പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം; വിടവാങ്ങല്‍ എണ്ണംപറഞ്ഞ കവിതകളും ഗാനങ്ങളും ബാക്കിയാക്കി

പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം; വിടവാങ്ങല്‍ എണ്ണംപറഞ്ഞ കവിതകളും ഗാനങ്ങളും ബാക്കിയാക്കി

പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണത്തിന് കീഴടങ്ങിയത്. മരണം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു. മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

'രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയതാണ്. ഇടയ്ക്കുവച്ച്‌ തലചുറ്റലുണ്ടായി കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലും തുടര്‍ന്ന് കിംസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളില്‍ മരിച്ചു. ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് ബാധിതനായി ചികിത്സയില്‍ അല്ലായിരുന്നെന്നും അതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും' അനിലിന്റെ ഭാര്യാസഹോദരീ ഭര്‍ത്താവ് പറഞ്ഞു.

അനില്‍കുമാര്‍ പി യു എന്നാണ് യഥാര്‍ത്ഥ പേര്. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ 'ചോര വീണ മണ്ണില്‍ നിന്നു', എം മോഹനന്റെ കഥ പറയുമ്ബോള്‍ എന്ന ചിത്രത്തിലെ 'വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ' എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി. നങ്ങ്യാര്‍കുളങ്ങര ടി കെ എം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1965 നവംബര്‍ 20-ന് കായങ്കുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ജനിച്ചു. അച്ഛന്‍: ഉദയഭാനു; അമ്മ: ദ്രൗപദി. ബാല്യകാലം മുംബൈയിലായിരുന്നു. ടി.കെ.എം.എം. കോളജ്, നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വ്വകലാശാല എന്നിവയിലൂടെ പഠനം. എം.എ. (പബ്ലിക് അഡ്‌മിനിസ്ട്രേഷന്‍), എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരിക്കുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അക്ഷേത്രിയുടെ ആത്മഗീതം, വലയില്‍ വീണ കിളികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു കവിതാസമാഹാരങ്ങള്‍.

അറബിക്കഥ, കഥ പറയുമ്ബോള്‍, മാടമ്ബി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്സ്പീക്കര്‍, പാസഞ്ചര്‍, ഭഗവാന്‍, പരുന്ത്, ബോഡിഗാര്‍ഡ്, മാണിക്യക്കല്ല്, സീനിയേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി ഗാനങ്ങള്‍ രചിച്ചു.