എറണാകുളം: എക്സൈസ് ക്രൈം ബ്രാഞ്ച് നിലവില്‍ വന്നശേഷം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച ആദ്യ കേസ്സിലെ എല്ലാ പ്രതികളെയും 15 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. നിലമ്പൂർ കൂറ്റമ്പാറയിൽ 182 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും അനധികൃതമായി കടത്തികൊണ്ട് വന്ന കേസിലുൾപ്പെട്ട മുഴുവൻ പ്രതികളെയുമാണ് മഞ്ചേരി NDPS സ്പെഷ്യൽ കോടതി 15 വർഷത്തേക്ക് ശിക്ഷിച്ചത്.സംഭവ സ്ഥലത്തിവെച്ച് നാലുപേരെ അറസ്റ്റ് ചെയ്ത കേസിൽ, ഉത്തരമേഖലാ എക്സൈസ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പതിനൊന്ന് പ്രതികളെ കണ്ടെത്തിയത്.
2021 സെപ്റ്റംബർ 17 തീയതി യാണ് കേസ്സിനാസ്പദമായ സംഭവം നടക്കുന്നത്. നിലമ്പൂർ കൂറ്റമ്പാറയിൽ വച്ച് എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജൻസ്, നിലമ്പൂർ എക്സൈസ് സർക്കിൾ, റെയിഞ്ച് ഓഫീസുകൾ എന്നിവിടങ്ങളിലെ ഇരുപതോളം ജീവനക്കാർ എക്സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷഫീഖ്, നിതിൻ K.V., ഷിജു മോൻ എന്നിവരുടെ നേതൃത്വത്തിൽ കൂറ്റമ്പാറയിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം കഞ്ചാവും ഹാഷിഷ് ഓയിലും സഹിതം കൂറ്റമ്പാറ സ്വദേശികളായ വടക്കുമ്പാടം വീട്ടില്‍ അബ്ബാസ് മകന്‍ 24 വയസുള്ള അബ്ദുൽ ഹമീദ്, ഓടയ്ക്കൽ വീട്ടിൽ സവാദ് മകന്‍ 32 വയസുള്ള അലി,, കല്ലുടുംബൻ വീട്ടിൽ യുസഫ് മകന്‍ 36 വയസുള്ള ജംഷാദ്, ഇല്ലിക്കാട് ദേശം കളത്തില്‍ വീട്ടില്‍ മുഹമ്മദ് മകന്‍ 4൦ വയസുള്ള ഷറഫുദ്ദീൻ എന്നിവരെ പിടികൂടിയത്.
തുടർന്ന് ലഹരിയുടെ ഉറവിടം തേടി എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ R.N. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന സംഘത്തിലെ അമരമ്പലം പൊടിയാട്ടുവീട്ടിൽ വേണുഗോപാലന്‍ മകന്‍ 27 വയസുള്ള വിഷ്ണു, ഗൂഡല്ലൂർ സ്വദേശികളായ ‘സാഫി’ എന്ന് വിളിക്കുന്ന അബ്ദുല്‍ റഹ്മാന്‍ മകന്‍ 34 വയസുള്ള സക്കീര്‍ അഹമ്മദ്, ഗുഡല്ലൂര്‍ സ്വദേശിയായ സയ്യിദ് മകന്‍ 35 വയസ്സുള്ള ശിഹാബുദ്ദിന്‍, പോത്തുകല്ല് സ്വദേശി ‘പുള്ളിമാൻ’ എന്ന് വിളിക്കുന്ന മഠത്തിൽ അഹമ്മദ്കുട്ടി മകന്‍ 32 വയസുള്ള റഫീഖ് എന്നിവരെയും ഇവർക്ക് സ്ഥിരമായി കഞ്ചാവ് കടത്താൻ വാഹനം നൽകി സഹായിച്ചിരുന്ന ഗുഡല്ലൂർ സ്വദേശിയായ മുഹമ്മദലി മകന്‍ 38 വയസുള്ള അബ്ദുള്‍ നിസാർ, പണം നൽകി കഞ്ചാവിന് കാത്തിരുന്ന കാളികാവ് ചാഴിയോട് സ്വദേശി യുസഫ് മകന്‍ 34 വയസുള്ള ‘കുണ്ടറാവു മുത്തു’ എന്ന സൈഫുദ്ദീൻ എന്നിവരെയും അറസ്റ്റ് ചെയ്തു. പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെത്തന്നെ സമയബന്ധിതമായി കുറ്റപത്രം തയ്യാറാക്കി ബഹു കോടതി മുമ്പാകെ സമർപ്പിച്ചിരുന്നു.. കുറ്റകൃത്യത്തിൽ എല്ലാവർക്കും തുല്യ പങ്കാളിത്തം നിരീക്ഷിച്ച കോടതി പ്രതികൾക്കെല്ലാം 15 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. ഒളിവിലായിരുന്ന രണ്ടാം പ്രതി കല്ലായി വീട്ടില്‍ അമീര്‍ മകന്‍ 33 വയസുള്ള അബ്ദുള്‍ സൽമാനെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പ്രത്യേക കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കും.
എറണാകുളം ആസ്ഥാനമാക്കി 2019 ല്‍ പ്രവർത്തനമാരംഭിച്ച എക്സൈസ് ക്രൈം ബ്രാഞ്ച്, ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ജി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ മൂന്നു സോണുകളിലായി 91 കേസ്സുകളുടെ അന്വേഷണം ഏറ്റെടുക്കുകയും 57 കേസ്സുകളില്‍ അന്വേഷണം പൂർത്തി യാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. മേജര്‍ NDPS, അബ്കാരി കേസ്സുകളുടെയും സാമ്പത്തിക വിനിമയമടക്കം അന്തർസംസസ്ഥാന ബന്ധങ്ങളുള്ള സുപ്രധാന കേസ്സുകളാണ് പ്രധാനമായും എക്സൈസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. NDPS കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി, ഇനിയും ഇത്തരത്തിലുള്ള ഒരു കൊമേഴ്സിൽ ക്വാണ്ടിറ്റി മയക്കുമരുന്ന് കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ വധശിക്ഷ വരെ നൽകാൻ NDPS നിയമം വകുപ്പ് 31(A) പ്രകാരം സാധിക്കും.
ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടറോടൊപ്പം സുധീർ. കെ, സുഗന്ധകുമാർ, സജീവ്. പി ജിബിൽ. എ, രാജേഷ്. എൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വക്കറ്റ് അബ്ദുൽ സത്താർ തലാപ്പിൽ, അഡ്വക്കേറ്റ് ടോം കെ. തോമസ് എന്നിവർ ഹാജരായി. ലൈസൺ ഓഫീസർമാരായ പ്രിവേന്റീവ് ഓഫീസർ ആസിഫ് ഇക്ബാൽ, ശങ്കരനാരായണൻ കെ. എന്നിവർ കേസ് നടത്തിപ്പുകളുടെ ചുമതല വഹിച്ചു.
Comments (0)