"സ്വപ്ന" സുന്ദരിയുടെ ബാധ വിട്ടൊഴിയാത്തവർ....

"സ്വപ്ന" സുന്ദരിയുടെ ബാധ വിട്ടൊഴിയാത്തവർ....

കവിയശ്ശപ്രാർഥികളും മന്ദന്മാരുമായ രാഷ്ട്രീയക്കാരുടെ 'സൂകരപ്രസവ'ങ്ങളെ കുറിച്ചും അവരെ വ്യാഖ്യാനിച്ചു നെറ്റിപ്പട്ടം ചാർത്തിച്ചു കാളിദാസനും ഷെല്ലിയ്ക്കും ഷേക്സ്പിയറിനും കീറ്റ്‌സിനും മിൽറ്റനും ഒക്കെ ഒപ്പം പ്രതിഷ്ഠിക്കാനുള്ള 'തൽപര'കക്ഷികളുടെ പരിശ്രമത്തെക്കുറിച്ചും കഴിഞ്ഞ ദിവസം ചില സുഹൃത്തുക്കൾ പറഞ്ഞു വെച്ചതേ ഉള്ളൂ..

അപ്പോഴാണ് 'പുതിയ ബൈപ്പാസ് റോഡിനെ' ലലനാമണിയായി ചിത്രീകരിച്ചു കൊണ്ടുള്ള ശ്രീ.ജി. സുധാകരന്റെ "കവിത" (അഥവാ കുറിപ്പടി) Whatsapp വഴി കിട്ടിയത്.

ടി രചന ഇതോടൊപ്പം ചേർക്കുന്നു. വായിപ്പിൻ ആസ്വദിപ്പിൻ.. അർമാദിപ്പിൻ..

 

 ലാദൻ കവിതയേക്കാളും പൂച്ചക്കവിതയേക്കാളും ഒക്കെ ഭാഷാശുദ്ധിയും പദസമ്പത്തിയും ഒക്കെ കൈവരിച്ചിട്ടുണ്ട് ഇപ്പോൾ എന്ന ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്.

 

അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ എന്നു പറഞ്ഞത് പോലെ 'സ്വപ്നബാധ' എൽക്കാത്തവരും 'കൂട്ടത്തിൽ' ഇല്ല എന്ന് വരികൾക്കിടയിൽ വായിച്ചെടുക്കാം. 

 

ലോകത്തിൽ മനോഹരമായി വർണിക്കപ്പെടേണ്ട ആശയങ്ങൾക്ക് സ്ത്രൈണത കല്പിച്ച് വർണിക്കുന്ന രീതി പല കവികളും സ്വീകരിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ 'കാവ്യനർത്തകി' ഒക്കെ ആ ഗണത്തിൽ പെടുന്നതാണല്ലോ..

 

എന്നാൽ സുധാകരകവിയുടെ കവിത അതിരു കടന്ന "സ്ത്രീവിരുദ്ധത"യുടെ ലജ്ജയില്ലാത്ത ചിത്രീകരണം ആണ് എന്ന് പറയാതെ നിവൃത്തിയില്ല.  

ബൈപ്പാസ് റോഡിനു സ്ത്രീസ്വത്വം കല്പിച്ച സുധാകരകവി വാഹനങ്ങൾക്ക് പുരുഷസ്വത്വം കല്പിക്കുമ്പോൾ ആണ് അനന്തരഭാവന ചിറകു വിടർത്തുന്നത്..

"ഭവതി തൻ മേനിയിൽ മേൽമേൽ ഉരസി രമിക്കവേ" - എന്നാണ് 'കവി'ഭാഷ. 

ഇങ്ങനെ മേന്മേൽ ഉരസി രമിക്കുവാൻ വഴങ്ങിക്കൊടുക്കുന്നത് മഹത്തായ "സേവന"മായി കവി വാഴ്ത്തിപ്പാടുന്നു. 

ഇതൊന്നും 'ബ്രാൻഡഡ് നിരൂപകശിങ്കങ്ങൾ' കണ്ട ഭാവം നടിക്കില്ലല്ലോ. 

 ഫെമിനിസ്റ്റുകളുടെ കാഴ്‌ച മറയ്ക്കുന്ന അധികാര രാഷ്ട്രീയത്തിന്റെ വർണപ്പൊലിമ കവിയിലൂടെ കവിതയിലും പ്രസരിച്ചിരിക്കുന്നത് കൊണ്ട് അവരുടെ ദൃഷ്ടിപഥത്തിന്റെ പരിധിക്കപ്പുറം തന്നെയാണ് ഈ 'കവിത'. അഥവാ കണ്ണിൽ പെട്ടാൽ തന്നെ ഇതിൽ സ്ത്രീവിരുദ്ധത കണ്ടെത്തുന്നത് വായനക്കാരന്റെ 'ഒളിഞ്ഞുനോട്ടം' കൊണ്ടു സംഭവിച്ചതാണ് എന്നു പറഞ്ഞാൽ ഒരാളും വിമർശനവുമായി ഏഴയലത്ത് വരില്ല.  

 

ഈ 'കവിത' പാഠപുസ്‌തകകമ്മിറ്റിക്കാർ കാണരുതേ എന്നാണ് ഇപ്പോഴത്തെ പ്രാർത്ഥന. 

'ദീപസ്തംഭം മഹാശ്ചര്യം' ന്യായേന 'ഉത്തരാധുനിക കല്പനാവൈഭവത്തിന്റെ മകുടമണി'യായി ഈ 'കാവ്യതല്ലജ'ത്തെ പരിചയപ്പെടുത്തുവാൻ മടി കാണിക്കാത്ത 'ശുംഭത്തരം' (ശുംഭൻ = ശോഭിക്കുന്നവൻ) അവരിൽ ചിലർക്കുണ്ടല്ലോ...

- ഡോ : ഭാർഗവ റാം