ബൈഡന്‍ സ്ഥാനമേല്‍ക്കും മുമ്ബ് ഈ മൂന്നുപേരും വധിക്കപ്പെടുമോ? വധശിക്ഷ കാത്തിരിക്കുന്ന ഈ മൂന്നുപേര്‍ ആരാണ്?
അമേരിക്കയില്‍ ട്രംപിന്‍റെ ഭരണം അവസാനിക്കാന്‍ പോവുകയാണ്, ബൈഡന്‍ സ്ഥാനമേറാനും. എന്നാല്‍, അത് അവസാനിക്കും മുമ്ബ് മൂന്നുപേര്‍ക്കുള്ള വധശിക്ഷ നടപ്പിലാക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയാണ് ഭരണകൂടം. കഴിഞ്ഞ 130 വര്‍ഷത്തിനിടയില്‍ മറ്റേതൊരു പ്രസിഡണ്ട് നടപ്പിലാക്കുന്നതിനേക്കാളും വധശിക്ഷ ട്രംപ് അധികാരത്തിലിരിക്കുമ്ബോള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഒപ്പം തന്നെ അവസാനിപ്പിച്ച ഫൈയറിംഗ് സ്ക്വാഡ് അടക്കമുള്ള രീതികള്‍ തിരികെ കൊണ്ടുവരുന്നതിനും ട്രംപ് ശ്രമിച്ചിട്ടുണ്ട്.
വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് ട്രംപിനെ പിന്തിരിപ്പിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ, ഡെമോക്രാറ്റുകള്‍, ക്രിമിനല്‍ ജസ്റ്റിസ് ലോകത്തെ വിദഗ്ധര്‍ എന്നിവരില്‍ നിന്നുള്ള എതിര്‍പ്പുകള്‍ പരാജയപ്പെടുകയായിരുന്നു.
തടവിലാക്കപ്പെട്ട 10 പേരെ ഈ വര്‍ഷം മാരകമായ കുത്തിവയ്പ്പിലൂടെ വധിച്ചു കഴിഞ്ഞു. കൊവിഡ് 19 -ന തുടര്‍ന്ന് മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍, ട്രംപ് ഭരണം അവസാനിക്കും മുമ്ബ് അത് നടപ്പിലാക്കുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ജോ ബൈഡന്‍ അധികാരത്തിലേറിയാല്‍ വധശിക്ഷയുടെ കാര്യത്തില്‍ ട്രംപിന്‍റെ നയങ്ങളാകില്ല പിന്തുടരുന്നത് എന്നാണ് കരുതുന്നത്. അതിന് മുമ്ബ് വധശിക്ഷ നടപ്പിലാകുമോ എന്ന് സംശയിക്കുന്ന മൂന്നുപേര്‍ ഇവരാണ്.
ലിസ മോണ്ട്ഗോമറി
ആസൂത്രണം ചെയ്തനുസരിച്ച് ജനുവരി 12 -ന് 52 -കാരിയായ ലിസ മോണ്ട്ഗോമറിയെ ഫെഡറല്‍ സര്‍ക്കാര്‍ വിജയകരമായി വധിക്കുകയാണെങ്കില്‍, 70 വര്‍ഷത്തിനുള്ളില്‍ ആ വിധി നേരിടുന്ന ആദ്യ വനിതയായിരിക്കും അവര്‍. എന്നാല്‍, കുറ്റകൃത്യത്തിനുമുമ്ബ്, മദ്യപാനിയായ അമ്മ, രണ്ടാനച്ഛന്‍, സ്റ്റെപ് ബ്രദര്‍ എന്നിവരില്‍ നിന്ന് വര്‍ഷങ്ങളോളം ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍ അവള്‍ നേരിട്ടു. ക്രിമിനലായി മാറിയതിനും കൊലപാതകം നടത്തിയതിനും ഇതും ഒരു കാരണമായേക്കാമെന്നും അതിനാല്‍ വധശിക്ഷ മാറ്റി ജീവപര്യന്തമാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതിന്‍റെ ഭാഗമായി ബ്രെയിന്‍ സ്കാനും നടന്നിരുന്നു.
കന്‍സാസ് സ്വദേശിയായ മോണ്ട്ഗോമറി, ബോബി ജോ സ്റ്റിന്നറ്റ് എന്ന 23 -കാരിയായ ഗര്‍ഭിണിയെ 2004 -ല്‍ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. അവള്‍ ജോയുടെ വീട്ടിലേക്ക് കടന്ന് കഴുത്തു ഞെരിച്ച് അവളെ കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ അടുക്കളക്കത്തി ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു. കൊലപാതകം നടന്നതിന്റെ പിറ്റേദിവസം ലോക്കല്‍ പൊലീസ് അവളെ വീട്ടില്‍ കണ്ടെത്തുന്നതുവരെ മോണ്ട്ഗോമറി നവജാതശിശുവിനെ സൂക്ഷിക്കുകയും കുട്ടി സ്വന്തമാണെന്ന് അവകാശപ്പെടുകയും ചെയ്തു.
2007 -ല്‍ മോണ്ട്ഗോമറി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. സ്റ്റെപ് ബ്രദര്‍ കൂടിയായ അവളുടെ മുന്‍ ഭര്‍ത്താവ് മോണ്ട്ഗോമറിയെ മക്കളുടെ കസ്റ്റഡി കോടതിയില്‍ നിന്നും തന്നിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിനിടയില്‍ അവള്‍ ഗര്‍ഭം ധരിക്കുകയും കുട്ടിയെ നഷ്ടപ്പെടുകയുമുണ്ടായി. എന്നാല്‍, താന്‍ ഗര്‍ഭിണിയാണ് എന്ന് തന്നെയാണ് അവള്‍ ഭര്‍ത്താവിനെ വിശ്വസിപ്പിച്ചിരുന്നത്. അത് തകരാതിരിക്കാനാണ് മോണ്ട്ഗോമറി കൊലപാതകം നടത്തുകയും കുട്ടി തന്‍റേതാണ് എന്ന് അവകാശപ്പെടുകയും ചെയ്തത്.
എന്നാല്‍, വിഷാദവും പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡറുമടക്കം പലതും അവരെ അലട്ടിയിരുന്നുവെന്നും അവരുടെ മാനസികനില നല്ലതായിരുന്നില്ല എന്നും വാദങ്ങളുണ്ടായി. വീട്ടില്‍ നിന്നും ഭര്‍ത്താക്കന്മാരില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന പീഡനങ്ങള്‍ അവരെ തകര്‍ത്തിരുന്നു. ഏതായാലും മോണ്ടിഗോമറിക്ക് വധശിക്ഷ തന്നെയാണ് വിധിച്ചത്. ഡിസംബര്‍ എട്ടിനായിരുന്നു അവരുടെ വധശിക്ഷ നടപ്പിലാകേണ്ടിയിരുന്നത്. എന്നാല്‍, കൊവിഡിനെ തുടര്‍ന്ന് അത് നീട്ടിവയ്ക്കുകയായിരുന്നു.
കോറി ജോണ്‍സണ്‍
ന്യൂടൌണ്‍ സംഘത്തിലെ മൂന്നുപേരിലൊരാളായിരുന്നു കോറി ജോണ്‍സണ്‍. 1989 -നും 1992 -നും ഇടയില്‍ പത്തുപേരെയാണ് സംഘം വധിച്ചത്. കൊലപാതകങ്ങള്‍ നടക്കുന്ന സമയത്ത് സംഘം കൊക്കെയ്ന്‍ കടത്തിലേര്‍പ്പിട്ടിരുന്നു. ജനുവരി 14 -നാവും 52 -കാരനായ ജോണ്‍സണിന്‍റെ വധശിക്ഷ നടപ്പിലാക്കുക. ന്യൂയോര്‍ക്ക് സിറ്റിയിലാണ് ജോണ്‍സണ്‍ ജനിച്ചത്. ഹെറോയിന്‍ ഉപയോഗിച്ചിരുന്ന അമ്മ എപ്പോഴും അയാളെ ഉപദ്രവിക്കുമായിരുന്നു. ബൌദ്ധികപരമായി വളര്‍ച്ചയില്ലാത്തയാളായിരുന്നു ജോണ്‍സണ്‍. എന്നാല്‍, അത് ആര്‍ക്കും തിരിച്ചറിയാനായിരുന്നില്ല. പതിമൂന്നാമത്തെ വയസില്‍ അമ്മ അയാളെ ഉപേക്ഷിച്ചു. പിന്നീട് പല അഭയകേന്ദ്രങ്ങളിലും അയാള്‍ കഴിഞ്ഞു.18 വയസായപ്പോഴേക്കും അയാള്‍ മയക്കുമരുന്നടക്കം പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട് തുടങ്ങി.ഈ മാസം ആദ്യം ജോണ്‍സണ്‍ കൊവിഡ് പൊസിറ്റീവായി. മാനസികനിലയും മറ്റും പരിഗണിച്ച് ജോണ്‍സണിന്‍റെ വധശിക്ഷ ജീവപര്യന്തമാക്കണമന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
ഡസ്റ്റിന്‍ ഹിഗ്സ്
മേരിലാന്‍ഡില്‍ 1996 -ല്‍ മൂന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്ത കുറ്റത്തിനാണ് ഹിഗ്സ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. മൂന്നുപേരുണ്ടായിരുന്നുവെങ്കിലും കൂട്ടത്തില്‍ വധശിക്ഷ കിട്ടിയത് ഹിഗ്സിന് മാത്രമായിരുന്നു. ജനുവരി 15 -നാവും ഇയാളുടെ വധശിക്ഷ നടപ്പിലാവുക.
1996 -ലാണ് മൂന്നുപേരും ചേര്‍ന്ന് ഇയാളുടെ അപാര്‍ട്മെന്‍റില്‍ വച്ച് ടാമിക ബ്ലാക്ക് (19), ടാനി ജോക്സണ്‍ (21), മിഷാന്‍ ചിന്‍ (23) എന്നീ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തുന്നത്. വണ്ടിയില്‍ വീട്ടിലെത്തിക്കാമെന്ന് സ്ത്രീകളോട് പറഞ്ഞശേഷം കൂട്ടുകാരും ചേര്‍ന്ന് അവരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ട്രിഗര്‍ വലിച്ചത് ഹിഗ്സ് അല്ലെന്നും അതിനാല്‍ വധശിക്ഷ പിന്‍വലിക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ച ഹിഗ്സിന് കൊവിഡ് പൊസിറ്റീവായിരുന്നു. അതിന്‍റെ പശ്ചത്തലത്തിലും ശിക്ഷ ജീവപര്യന്തമാക്കണമെന്ന് അറ്റോര്‍ണി ആവശ്യപ്പെട്ടിരുന്നു.
ഏതായാലും ബൈഡന്‍ സ്ഥാനമേല്‍ക്കും മുമ്ബ് മൂവരുടെയും വധശിക്ഷ നടപ്പിലാകുമെന്നാണ് കരുതുന്നത്.
Comments (0)