ഇന്ന് വിനായക ചതുര്‍ത്ഥി ; രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങള്‍
പരമ ശിവന്റെയും പാര്‍വ്വതി ദേവിയുടെയും പുത്രനായ മഹാഗണപതിയുടെ ജന്മദിനമാണ് വിനായക ചതുര്‍ത്ഥി (ഗണേശ ചതുര്‍ത്ഥി). ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് ഗണേശപൂജയ്ക്ക് ഏറ്റവും അനുയോജ്യമായ ദിവസമാണ് ഇന്ന്. കേരളത്തിനു പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. പാര്‍വതി ദേവി ഗണപതിയെ ചന്ദനം കൊണ്ട് നിര്‍മ്മിക്കുകയും ദേവി കുളിക്കുമ്‌ബോള്‍ പ്രവേശന കവാടത്തിന് കാവല്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതായുമാണ് പുരാണങ്ങളില്‍ പറയുന്നത്. എന്നാല്‍, ശിവന്‍ അവിടേക്ക് പ്രവേശിക്കാന്‍ തുനിഞ്ഞപ്പോള്‍ ഗണപതി അദ്ദേഹത്തെ പ്രവേശന കവാടത്തില്‍ വച്ച് തടയുകയും, കോപിഷ്ഠനായ ശിവ ഭഗവാന്‍ ഗണപതിയുടെ തല വെട്ടുകയും ചെയ്തു. ഇത് കണ്ട് നടുങ്ങിയ പാര്‍വ്വതി ദേവിയെ കണ്ട് മനസ്സലിഞ്ഞ ശിവന്‍ കുഞ്ഞ് ഗണേശനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നല്‍കി. ഗണേശന്റെ ശരീരത്തില്‍ നിന്ന് അറുത്ത് മാറ്റിയ തലയ്ക്ക് പകരം വയ്ക്കാന്‍ തക്കവണ്ണം ഒരു തല ആദ്യം കാണുന്ന ജീവിയില്‍ നിന്നെടുക്കുവാന്‍ അദ്ദേഹം തന്റെ അനുയായികളോട് നിര്‍ദ്ദേശിച്ചു. അദ്ദേഹത്തിന്റെ അനുയായികള്‍ (ഗണങ്ങള്‍) ഒരു ആനയുടെ തലയുമായിട്ടാണ് തിരിച്ചുവന്നത്. അങ്ങനെയാണ് ഗണപതി ജീവിതത്തിലേക്ക് തിരികെയെത്തിയത്. അപ്പോള്‍ ശിവന്‍ അദ്ദേഹത്തെ ഗണങ്ങളുടെ നേതാവായി ഗണപതി എന്ന് നാമകരണം ചെയ്തു എന്നാണ് ഐതിഹ്യം.
Comments (0)