പാലാരിവട്ടം പാലത്തില്‍ പുനര്‍നിര്‍മാണ ഭാഗമായി ഗര്‍ഡറുകള്‍ സ്ഥാപിച്ചുതുടങ്ങി

പാലാരിവട്ടം പാലത്തില്‍ പുനര്‍നിര്‍മാണ ഭാഗമായി ഗര്‍ഡറുകള്‍ സ്ഥാപിച്ചുതുടങ്ങി

കൊച്ചി: പാലാരിവട്ടം പാലത്തില്‍ പുനര്‍നിര്‍മാണ ഭാഗമായി ഗര്‍ഡറുകള്‍ സ്ഥാപിച്ചുതുടങ്ങി. ഡി.എം.ആര്‍.സിയുടെ കളമശ്ശേരി യാര്‍ഡില്‍ പണിത കൂറ്റന്‍ ഗര്‍ഡറുകള്‍ ലോറികളില്‍ എത്തിച്ചാണ്​ പാലത്തില്‍ സ്ഥാപിച്ചത്​. വ്യാഴാഴ്​ച അര്‍ധരാത്രിയോടെ ആദ്യ ഗര്‍ഡര്‍ പിയര്‍ ക്യാപ്പുകളില്‍ ഉറപ്പിച്ചു. ഗര്‍ഡറുകള്‍ ഉയര്‍ത്തുന്നത്​ ഗതാഗത തടസ്സത്തിന്​ കാരണമാകുമെന്നതിനാലാണ് ജോലി രാത്രിയിലേക്ക് മാറ്റിയത്. ഒൻപത് തൂണുകള്‍ കോണ്‍ക്രീറ്റ് ജാക്കറ്റിങ് നടത്തി ബലപ്പെടുത്തി. നാലു പിയര്‍ക്യാപ്പുകള്‍ പൂര്‍ണമായി പൊളിച്ചുമാറ്റി പുനര്‍നിര്‍മിച്ചു. ആദ്യഘട്ടത്തില്‍ നാലു സ്​പാനുകള്‍ക്കുവേണ്ടി 24 ഗര്‍ഡറുകളാണ് സ്​ഥാപിക്കുക. കളമശ്ശേരി യാര്‍ഡില്‍ 30 ഗര്‍ഡറുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
 ആകെ വേണ്ടത് 102 ഗര്‍ഡറുകളാണ്. പാലത്തിലെ പൊളിക്കലും ഗര്‍ഡറുകളുടെ നിര്‍മാണവുമെല്ലാം 57 ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയത് നേട്ടമായെന്ന വിലയിരുത്തലിലാണ്​ ഡി.എം.ആര്‍.സി. മേയില്‍ പുതിയ പാലം തുറന്നുനല്‍കാനാകുമെന്നാണ് കരുതുന്നത്. പാലത്തി​ന്‍െറ 19 സ്​പാനുകളില്‍ 17 എണ്ണമാണ്​ പൊളിച്ചുമാറ്റിയത്​. ഇനി മധ്യത്തിലേത്​ ഉള്‍പ്പെടെ രണ്ട്​ സ്​പാനുകളുടെ നാല്​ പിയര്‍ക്യാപ്പുകള്‍ പൊളിക്കുന്ന ജോലി ഡിസംബര്‍ പത്തോടെ ആരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്​ട്​ കോഓപറേറ്റീവ്​ സൊസൈറ്റിക്കാണ് പാലം​ പുനര്‍നിര്‍മാണ കരാര്‍.