ്ടിങ്ങിന് വേണ്ടി തുടങ്ങിയതാണ് കേരളത്തിലെ മയക്കുമരുന്ന് വ്യാപാരം..അധികൃതരുടെ അലംഭാവം കാരണം അത് കൈവിട്ടു പോയി...

കണക്കുകള്‍ ഉദ്ദരിച്ച് പറയാം.

കഴിഞ്ഞ വര്‍ഷം (2021) മാത്രം എക്‌സൈസ് പിടികൂടിയത് 5700കിലോ കഞ്ചാവ് ആണ്. ഒരു തവണ ഉപയോഗത്തിന് 10 മുതല്‍ 20 ഗ്രാം വരെ മതിയാകുമെന്ന് എക്‌സൈസ് അധികൃതര്‍ തന്നെ പറയുന്നു. അപ്പോള്‍ എത്ര ലക്ഷം യുവാക്കളെ ലക്ഷ്യം വച്ച് വന്ന കഞ്ചാവ് ആണ് പിടിക്കപ്പെട്ടത്...!  ഇത്രയും പിടിക്കപ്പെട്ടപ്പോള്‍ ഇതിന്റെ എത്രയോ ഇരട്ടി പിടിക്കപ്പെടാതെ കടത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ എറണാകുളം ജില്ലയില്‍ മാത്രം 147 സ്‌കൂള്‍ കുട്ടികള്‍ ലഹരി ഉപയോഗത്തിനും ലഹരി കടത്തുമായി പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ മയക്കുമരുന്ന് അനുബന്ധ കൊലപാതകങ്ങള്‍ കൂടുന്നു. സിനിമയില്‍ മാത്രം കേട്ട് പരിചയം ഉള്ള ബ്രൗണ്‍ഷുഗര്‍ ഹാഷിഷ് ഓയില്‍ എന്നിവ ഒക്കെ നിത്യവും സുലഭമായി പിടികൂടുന്നു. കൂടാതെ എല്‍എസ്ഡി സ്റ്റാംപ് എന്ന് പറഞ്ഞു പുതിയ ഐറ്റങ്ങളും ഇറങ്ങുന്നു. ഇത്രയും പിടിക്കപ്പെടുമ്പോഴും ഇത് യഥേഷ്ടം ഇവിടെ യുവാക്കളുടെ ഉപയോഗത്തിനായി ഒഴുകുന്നു അതുകൊണ്ടാണ് നിത്യവും ഇതുമായി ബന്ധപ്പെട്ട് കൊലപാതകങ്ങള്‍ നടക്കുന്നത്. കേരളം ഒന്നിച്ചു ഇറങ്ങി പ്രതിരോധിക്കേണ്ട ഒരു പൊതു പ്രശ്‌നമാണ്. ഏതെങ്കിലും ഒരു സര്‍ക്കാരിനെ, അല്ലെങ്കില്‍ സര്‍ക്കാര്‍ വകുപ്പിനെ കുറ്റപ്പെടുത്തി പരസ്പരം തര്‍ക്കിക്കേണ്ട വിഷയമല്ല. എണ്‍പതുകളുടെ അവസാനം സമ്പൂര്‍ണ സാക്ഷരത യജ്ഞത്തിന് വേണ്ടി ഒരുമിച്ച് ഇറങ്ങിയത് പോലെ മയക്കുമരുന്ന് നിര്‍മാര്‍ജ്ജനത്തിന് വേണ്ടി സമൂഹം ഒന്നിച്ച് ഇറങ്ങണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും മയക്കുമരുന്നിന് അടിമകളായി കഴിഞ്ഞാല്‍ പിന്നെ തിരിച്ചു വരവ് ബുദ്ധിമുട്ടാണ്. 
നമ്മുടെ കൊച്ചു കേരളം എങ്ങോട്ടു പോകുന്നു.?

ഒരു കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ ഭാരതത്തിനു മാതൃകയായിരുന്നു കേരളം. സാംസ്‌ക്കാരിക രംഗത്തിന്റെ പ്രസരിപ്പും കേരളത്തില്‍ നിന്നുമായിരുന്നു. രാഷ്ടീയ മാന്യതകള്‍ക്കും, മതങ്ങള്‍ തമ്മിലുള്ള സുശക്ത മായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും കേരളം എത്രയോ മുന്‍പില്‍ ആയിരുന്നു. മാവേലി നാട് മനഷ്യന്റെ നാടാണെന്ന് മറ്റു സംസ്ഥാനക്കാര്‍ പറഞ്ഞിരുന്നതും ഓര്‍ത്തു പോവുകയാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് മയക്കുമരുന്നു ലോബികളും ആരോഗ്യരംഗത്തെ ലക്ഷ്യമിട്ട് കഴുകന്‍ കണ്ണുകളും ഇന്ന് പഠനം നടത്തുന്നു. നമ്മുടെ കുട്ടികളേയും ആരോഗ്യരംഗത്തേയും നശിപ്പിയ്ക്കുവാന്‍ ഇക്കൂട്ടര്‍ അഴിഞ്ഞാടുന്നു. എങ്ങിനേയും പണം സമ്പാദിച്ചാല്‍ മതി എന്നു ചിന്തിക്കുന്നവര്‍ ഇവിടെ ആധിപത്യം സ്ഥാപിയ്ക്കുന്നു. നമ്മുടെ ദൃശ്യമാധ്യമങ്ങളില്‍ ആരുടെയെങ്കിലും നിയമസഭയിലെ വിഢിത്തരങ്ങളും അംഗങ്ങളുടെ ആത്മഗതങ്ങള്‍ക്കുമാണ് ചര്‍ച്ചകളില്‍ പ്രാധാന്യം നല്‍കുന്നത് എന്നു കാണുമ്പോള്‍ വിഷമമുണ്ട്. ജനങ്ങളില്‍ നിന്നും സത്യം മറച്ചുവയ്ക്കുവാന്‍ സഭയിലെ ടി.വി. മറ സൃഷ്ടിയ്ക്കുന്നതും മാധ്യമ സ്വാതന്ത്ര്യത്തെ ലോക്കപ്പിലിടുന്നതും നാം അറിയാതെ പോകരുത്. പണ്ട് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ സഹതാപം ലഭിയ്ക്കുവാന്‍ കൈയ്യില്‍ പ്ലാസ്റ്ററിട്ട് വിഡ്ഢിവേഷം കെട്ടിയ ചിലരെ ഇന്നും ഓര്‍മ്മ വരുന്നുണ്ട്. കാരണം ജനങ്ങളെ പറ്റിയ്ക്കുവാന്‍ ചിലര്‍ സ്വന്തം ഓഫീസുകള്‍ പോലും സ്വയം ആക്രമിയ്ക്കുന്നു. ചിലര്‍ക്ക് വേണ്ടത് സ്വന്തം പാര്‍ട്ടിയുടെ രക്തസാക്ഷികളെയാണ്.അങ്ങിനെ സഹതാപം സൃഷ്ടിക്കണം.നമുക്ക് വേണ്ടത് സമാധാനപൂര്‍ണ്ണമായ കാമ്പസുകളും മാന്യമായ രാഷ്ടീയ പ്രവര്‍ത്തനങ്ങളുമാണ്.
ഗഹനമായി കാണേണ്ടതും ചര്‍ച്ചകള്‍ നടത്തേണ്ടതുമായ സുപ്രധാന വിഷയങ്ങള്‍

എന്തുകൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നില്ല?

കാമ്പസ്സുകളില്‍ മയക്കുമരുന്നിന്റേയും ലഹരി പദാര്‍ഥങ്ങളുടേയും അനിയന്ത്രിതമായ വിപണനം നടക്കുന്നു. മറ്റു സംസ്ഥാന മയക്കുമരുന്നു ലോബികളുടെ പിടിയിലേയ്ക്ക് നമ്മുടെ കുട്ടികള്‍ എത്തപ്പെടുന്നു!
ഇതിനായി പെണ്‍കുട്ടികളേപ്പോലും കാര്യമായി ഇടപെടുത്തുന്നു. ഒരു പ്രമുഖ സ്‌ക്കൂളില്‍ ഏഴാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുകയും, വിതരണം ചെയ്യുകയും ചെയ്തിരുന്നുവെന്നത് ഈ ലോബിയുടെ സ്വാധീനം വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ അഞ്ചു കിലോയോളം എം.ഡി.എം.എ യാണ് കൊച്ചി നഗരത്തില്‍ മാത്രം എക്‌സൈസ് പിടികൂടിയത്. ഒരിയ്ക്കല്‍ പെട്ടു പോയവരെ അടിമകളാക്കുന്നു .അവര്‍ക്കു മുന്‍പില്‍ ലോബികളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിയ്ക്കുകയോ സ്വയം ഇല്ലാതാകുകയോ മാത്രമാണ് വഴിയായി തെളിയുന്നത്.
 

ഈ വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കേണ്ടതല്ലേ? 

പാഠ്യപദ്ധതികളിലും ക്ലാസ്സ് മുറികളിലും മാധ്യമ ചര്‍ച്ചകളിലും ഈ വിഷയങ്ങള്‍ ചര്‍ച്ച ആകണം. ഭക്ഷ്യസാധനങ്ങളിലെ കലര്‍പ്പുകളും അതുണ്ടാക്കുന്ന വളരെ ഗുരുതരങ്ങളായ അസുഖങ്ങളേക്കുറിച്ചും ചര്‍ച്ചകള്‍ നടന്നേ പറ്റൂ.
പരസ്യങ്ങള്‍ മാത്രം പോര. അതിനു പുറകിലെ രഹസ്യങ്ങള്‍ ജനങ്ങള്‍ അറിഞ്ഞിരിയ്‌ക്കേണ്ടേ? 
മായം ചേര്‍ത്ത ഭക്ഷണം വിളമ്പി നമ്മുടെ കുഞ്ഞുങ്ങള്‍ നിത്യരോഗികളാകുന്നത് നാം കാണാതെ പോകരുത്. പലപ്പോഴും ആരോഗ്യരംഗത്ത ചര്‍ച്ചാ വിഷയം അസുഖം വരാതിരിയ്ക്കുവാനുള്ള പ്രതിവിധികളേ ക്കുറിച്ചല്ല. അതിനു പ്രാധാന്യം കൊടുക്കണം. എന്നാല്‍ ഇന്നു കൂടുതലായി കാണുന്നത് ചികിത്സിച്ചു ഭേദമാക്കുക എന്നതിനാണ്. അല്ലാതെ അസുഖം വരാതിരിയ്ക്കുവാനല്ല. 
ഇവിടെയാണ് മരുന്നു ലോബികളുടെ കണ്ണുകളും...'ലഹരിയുടെ ലഭ്യത കൂട്ടി കൂട്ടിക്കൊണ്ടു വന്നിട്ട് ഉപദേശത്തിലൂടെ ലഹരി ഉപയോഗം കുറച്ചു കൊണ്ട് വരാം...' എന്ന മണ്ടന്‍ കാപ്‌സ്യൂളും പൊക്കിപ്പിടിച്ചു നടക്കുന്ന സര്‍ക്കാരിനോ ആ സര്‍ക്കാരിനെ താങ്ങി നടക്കുന്ന മണ്ടന്മാരായ അണികള്‍ക്കോ ഈ വിഷയത്തില്‍ ഒന്നും ചെയ്യാനാവില്ല.. വളര്‍ന്നു വരുന്ന നമ്മുടെ യുവതലമുറയെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് രക്ഷിച്ചെടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്...
നമ്മുടെ മാത്രം..