വാഗമണ്‍ ലഹരി മരുന്നുപാര്‍ട്ടിയുടെ ഒമ്ബത് സംഘാടകര്‍ അറസ്റ്റില്‍
ഇടുക്കി: വാഗമണില്‍ റിസോര്‍ട്ടില്‍ ലഹരിമരുന്നു പാര്‍ട്ടി സംഘടിപ്പിച്ചതില്‍ ഒമ്ബതു പേര്‍ അറസ്റ്റില്‍. ഇതില്‍ എറണാകുളം സ്വദേസിനിയായ ഒരു യുവതിയുമുണ്ട്. എറണാകുളം സ്വദേശി ഏണസ്റ്റാണ് ലഹരിപ്പാര്‍ട്ടിയുടെ മുഖ്യ സംഘാടകനെന്നാണ് പൊലീസ് പറയുന്നത്. നിശാപാര്‍ട്ടി സംഘടിപ്പിച്ചത് സോഷ്യല്‍ മീഡിയ വഴിയാണെന്നും അറസ്റ്റിലായവരുടെ ഫോണ്‍ വിശദമായി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്തത് 60 പേരാണ്. ഹാഷിഷും എല്‍എസ്ഡിയും അടക്കമുള്ള മയക്കുമരുന്നുകളാണ് കണ്ടെടുത്തത്.
അതേസമയം പിറന്നാള്‍ ആഘോഷം എന്നുപറഞ്ഞാണ് സ്വകാര്യ വ്യക്തികള്‍ വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ മുറി എടുത്തതെന്ന് റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാടന്‍. രാത്രി 8 മണിക്ക് മുമ്ബ് തിരികെ പോകുമെന്ന് ഇവര്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ ഷാജി പറയുന്നു.
മൂന്നുമുറികള്‍ മാത്രമാണ് ഇവര്‍ എടുത്തത്. 8 മണിക്ക് മുമ്ബ് തിരികെ പോകുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ അത് ചോദ്യം ചെയ്തിരുന്നുവെന്നും ഷാജി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമാണ് ഷാജി കുറ്റാക്കാട്. എന്നാല്‍ ഷാജിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇയാളുമായി സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നും പൊലീസ് പറയുന്നു.
വാഗമണ്ണില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചതിന് പിന്നില്‍ ഒന്‍പത് പേരുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഞായറാഴ്ച വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്‌പി. അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് പൊലീസും നര്‍ക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു.റെയ്ഡില്‍ വന്‍ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തിരുന്നു.
വലിയ രീതിയിലുള്ള പാര്‍ട്ടി സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഒന്‍പത് പേര്‍ ചേര്‍ന്ന് നടത്തിയത്. സമാന രീതിയിലുള്ള പാര്‍ട്ടി ഇവര്‍ മുമ്ബും നടത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ് .അതിനാല്‍ തന്നെ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ കൈമാറിയാണ് ഇത്തരം ഒരു പാര്‍ട്ടി വാഗമണ്ണില്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുപതോളം പേരാണ് പാര്‍ട്ടിക്ക് എത്തിയത്. പെരിന്തല്‍മണ്ണ, എറണാകുളം മേഖലയില്‍ നിന്നുള്ള ആളുകളാണ് കൂടുതലായും എത്തിയിരിക്കുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ 25 പേര്‍ സ്ത്രീകളാണ്. എല്ലാവര്‍ക്കുമെതിരേ കേസെടുക്കുന്ന അവസ്ഥയില്ല. ചോദ്യം ചെയ്യലില്‍ സംഭവത്തില്‍ ബന്ധമില്ലെന്ന് മനസ്സിലായാല്‍ അവരെ വിട്ടയയ്ക്കും.
അതിനിടെ റിസോര്‍ട്ട് ഉടമ സിപിഐ പ്രാദേശിക നേതാവും മുന്‍ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഷാജി കുറ്റിക്കാടനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് സിപിഐ തീരുമാനം. ഇക്കാര്യം ഇടുക്കി ജില്ലാ സെക്രട്ടറി അറിയച്ചു. മുമ്ബും ഇവിടെ സമാന രീതിയില്‍ പാര്‍ട്ടികള്‍ നടന്നിരുന്നു. അത് പൊലീസ് പിടിക്കുകയും താക്കീത് നല്‍കി വിട്ടയക്കുകയുമായിരുന്നു. അതിനിടെ റിസോര്‍ട്ടിലേക്ക് പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനെയും സംഘത്തെയും റിസോര്‍ട്ടിന് മുന്നില്‍ പൊലീസ് തടഞ്ഞു.
കേസ് ഒതുക്കാന്‍ പൊലീസ് ശ്രമം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. പിടികൂടിയ ലഹരിമരുന്നിന്റെ അളവ് കുറച്ച് കാണിക്കാന്‍ ശ്രമിക്കുന്നതായും റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് പാര്‍ട്ടികള്‍ക്ക് സി പി എം-സിപിഐ നേതാക്കളുടെ ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.



Author Coverstory


Comments (0)