ആസൂത്രിത തട്ടിപ്പ് ; രക്ഷപെടാനും ആസൂത്രിത നീക്കം ; പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക സംഘടനകള്‍ നിശബ്ദം
കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ നീക്കം. കേന്ദ്ര എജന്‍സികളുടെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരും ഈ കേസില്‍ ഒരു താല്‍പ്പര്യവും കാണിക്കുന്നില്ല. അന്വേഷണത്തിന് എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ വിമുഖതകാട്ടി. പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിയുടെ ചെയര്‍പേഴ്സന്‍ മേരിക്കുട്ടി ദാനിയെലിനെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ ഓസ്ട്രേലിയയില്‍ മകളാണ് സംരക്ഷിക്കുന്നത്. നിക്ഷേപ സംഘടനകളുടെ പ്രതിഷേധങ്ങള്‍ ഇപ്പോള്‍ കുറച്ചിട്ടുണ്ട്. ഇതിനുപിന്നില്‍ പോപ്പുലര്‍ ഉടമകളുടെ സ്വാധീനമുണ്ടെന്നും പറയുന്നു.
2014 ല്‍ പോപ്പുലറിനെതിരെ ആര്‍.ബി.ഐ നിയമ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും അതൊന്നും പൂര്‍ണ്ണമായി വിജയിച്ചില്ല. സര്‍ക്കാരോ അന്വേഷണ ഉദ്യോഗസ്ഥരോ ഈ കേസില്‍ വേണ്ടത്ര താല്‍പ്പര്യം കാണിച്ചില്ല. വാര്‍ത്തകള്‍ മുക്കുവാന്‍ മുന്‍ നിര മാധ്യമങ്ങളും കൂടെ നിന്നു. ജനപ്രതിനിധികള്‍ ഒന്നും അറിഞ്ഞില്ലെന്നു നടിച്ചു. ആവശ്യമായ സഹായം പോലീസും നല്‍കി. നാനാവഴികളിലൂടെയും പിന്തുണയും സഹായവും കിട്ടിയതോടെ പോപ്പുലര്‍ ഫിനാന്‍സ് വന്‍ തട്ടിപ്പിന് ഒരുങ്ങുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വളരെ ആസൂത്രിതമായി ഇപ്പോള്‍ തട്ടിപ്പ് നടന്നത്. എതിരാളികളെ വശത്താക്കുവാനും നിശബ്ദരാക്കുവാനും പോപ്പുലര്‍ ഉടമകള്‍ വിദഗ്ദരാണ്. മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് ലക്ഷങ്ങളുടെ പരസ്യങ്ങള്‍. രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്നതും വന്‍ തുകകള്‍. ചുരുക്കം പറഞ്ഞാല്‍ പോപ്പുലര്‍ റോയിയുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തവരാണ് അധികവും.
പോപ്പുലര്‍ കേസിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ നിശബ്ദമായിരുന്നു, പോലീസും തട്ടിപ്പിനിരയായ നിക്ഷേപകരെ സഹായിച്ചില്ല, ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും മുഖംതിരിച്ചു. എന്നിട്ടും നിക്ഷേപകര്‍ അടങ്ങിയില്ല. രാജ്യത്ത് ആദ്യമായി തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ സംഘടന രൂപീകരിച്ചു. നിക്ഷേപകരെ ഒന്നിച്ചുനിര്‍ത്തി പൊരുതുവാന്‍ നാലോളം സംഘടനകളാണ് ജന്മംകൊണ്ടത്. സമരവും പ്രതിഷേധവും കേസുകളുമായി അവര്‍ ശക്തമായി മുന്നോട്ടുനീങ്ങി. അപകടം മുന്നില്‍കണ്ട പോപ്പുലര്‍ പ്രതികള്‍ നിക്ഷേപകരുടെ സംഘടിത ശക്തി തകര്‍ക്കുവാന്‍ തകര്‍ക്കുവാന്‍ കച്ചകെട്ടി. തങ്ങളുടെ ഏറ്റവും വിശ്വസ്തരായ ചില ജീവനക്കാരെയും സഭയുമായി ബന്ധപ്പെട്ട ചിലരെയുമാണ് ഇതിന് നിയോഗിച്ചത്. പോപ്പുലര്‍ റോയിയുടെ രണ്ടു മക്കളെ വിദേശത്തേക്ക് കടത്തുവാന്‍ എല്ലാ സഹായവും നല്കിയതും ഇതിന് ചുക്കാന്‍ പിടിച്ചതും ജീവനക്കാരായ ഇവരാണ്. നിര്‍ഭാഗ്യവശാലാണ് രണ്ടു മക്കളെയും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പിടികൂടിയത്. തൃശ്ശൂര്‍ സ്വദേശി പ്രമോദ്, അടൂര്‍ സ്വദേശി സന്തോഷ് എന്നിവരുടെ പേരിലാണ് ഇന്ന് ആരോപണങ്ങള്‍.
നിക്ഷേപ സംഘടനകളുടെ പ്രതിഷേധങ്ങള്‍ തണുപ്പിക്കുന്നതിനും ചിലരെ അനുനയിപ്പിക്കുന്നതിലും ഇവര്‍ വിജയിച്ചുവെന്നു കരുതേണ്ടിയിരിക്കുന്നു. നിക്ഷേപകര്‍ക്ക് മടക്കിനല്‍കേണ്ട പണം, കേസില്‍ നിന്നും രക്ഷപെടാനാണ് ഇപ്പോള്‍ ഇവര്‍ ഉപയോഗിക്കുന്നത്. ഈ പണം ഉപയോഗിച്ച് കേസ് അട്ടിമറിക്കുവാനും ഇവര്‍ ശ്രമിക്കുന്നുവെന്നാണ് സൂചന. കേസുകള്‍ അട്ടിമറിക്കാന്‍ ഒരു കോട്ടയംകാരനെയാണ് പ്രതികളും അവരുടെ അഭിഭാഷകരും കൂട്ടുപിടിച്ചിരിക്കുന്നത്. കേസുകളും പരാതികളും പൂര്‍ണ്ണമായി ഒഴിവാക്കി ഓസ്ട്രേലിയയിലേക്ക് കടക്കുവാന്‍ സഹായിച്ചാല്‍ കോടികള്‍ പ്രതിഫലമായി നല്‍കാമെന്നും ഇവര്‍ക്ക് വാഗ്ദാനമുണ്ടെന്നു പറയുന്നു. ഇതിന്റെ ഭാഗമായാണ് കോട്ടയം കേന്ദ്രമാക്കി ഒതുതീര്‍പ്പ് ഫോര്‍മുലകളും ചര്‍ച്ചകളും നടക്കുന്നത്. മൂലധനമില്ലാത്ത ഒരു തട്ടിക്കൂട്ട് കമ്പിനിയെ മുന്നില്‍ കാണിച്ചാണ് നിക്ഷേപകരെ പ്രലോഭിപ്പിക്കുന്നത്.
Comments (0)