നാവികസേനയ്ക്ക് ഇന്ത്യന്‍ പൈതൃകം സൂചിപ്പിക്കുന്ന പുതിയ പതാക
കൊച്ചി : ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക. ചുവന്ന ക്രോസ് ഉള്ള വെള്ള പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ദേശീയ പതാക ആലേഖനം ചെയ്ത നാവിക പതാകയാണ് ഇന്ത്യന്‍ നാവിക സേന ഉപയോഗിക്കുന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ പൊതുവായി ഇതേ മാതൃകയിലുള്ള നാവിക പതാകയാണ് ഉപയോഗിച്ചിരുന്നത്. 2001 ല്‍ നാവിക പതാകയില്‍ മാറ്റം വരുത്തി. ബ്രിട്ടിഷ് പൈതൃകത്തിന്റെ ഭാഗമായി കരുതുന്ന 'ചുവന്ന ക്രോസ്' എടുത്തു കളഞ്ഞു. എന്നാല്‍, 2004 ല്‍ പഴയ പതാക ചെറിയ ഭേദഗതികളോടെ തിരികെ കൊണ്ടു വന്നു. ചുവന്ന ക്രോസിന്റെ മധ്യത്തില്‍ അശോക സ്തംഭം കൂടി ആലേഖനം ചെയ്ത രീതിയിലേക്കാണു പതാക മാറിയത്. 2014 ല്‍ വീണ്ടും ചെറിയ മാറ്റം വരുത്തി. അശോക സ്തംഭത്തിനൊപ്പം ദേവനാഗരി ലിപിയില്‍ 'സത്യമേവ ജയതേ' എന്നു കൂടി ചേര്‍ത്തു. ഈ പതാകയ്ക്കു പകരമാണു ഇന്ത്യന്‍ പൈതൃകം സൂചിപ്പിക്കുന്ന പുതിയ പതാക. കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്യുന്നത് ഇന്ത്യന്‍ പൈതൃകം സൂചിപ്പിക്കുന്ന പുതിയ നാവിക പതാകയായിരിക്കും.
Comments (0)