മൃഗങ്ങളോടുപോലും ചെയ്യാത്ത ക്രൂരത വൃദ്ധമാതാപിതാക്കളോട്‌!

മൃഗങ്ങളോടുപോലും ചെയ്യാത്ത ക്രൂരത വൃദ്ധമാതാപിതാക്കളോട്‌!

മുണ്ടക്കയം : വയോധികരായ മാതാപിതാക്കളെ ആഴ്‌ചകളോളം മുറിയില്‍ പൂട്ടിയിട്ട്‌ മകന്റെ കൊടുംക്രൂരത. ഭക്ഷണവും വെള്ളവും കിട്ടാതെ പിതാവ്‌ മരണത്തിനു കീഴടങ്ങിയതിനേത്തുടര്‍ന്ന്‌ മനോനില തെറ്റിയ മാതാവിനെ ജനപ്രതിനിധികളും പോലീസും ചേര്‍ന്ന്‌ ആശുപത്രിയിലാക്കി. കോട്ടയം, മുണ്ടക്കയത്തിനു സമീപം അസംബനിയിലാണു മൃഗങ്ങളോടുപോലും ചെയ്യാത്ത ക്രൂരത മകന്‍ മാതാപിതാക്കളോടു കാട്ടിയത്‌.
അസംബനി തൊടിയില്‍ പൊടിയനും (80), ഭാര്യ അമ്മിണി(76)യുമാണ്‌ ഇളയമകന്റെ പീഡനത്തിനിരയായത്‌. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍പോയ റെജിയെ പോലീസ്‌ തെരയുന്നു. കഴിഞ്ഞദിവസം ആശാ വര്‍ക്കര്‍മാരും പാലിയേറ്റീവ്‌ കെയര്‍ അംഗങ്ങളും വീട്ടിലെത്തിയപ്പോഴാണു വയോധികദമ്ബതികളുടെ നരകതുല്യജീവിതം പുറത്തറിഞ്ഞത്‌. കൂലിപ്പണിക്കാരായ ദമ്ബതികള്‍ വര്‍ഷങ്ങളായി മകന്‍ റെജിക്കൊപ്പമായിരുന്നു താമസം. പ്രായാധിക്യം മൂലം അസുഖബാധിതരായതോടെ ഇരുവര്‍ക്കും പണിക്കുപോകാന്‍ കഴിയാതായി. സ്‌ഥിരം മദ്യപനായ റെജി മാതാപിതാക്കള്‍ക്കു ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ല. ഇയാള്‍ കൂലിപ്പണിക്കു പോകുമ്ബോള്‍ ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്താതിരിക്കാന്‍ നായയെ മുറ്റത്തു കെട്ടിയിരുന്നു.

സംശയം തോന്നിയ നാട്ടുകാര്‍ ജനപ്രതിനിധി സിനിമോള്‍ തടത്തിലിനെ വിവരമറിയിച്ചു. തുടര്‍ന്ന്‌, ആശാ വര്‍ക്കര്‍മാരും പാലിയേറ്റീവ്‌ കെയര്‍ അംഗങ്ങളും സ്‌പെഷല്‍ ബ്രാഞ്ച്‌ പോലീസ്‌ ഉദ്യോഗസ്‌ഥരും വീട്ടിലെത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത രതീഷ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം പി.കെ. പ്രദീപ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഖാ ദാസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ദമ്ബതികളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്‌ഥയിലായിരുന്ന പൊടിയന്‍ മരിച്ചു. മാനസികനില തെറ്റിയ അമ്മിണി കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പൊടിയന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം വരിക്കാനി ദേവയാനം പൊതുശ്‌മശാനത്തില്‍ സംസ്‌കരിച്ചു.