ആറാം നിലയിൽ നിന്നും വീട്ടുജോലിക്കാരി താഴോട്ട് വീണ് പരിക്കേറ്റ സംഭവം: ദുരൂഹത തുടരുന്നു.....

ആറാം നിലയിൽ നിന്നും വീട്ടുജോലിക്കാരി താഴോട്ട് വീണ് പരിക്കേറ്റ സംഭവം: ദുരൂഹത തുടരുന്നു.....

കൊച്ചി: നഗരമധ്യത്തിലെ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നും വീട്ടുജോലിക്കാരി താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാതെ പോലീസിന്റെ ഒളിച്ചുകളി. സാരിയിൽ തൂങ്ങി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സ്ത്രീ താഴെ വീണതാണെന്ന നിഗമനം, സംഭവം നടന്ന ആദ്യ മണിക്കൂറുകളിൽ തന്നെ പങ്കുവെച്ച പോലീസ് ഇന്നലെ നിലപാടുകൾ മാറ്റി.

ആത്മഹത്യാശ്രമത്തിന് സ്ത്രീയുടെ പേരിൽ കേസ് എടുക്കാം എന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്.  അതേസമയം ഗുരുതരമായി തലയ്ക്കു പരിക്കേറ്റ സേലം സ്വദേശിനി കുമാരി(55) ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ  തുടരുകയാണ്.

അതീവ ഗുരുതരാവസ്ഥയിലാണ് ഇവരെന്നും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. ഫ്ലാറ്റിലെ താമസക്കാരുടെ മൊഴിയെടുക്കുന്ന ജോലി തുടരുകയാണെന്നും അന്വേഷണത്തിൽ ഇതുവരെ അസ്വാഭാവികമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ആത്മഹത്യാ ശ്രമം നടത്തുവാൻ കെട്ടിടത്തിൽ നിന്നും ചാടിയാൽ മതിയെന്ന് ഇടയ്ക്ക് സാരിയിൽ തൂങ്ങിയിറങ്ങി താഴോട്ട് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അതിന്റെ യുക്തി പോലീസിനും വിശദീകരിക്കാൻ ആകുന്നില്ല.

ഈ കാര്യത്തിലെ അസ്വാഭാവികത അന്വേഷിക്കാൻ ആണോ അതോ ദുരൂഹത അകറ്റാനോ  പോലീസ് തയ്യാറാകുന്നില്ല.ശനിയാഴ്ച രാത്രി എട്ടിനാണ് മറൈൻഡ്രൈവിലെ ലിങ്ക്  ഹൊറൈസൺ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നും താഴോട്ട് വീണു പരിക്കേറ്റ നിലയിൽ കുമാരിയെ കണ്ടെത്തിയത്.

കാർപോർച്ചിന്റെ മുകളിൽ വീണു കിടക്കുന്ന നിലയിലായിരുന്നു ഇവർ. എറണാകുളം സെൻട്രൽ പോലീസ് ആണ് സംഭവം അന്വേഷിക്കുന്നത്.