കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്സിൻ നാളെ എത്തും

കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്സിൻ നാളെ എത്തും

കൊച്ചി : കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്സിൻ നാളെയെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണെത്തുന്നത്.എറണാകുളത്തേക്ക് 12 ബോക്സം,കോഴിക്കോട് ഒൻപതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സമാണ് എത്തുക. രാവിലെ 11.15ന് ഗോ എയർ വിമാനത്തിൽ വാക്സിൻ നെടുമ്പാശേരിയിലെത്തിക്കും. കേന്ദ്ര മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്സിൻ
വിതരണത്തിന് നേതൃത്വം നൽകുക.അതേസമയം കൊവിഡ് വാക്സിനേഷൻ നടപടികൾക്ക് കേരളത്തിൽ വേഗതയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തിൽ വാക്സിനേഷൻ നടപടികൾ പുരോഗമിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരിക്ഷണം.

വാക്സിൻ ഭീതി ആണ് വാക്സിനേഷൻ നടപടികൾ സംസ്ഥാനത്ത് മെല്ലെപോകാൻ കാരണം എന്നാണ് കേരളത്തിന്റെ ഇക്കാര്യത്തിലുള്ള മറുപടി. രാജ്യത്ത്
കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചതിന് ശേഷമുള്ള സാഹചര്യങ്ങൾ പ്രതിദിനം കേന്ദ്രസർക്കാർ അവലോകനം ചെയ്യുന്നുണ്ട്. വിഡിയോ കോൺഫറൻസ്
മുഖേനയാണ് യോഗങ്ങൾ. ഇന്നലെ വരെയുള്ള സ്ഥിതിവിവരം അവലോകനം ചെയ്തപ്പോൾ സംസ്ഥാനത്തെ വാക്സിനേഷൻ നടപടികൾ ഉചിത വേഗത്തിലല്ല നടക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.വാക്സിനേഷൻ നടപടികളിലെ മെല്ലെപോക്കിൽ സംസ്ഥാനത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം അതൃപ്തി അറിയിച്ചു.

വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നിർദ്ദേശം നൽകി. മുൻഗണനാ വിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്ന തോത് സംസ്ഥാനത്ത് 25 ശതമാനത്തിൽ താഴെയാണ്.ഈ സാഹചര്യത്തിൽ വാക്സിനേഷനായി ആത്മവിശ്വാസം പകരാൻ പ്രചാരണ പരിപാടികൾ അടക്കമുള്ള കൂടുതൽ നടപടികൾക്കും കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.കേരളത്തിന് പുറമേ തമിഴ്നാട്, പഞ്ചാബ്,ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും വാക്സിനേഷൻ വേഗത്തിൽ നടക്കുന്നില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. അതേസമയം സംസ്ഥാനത്ത് വാക്സിനേഷൻ ഭീതി
ഉണ്ടെന്ന് കേരളം പ്രതിദിന യോഗത്തിൽ വിശദികരിച്ചു. മുന്നണി പോരാളികളിൽ അടക്കം വാക്സിനേഷൻ ഭീതി കേരളത്തിൽ നിലനിൽക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വേഗത്തിൽ വാക്സിനേഷൻ നടപടികൾ സംസ്ഥാനത്ത് നടത്താൻ ശ്രമിക്കും എന്നും കേരളം പ്രതിദിന അവലോകന യോഗത്തിൽ വ്യക്തമാക്കി.