ബിഷപ്പ് ഫ്രാങ്കോ ക്കെതിരെയുള്ള പീഡന പരാതിയിൽ, അപ്പീലുകളിൽ ഇരട്ടത്താപ്പോ?

ബിഷപ്പ് ഫ്രാങ്കോ ക്കെതിരെയുള്ള പീഡന പരാതിയിൽ, അപ്പീലുകളിൽ ഇരട്ടത്താപ്പോ?

 കോട്ടയം: ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട  പീഡന പരാതിയിൽ അപ്പീൽ പോകുവാനുള്ള പ്രോസിക്യൂഷൻ തീരുമാനത്തിന് അനുവാദം കൊടുത്ത സർക്കാർ നിലപാട് ഇരട്ടത്താപ്പും അപക്വവുമാണെന്ന് കാത്തലിക് ഫോറം പ്രസിഡണ്ട് ബിനു ചാക്കോ. ബിഷപ്പ് ഫ്രാങ്കോ യ്ക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ കോടതിയുടെ ദീർഘ വിചാരണക്ക് വിധേയമായവയാണ്. ആരോപണമുന്നയിച്ച വ്യക്തിക്ക് അത് തെളിയിക്കുവാൻ ആവശ്യമായ സാഹചര്യമോ തെളിവുകളോ കോടതിയെ ബോധിപ്പിക്കുവാൻ സാധിച്ചിട്ടില്ല. ആരോപണമുയർന്നു വന്ന സമയത്ത് നിരവധിയായ തെളിവുകളുണ്ട് എന്ന് പറഞ്ഞത് ഒന്നും തന്നെ കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. പറഞ്ഞതും കേട്ടതും ആയ ഒരു സാക്ഷിക്ക് പോലും കോടതിയിൽ കൃത്യമായ തരത്തിൽ ഇരക്ക് ആവശ്യമായ മൊഴികൾ കൊടുക്കുവാനും കഴിഞ്ഞില്ല. ഇത്തരമെല്ലാ സാഹചര്യങ്ങളുടെ മധ്യേയാണ് ബിഷപ് ഫ്രാങ്കോയെ വിചാരണ കോടതി വെറുതെ വിട്ടത്. കോടതിയുടെ വിധി പകർപ്പിലും ഇത്തരം കാര്യങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.  അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന വ്യക്തികൾക്ക് കോടതിയിൽ ആവശ്യമായ തെളിവുകളോ സാക്ഷികളെ യഥാവിധി ഹാജരാക്കാൻ സാധിക്കാഞ്ഞതിലെ ജാള്യത മറക്കാനും , കള്ള പ്രചരണങ്ങളുടെ മധ്യേ തെറ്റിദ്ധരിപ്പിക്കപ്പെട്ട മാധ്യമങ്ങളുടെയും സമ്മർദ്ദത്തെ തുടർന്ന് അപ്പീൽ കൊടുക്കുവാനുള്ള ഈ തീരുമാനം അപക്വം എന്നേ പറയുവാൻ സാധിക്കുകയുള്ളു.

 അതേസമയം ഏതാണ്ട് ഇതേ കാലഘട്ടത്തിൽ തന്നെ കോഴിക്കോട് ഇരട്ട സ്ഫോടനം കേസിൽ വിചാരണക്കോടതിയായ NIA കോടതി ശിക്ഷിച്ച തടിയന്ടവിട നസീർ എന്ന  പ്രതിയെ വെറുതെ വിട്ട ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകാത്ത സർക്കാർ നിലപാടും സംശയകരമാണ്. ക്രൈസ്തവ സഭയെയും, ക്രൈസ്തവ സഭയുടെ പിതാക്കന്മാരെയും എപ്പോഴും സംശയത്തിന്റെ മുന്നിൽ നിർത്തുവാനും, അതുവഴി സഭാ സംവിധാനത്തെ ദുർബലപ്പെടുത്താനുമുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണോ ഇത്തരത്തിലുള്ള അപക്വമായ സർക്കാർ തീരുമാനങ്ങളിലൂടെ പുറത്തു വരുന്നത്. സംസ്ഥാനത്ത് സർക്കാർ വിരുദ്ധമായി വരുന്ന ഏതു വിഷയങ്ങളും ഉയർന്നു വരുന്ന സമയത്ത് ക്രൈസ്തവ സഭകളെ ആക്രമിക്കാനുള്ള കേസുകൾ മറുവശത്ത് ഉയർത്തിക്കൊണ്ടുവരുന്ന ഒരു പ്രതിഭാസം കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ - സാമൂഹ്യവിരുദ്ധ - മാധ്യമ സിൻഡിക്കേറ്റിന്റെ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടോ എന്ന് സംശയിക്കുന്നു.

 സംസ്ഥാനത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങളിൽ രാഷ്ട്രീയപരമായും നിയമപരമായും തീരുമാനമെടുക്കേണ്ട അധികാരികൾ അപക്വമായ തീരുമാനങ്ങളിലൂടെ ഒരു സമുദായത്തെ നിരന്തരം ആക്രമിക്കാൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്. വിചാരണക്കോടതി സുചിന്തിതമായി എടുത്തൊരു വിധിയെ കുറേക്കാലം കൂടി സംശയത്തിന് മുൾമുനയിൽ നിർത്തിക്കൊണ്ട് ക്രൈസ്തവ സഭയിലെ ഒരു മെത്രാനെ ആക്രമിക്കാനുള്ള സഭാ വിരുദ്ധ ശക്തികൾക്ക് ഒത്താശ ചെയ്യുന്നവരായി ഒരു സംസ്ഥാന ഭരണകൂടം മാറരുത്എന്ന് അഭ്യർത്ഥിക്കുകയാണ്.

 സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുവാൻ ശ്രമിക്കുന്ന ശക്തികൾ മഹത്വവത്കരിക്കപ്പെടുന്ന ഹൈക്കോടതി വിധികൾക്കെതിരെ അപ്പീൽ പോകാതെ വിചാരണക്കോടതി പ്രഥമദൃഷ്ട്യാതന്നെ തള്ളിക്കളഞ്ഞ ഒരു കേസിന് അപ്പീൽ പോകുന്ന നടപടി അപക്വം എന്നെ പറയുവാൻ കഴിയുകയുള്ളൂ. ഇത്തരം അപക്വമായ നടപടികൾ ഒരു സമൂഹത്തിനാകെ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയെ സംബന്ധിച്ച്  അധികാരികൾ ഉണരണമെന്ന് അഭ്യർത്ഥിക്കുകയാണ് . അധികാരികളുടെ ഇത്തരം നടപടികൾ ഇരട്ടത്താപ്പ് എന്ന് ചിന്തിച്ചാൽ അധികമാവില്ല.