സ്ത്രീകളുടെ അവകാശ പോരാട്ടത്തിന്റെ പ്രതീകം മേരി റോയ് അന്തരിച്ചു

സ്ത്രീകളുടെ അവകാശ പോരാട്ടത്തിന്റെ പ്രതീകം മേരി റോയ് അന്തരിച്ചു

കോട്ടയം : പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധയും സാമൂഹിക പ്രവര്‍ത്തകയുമായ മേരി റോയ് (89) അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പരേതനായ രാജീബ് റോയിയാണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. 1916-ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരേ നടത്തിയ പോരാട്ടങ്ങളിലൂടെയാണ് മേരി ഏറെ ശ്രദ്ധേയയായത്. പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തിയ വിധിക്ക് മേരിയുടെ പോരാട്ടം വഴിയൊരുക്കുകയായിരുന്നു. 1986-ലാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പ്രസ്താവം നടത്തിയത്.കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയും മേരിയാണ്. സാമ്ബ്രാദായിക മാതൃകകളെ പിന്തുടരാത്ത സ്‌കൂള്‍ അന്തരീക്ഷവും പഠനസമ്ബ്രദായവുമാണ് പള്ളിക്കൂടത്തിലൂടെ മേരി നടപ്പാക്കിയത്. കോട്ടയത്തെ ആദ്യ സ്‌കൂളായ റവ. റാവു ബഹദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂളിന്റെ സ്ഥാപകന്‍ ജോണ്‍ കുര്യന്റെ പേരക്കുട്ടിയും പി.വി. ഐസക്കിന്റെ മകളുമായി 1933 ല്‍ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ചെന്നൈ ക്വീന്‍ മേരീസ് കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. കൊല്‍ക്കത്തയിലെ ഒരു കമ്ബനിയില്‍ സെക്രട്ടറിയായി ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് വിവാഹം ചെയ്തത്.