പി.വി അൻവർ എം.എൽ.എ യുടെ അനധികൃത കെട്ടിടം, സർക്കാർ ഒളിച്ചുകളി തുടരുന്നു- COVER STORY INVESTIGATION
കൊച്ചി: ദേശസുരക്ഷയെ വെല്ലുവിളിച്ച് നിര്‍മ്മിച്ച സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വറിന്റെ എടത്തലയിലെ ഏഴുനില കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിച്ച ബില്‍എബോങ് ഹൈ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നാവികസസേന പൂട്ടിച്ചു. കേന്ദ്ര സര്‍ക്കാര്‍ കരിംപട്ടികയില്‍പ്പെടുത്തിയ അന്‍വറിന്റെ കമ്പനി സുരക്ഷാനിയമം ലംഘിച്ച് സുരക്ഷാ മേഖലയില്‍ കെട്ടിടം പണിയുന്നതായി കാണിച്ച് നാവികസേന നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച സ്‌കൂളും പൂട്ടിച്ചത്. എട്ടുമാസം പ്രവര്‍ത്തിച്ച ശേഷമാണ് കുട്ടികളുടെയടക്കം സുരക്ഷ മുന്‍നിര്‍ത്തി നാവികസേന സ്‌കൂള്‍ തന്നെ പൂട്ടിച്ചത്.
നാവികസേനയുടെ ആയുധസംഭരണ കേന്ദ്രമായ എന്‍.എ.ഡി (നേവല്‍ ആര്‍മമന്റ് ഡിപ്പോ) സുരക്ഷാമേഖലയായി പ്രതിരോധ ഗസ്റ്റ് വിജ്ഞാപന പ്രകാരം പ്രഖ്യാപിച്ച അതീവ സുരക്ഷാ പ്രദേശത്ത് നിയമവിരുദ്ധമായി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പീവീആര്‍ റിയല്‍റ്റേഴ്‌സിന്റെ കെട്ടിടത്തിലാണ് യാതൊരു അനുമതികളുമില്ലാതെ സ്‌കൂള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. കെട്ടിട നിര്‍മ്മാണം അടിയന്തിരമായി തടയണമെന്നാവശ്യപ്പെട്ട് എന്‍.എ.ഡി ചീഫ് ജനറല്‍ മാനേജര്‍ ഏറണാകുളം ജില്ലാ കളക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും കത്തയച്ചിരുന്നു. തുടര്‍ന്നാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടത്. നാവികസേനയുടെ പഴയ ആയുധങ്ങള്‍ നശിപ്പിക്കുകയും പുതിയവ പരീക്ഷിക്കുകയും ചെയ്യുന്ന തന്ത്രപ്രധാനമായ സ്ഥലമാണ് എടത്തലയിലെ എന്‍.എ.ഡി. ഇതിനോട് ചേര്‍ന്ന് 100 മീറ്റര്‍ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചതാണ്. ഇവിടെ കെട്ടിട നിര്‍മ്മാണത്തിന് എന്‍.എ.ഡി (നേവല്‍ ആര്‍മമന്റ് ഡിപ്പോ) യുടെ അനുമതി വേണം. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് കെട്ടിടം പണിതത്. ബില്‍എബോങ് ഇന്റര്‍ നാഷണല്‍ സ്‌കൂളിന് കെട്ടിട നമ്പര്‍ നല്‍കുകയോ അനുമതി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രപകാരം എടത്തല ഗ്രാമപഞ്ചായത്ത് മറുപടി നല്‍കിയിട്ടുണ്ട്. ലക്ഷങ്ങള്‍ ഫീസുവാങ്ങുന്ന സ്‌കൂള്‍ യാതൊരു അനുമതിയുമില്ലാതെ നാവികസേനയുടെ സുരക്ഷാമേഖലയില്‍ നിയമം ലംഘിച്ചാണ് എട്ടു മാസം പ്രവര്‍ത്തിപ്പിച്ചത്. നാവികസേന പൂട്ടിച്ചതോടെ ഇവിടുത്തെ കുട്ടികളെ ബില്ലബോങിന്റെ കൊച്ചിയിലെ സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കമ്പനീകാര്യ രജിസ്ട്രാര്‍ നേരത്തെ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയാണ് പിവീആര്‍ റിയല്‍റ്റേഴ്‌സ്.



Author Coverstory


Comments (0)